ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്; ഗള്‍ഫ് ഐക്യം ചര്‍ച്ച ചെയ്യാന്‍ സൗദി മന്ത്രി ദോഹയില്‍
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദിയിലേക്ക് ക്ഷണിച്ച് സല്‍മാന്‍ രാജാവ്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാകുന്നു എന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു. 2017ല്‍ സൗദി സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഖത്തറിനെതിരായ ഉപരോധം കഴിഞ്ഞ ജനുവരിയില്‍ പിന്‍വലിച്ചിരുന്നു. പിന്നീട് ഘട്ടങ്ങളായി സഹകരണം ശക്തമാക്കവെയാണ് സൗദി രാജാവിന്റെ ക്ഷണം. ഇതോടെ ഗള്‍ഫിലെ മറ്റു രാജ്യങ്ങളും ഖത്തറുമായി കൂടുതല്‍ അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ പോയിരുന്നു. സമാധാന ഉടമ്പടി ഈ ഉച്ചകോടിയിലാണ് ഒപ്പുവച്ചത്. എന്നാല്‍ അന്ന് സൗദി രാജാവുമായി കാണാന്‍ ഖത്തര്‍ അമീറിന് സാധിച്ചിരുന്നില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് അന്ന് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്.
ഇപ്പോള്‍ സൗദിയില്‍ നിന്ന് ക്ഷണക്കത്ത് വന്നിരിക്കുകയാണ്. ഇക്കാര്യം അമീറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഖത്തര്‍ അമീര്‍ സൗദിയിലേക്ക് പോകുന്നത് സംബന്ധിച്ച വിവരങ്ങള്‍ വന്നിട്ടില്ല. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഖത്തറില്‍ വന്നിരുന്നു. അദ്ദേഹമാണ് സൗദി രാജാവിന്റെ ക്ഷണക്കത്ത് അമീറിന് കൈമാറിയത്. ഗള്‍ഫ് ഐക്യം ചര്‍ച്ച ചെയ്യാനാണ് സൗദി വിദേശകാര്യമന്ത്രി ഖത്തറില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാതിര്‍ത്തി അടുത്തിടെ തുറന്നിരുന്നു. വിമാന യാത്രയും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications