പ്രധാനമന്ത്രിയുടെ വീട്ടില്‍ അരിവെച്ച് പ്രതിഷേധക്കാര്‍, ശ്രീലങ്കയില്‍ അമ്പരപ്പിക്കുന്ന കാഴ്ച്ച
കൊളംബോ: പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വീട് കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ അമ്പരപ്പിക്കുന്ന കാഴ്ച്ചയാണ് ടെമ്പിള്‍ ട്രീ എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്നിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഇതിനുള്ളില്‍ ക്യാമ്പ് ചെയ്യുകയാണ്. അത് മാത്രമല്ല ഇതിനുള്ളില്‍ അരിവെപ്പും തുടങ്ങി. ഭക്ഷണ സാധനങ്ങളെല്ലാം കൊളംബോയിലെ ഈ വീട്ടില്‍ വെച്ചാണ് പാചകം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് രജപക്‌സെയുടെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചെത്തിയിരുന്നു. അവിടെ അടുക്കളയില്‍ ഇരുന്ന ഭക്ഷണ സാധനങ്ങള്‍ ഇവര്‍ എടുത്ത് കഴിക്കുകയും, പൂളില്‍ നീന്തി കുളിക്കുകയുമൊക്കെ ചെയ്തിരുന്നു.

ഞങ്ങള്‍ പ്രതിഷേധക്കാരാണ്. ഇവിടെ ഞങ്ങള്‍ പാചകം തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിുടെ ഉള്ളിലാണ് ഞങ്ങള്‍ എന്ന് ഒരു പ്രതിഷേധക്കാരന്‍ പറഞ്ഞു. പ്രധാനമന്ത്രി വിക്രസിംഗെയുടെയും പ്രസിഡന്റ് രജപക്‌സെയുടെയും രാജിക്കായി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് ഇയാള്‍ പറയുന്നു. അവര്‍ സ്വമേധയാ രാജിവെച്ചാല്‍ മാത്രമേ ഞങ്ങള്‍ ഈ വസതി വിട്ട് പുറത്തേക്ക് പോവൂ എന്നും ഇയാള്‍ വ്യക്തമാക്കി. ഈ വീട്ടിനുള്ളില്‍ കാരം ബോര്‍ഡ് കളിക്കുന്നതും, പ്രതിഷേധക്കാര്‍ കിടക്കുന്നതും, അങ്ങോട്ടും ഇങ്ങോട്ടും വീട്ടിനുള്ളില്‍ നടക്കുന്നതും കാണാം. നിരവധി പ്രതിഷേധക്കാരാണ് ഇവിടെയുള്ളത്.
അതേസമയം പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വീട്ടില്‍ മോക് ക്യാബിനറ്റ് യോഗം സംഘടിപ്പിക്കുകയും ചെയ്തു. ഐഎംഎഫുമായി ചര്‍ച്ചകള്‍ നടത്തി രജപക്‌സെ സര്‍ക്കാരിനെ പരിഹസിക്കുന്നതായിരുന്നു മറ്റൊരു പ്രധാന പരിപാടി. മോക് ക്യാബിനിറ്റില്‍ വിക്രമസിംഗെയുടെ വീട് ആക്രമിച്ചതിനെ കുറിച്ചും സംസാരമുണ്ടായി. പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്ന വിദേശിയുമായി ചര്‍ച്ചയാണ് ഐഎംഎഫുമായി നടക്കുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞത്. രാജ്യത്ത് രജപക്‌സെ കുടുംബത്തിന്റെ ഭരണം ഇനി വേണ്ടെന്ന നിലപാടിലാണ് ജനങ്ങള്‍. ശ്രീലങ്കന്‍ പാര്‍ട്ടികള്‍ സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
രജപക്‌സെ രാജിവെച്ചാല്‍ ആ നിമിഷം സര്‍ക്കാരുണ്ടാക്കാനാണ് തീരുമാനം. അമേരിക്ക ശ്രീലങ്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്കുമെതിരെയുള്ള ആക്രമണത്തെ അപലപിക്കുന്നതായും യുഎസ് പറഞ്ഞു. അതേസമയം ജനങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കരുതെന്ന് മാര്‍പ്പാപ്പ ശ്രീലങ്കയിലെ നേതാക്കളോട് ആവശ്യപ്പെട്ടു. യൂറോപ്പ്യന്‍ യൂണിയനും ശ്രീലങ്കയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ പരിശോധിക്കുന്നുണ്ട്. 70 വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയിലുള്ളത്.












Click it and Unblock the Notifications