തായ്‌വാന്‍: ചൈനീസ് നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക, കുതിച്ചെത്തി യുദ്ധക്കപ്പലുകള്‍
തായ്‌വാനിനടുത്ത് നാവിക കപ്പലുകള്‍ സ്ഥാപിച്ചുകൊണ്ട് അമേരിക്കയുടേയും ചൈനയുടേയും ശക്തി പ്രകടനം. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയിൽ രോഷം ആളിക്കത്തിച്ചത്തിന്റെ കൂടെ പശ്ചാത്തലത്തിലാണ് പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLAN) ചൈനയെയും തായ്‌വാനെയും വേർതിരിക്കുന്ന തായ്‌വാൻ കടലിടുക്കിന് സമീപം സൈനിക അഭ്യാസം ആരംഭിച്ചിരുന്നു. ഇതോടയാണ് ഒരു പ്രതിരോധമെന്ന നിലയിൽ, യുഎസ് തങ്ങളുടെ യുദ്ധക്കപ്പലുകൾ തായ്‌വാന് കിഴക്ക് വിന്യസിച്ചത്.
തെക്കുകിഴക്കൻ ചൈനയുടെ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള തായ്‌വാനെ നിലവിലെ സാഹചര്യത്തില്‍ യുഎസിന്റെയും ചൈനയുടെയും യുദ്ധക്കപ്പലുകൾ വളഞ്ഞിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ചൈനയുടെ വിമാനവാഹിനിക്കപ്പലായ ഷാൻഡോങ് (CV-17) പെലോസിയുടെ സന്ദർശന ദിവസമാണ് സന്യ നാവിക താവളത്തിൽ നിന്നും പുറപ്പെട്ടത്, ലിയോണിംഗ്-001 എന്ന കപ്പല്‍ ക്വിംഗ്‌ദാവോയിലെ ഹോം ബേസിൽ നിന്നാണ് തായ്വാന്‍ ലക്ഷ്യമാക്കി നീങ്ങിയത്.

അതേസമയം, ഓഗസ്റ്റ് 2 ന് പെലോസി രാജ്യത്ത് എത്തിയപ്പോൾ തന്നെ 21 ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിച്ചതായി തായ്‌വാൻ അവകാശപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടിയായി, തായ്‌വാൻ വ്യോമാക്രമണങ്ങളും മോക്ക് മിസൈൽ അലേർട്ടുകളും പോലുള്ള അഭ്യാസങ്ങൾ നടത്തുന്നുണ്ട്. ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ യുഎസ് നാവികസേന "പതിവ് വിന്യാസങ്ങൾ" എന്ന് വിശേഷിപ്പിച്ചുകൊണ്ട് തായ്‌വാന്റെ കിഴക്ക് ഒരു വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാല് യുദ്ധക്കപ്പലുകൾ വിന്യസിച്ചത്. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് അമേരിക്ക, യുഎസ്എസ് എസെക്സ് എന്നിവയാണ് നാല് യുഎസ് യുദ്ധക്കപ്പലുകൾ.
അതേസമയം, തായ്‌വാൻ പെലോസിക്ക് ആതിഥേയത്വം വഹിച്ചത് ധിക്കാരപരമായ നടപടിയെന്നായിരുന്നു ചൈനയുടെ പ്രതികരണം. സന്ദർശനത്തിനുള്ള പ്രതികാരമായി ദ്വീപിന്റെ തീരത്തോട് അപകടകരമായി അടുത്ത് സൈനികാഭ്യാസത്തിന് ചൈന തയ്യാറെടുക്കുന്നുമുണ്ട്. ചൈനയുടെ ഭീഷണി വകവെക്കാതെയായിരുന്നു പെലോസി ചൊവ്വാഴ്ച തായ്‌വാനിൽ ഇറങ്ങിയത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിൽ ഒന്നായ തായ്‌വാൻ തീരത്തിന് തൊട്ടുതാഴെയുള്ള കടലിലാണ് ചൈനയുടെ സൈനികാഭ്യാസം. "ആവശ്യവും നീതിയുക്തവുമായ" സൈനിക അഭ്യാസങ്ങളാണെന്നാണ് ചൈന പ്രതികരിച്ചത്. "പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള നിലവിലെ പോരാട്ടത്തിൽ, അമേരിക്ക പ്രകോപനക്കാരാണ്, ചൈനയാണ് ഇര," ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.












Click it and Unblock the Notifications