പിന്‍തിരിഞ്ഞോടി അഫ്ഗാന്‍ സൈന്യം... മൂന്നാമത്തെ വൻ നഗരവും താലിബാന്റെ കൈയ്യില്‍; ഹെറാത്തില്‍ സംഭവിച്ചത്...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ മേഖലകള്‍ കീഴ്‌പ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ ഒരുവഴിയ്ക്ക് മുന്നോട്ട് പോയിക്കൊണ്ടിരിക്കവേ ആണ് താലിബാന്‍ വീണ്ടും വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്.
രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത് നഗരമാണ് താലിബാന്‍ പിടിച്ചടക്കിയിരിക്കുന്നത്. താലിബാന്‍ കീഴടക്കുന്ന പതിനൊന്നാമത്തെ പ്രവിശ്യാ തലസ്ഥാനം കൂടിയാണ് ഹെറാത്ത്. അതിലുമുപരി, ചരിത്രപരമായ പ്രത്യേകതകളും ഹെറാത്തിനുണ്ട്. 2001 ന് ശേഷം അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചാണ് താലിബാന്റെ ഓരോ നീക്കങ്ങളും. ഇതില്‍ ഒരു ഒത്തുതീര്‍പ്പിന് അവര്‍ തയ്യാറാകില്ലെന്ന സൂചനയാണ് ഓരോ മേഖലയിലേയും തുടരുന്ന യുദ്ധവും വെളിപ്പെടുത്തുന്നത്.
കിടിലം മേക്ക്ഓവറിൽ പ്രിയമണി; ഫൊട്ടോഷൂട്ട് വൈറൽ

താലിബാന്‍ ആക്രമണം ചെറുക്കാനാകാതെ അഫ്ഗാനിസ്ഥാന്‍ സൈന്യം പിന്തിരിഞ്ഞോടുന്ന കാഴ്ചയാണ് ഹെറാത്ത് നഗരത്തില്‍ കണ്ടത്. ദിവസങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ നഗരം താലിബാന്‍ കീഴടക്കിയിരിക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ യുദ്ധത്തില്‍ താലിബാന്‍ നേടിയ ഏറ്റവും വലിയ വിജയമായിട്ടാണ് ഹെറാത്ത് കീഴടക്കിയതിനെ വിശേഷിപ്പിക്കുന്നത്.

ബിസി അഞ്ഞൂറാമാണ്ടില്‍ നിര്‍മിച്ച അതിപുരാതന പള്ളിയിലേക്ക് താലിബാന്‍ ഇരച്ചുകയറുകയായിരുന്നു എന്നാണ് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെറാത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എല്ലാം താലിബാന്‍ കീഴടക്കി. അതിനിടെ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ നിന്ന് വലിയതോതില്‍ വെടിയൊച്ച ഉയര്‍ന്നതായും ദൃക്‌സാക്ഷികലെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തങ്ങള്‍ക്ക് നഗരത്തില്‍ നിന്ന് പിന്തിരിഞ്ഞോടുകയല്ലാതെ മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല എന്നാണ് ഒരു മുതിര്‍ന്ന സുരക്ഷാ സേന ഉദ്യോഗസ്ഥന്‍ പറഞ്ഞത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം എന്നാണ് വിശദീകരണം. ഒരാഴ്ചയ്ക്കുള്ളില്‍ താലിബാന്‍ കീഴടക്കുന്ന പതിനൊന്നാമത്തെ പ്രവിശ്യാ തലസ്ഥാനമായി ഹെറാത്ത് മാറിയിരിക്കുകയാണ് ഇപ്പോള്‍.

ഇതിനിടെ മറ്റൊരു അവകാശവാദവും താലിബാന്‍ ഉന്നയിച്ചിട്ടുണ്ട്. ഹെറാത്തില്‍ സൈനികര്‍ ആയുധം വച്ച് കീഴടങ്ങിയെന്നും അവര്‍ താലിബാനില്‍ ചേര്‍ന്നു എന്നും ആണ് പറയുന്നത്. താലിബാന്‍ വക്താവ് തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാരോ സൈന്യമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഗസ്‌നി നഗരം കൂടി കഴിഞ്ഞ ദിവസം താലിബാന്‍ കീഴടക്കിയിരുന്നു. രാജ്യ തലസ്ഥാനമായ കാബൂളില്‍ നിന്ന് വെറും 150 കിലോമീറ്റര്‍ മാത്രം അകലെയാണ് ഗസ്‌നി നഗരം. ഇത് അഫ്ഗാന്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാക്കിയിരുന്നു. അതിന് പിറകെയാണ് ഇപ്പോള്‍ ഹെറാത്തും താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നത്. ഗസ്‌നി പിടിച്ചതോടെ കാബുളിലേക്കുള്ള പ്രധാന ഹൈവേയും താലിബാന്റെ അധീനതയില്‍ ആയിരിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളിലാണ് താലിബാന്‍ ഇത്തരത്തിലുള്ള വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് സൈന്യത്തെ ശരിക്കും ഭയപ്പെടുത്തുന്നുണ്ട്. പലകോണുകളില്‍ ഒരേസമയം യുദ്ധം നടക്കുന്നതിനാല്‍ അവശേഷിക്കുന്ന സൈന്യവും ചിതറിക്കിടക്കുകയാണ്.

അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ ഒന്ന് ഭാഗവും ഇപ്പോള്‍ താലിബാന്റെ അധീനതയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ മേഖലകളിലേക്ക് അവര്‍ കടന്നുചെന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് താലിബാന് സ്വാധീനമില്ലാതിരുന്ന ഇടങ്ങളിലും അവര്‍ ശക്തി തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. എത്രനാള്‍ ഇനിയും പിടിച്ചുനില്‍ക്കും എന്ന ആശങ്ക അഫ്ഗാന്‍ സര്‍ക്കാരിനുണ്ട്.

ഖത്തര്‍ കേന്ദ്രീകരിച്ച് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. അധികാരം പങ്കിടാന്‍ തയ്യാറാണെന്ന വാഗ്ദാനം ഈ ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താലിബാന്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ അധികാരം പങ്കിട്ടുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിന് അവര്‍ തയ്യാറായേക്കില്ല എന്നാണ് സൂചനകള്‍. സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്ക പ്രത്യേക ദൂതനേയും അയച്ചിട്ടുണ്ട്.

വെറും നാല് വര്‍ഷം കൊണ്ടാണ് താലിബാന്‍ വലിയ മുന്നേറ്റം അഫ്ഗാനില്‍ സൃഷ്ടിച്ചിരിക്കുന്നത്. 2017 ല്‍ താലിബാന് സ്വാധീനമുണ്ടായിരുന്നത് വളരെ ചെറിയ പ്രദേശങ്ങളില്‍ മാത്രമായിരുന്നു. എന്നാലിപ്പോള്‍ രാജ്യത്തിന്റെ മൂന്നിലൊന്നും കൈപ്പിടിയില്‍ ഒതുക്കാന്‍ താലിബാന് സാധിച്ചത് കൃത്യമായ പദ്ധതികളോടെ തന്നെ ആയിരുന്നു എന്ന് വേണം വിലയിരുത്താന്‍.

അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സൈനിക സാന്നിധ്യം ശക്തമായി ഉണ്ടായിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് താലിബാന്‍ ഇപ്പോഴത്തെ യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നു എന്ന പ്രഖ്യാപനം വന്നതിന് പിറകെ ആയിരുന്നു അവര്‍ ആക്രണം ശക്തമാക്കിയത്. ഓഗസ്റ്റ് 31 ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ അഫ്ഗാന്‍ സൈന്യത്തിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാകും.

മുപ്പത് ദിവസത്തിനുള്ളില്‍ രാജ്യ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്ത് വിട്ടിരിക്കുന്നത്. 90 ദിവസം കൊണ്ട് അഫ്ഗാനിസ്ഥാന്‍ മുഴുവനും താലിബാന്റെ നിയന്ത്രണത്തിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സൈനിക പിന്‍മാറ്റത്തില്‍ നിന്ന് മാറില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെ അമേരിക്ക കൈവിടുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഇതിനിടെ റഷ്യയുടെ ഭാഗത്ത് നിന്നും ചില നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മധ്യേഷ്യയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാനില്‍ റഷ്യ ഇടപെട്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്റെ താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയുടെ നേതൃത്വത്തില്‍ സൈനിക പരിശീലനവും നടന്നിരുന്നു. അമേരിക്കയും സഖ്യരാജ്യങ്ങളും പിന്‍വാങ്ങുന്നതോടെ അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ ജോലി എളുപ്പമാകുമെന്ന വിലയിരുത്തലില്‍ ആണ് റഷ്യ. നേരത്തെ, ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ സിറിയയില്‍ ബാഷര്‍ അല്‍ അസദിനൊപ്പം ശക്തമായി നിലകൊണ്ട രാജ്യമായിരുന്നു റഷ്യ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇത്.
Recommended Video

അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായേക്കുമെന്ന് താലിബാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരു മാസം മുമ്പ് താലിബാന്‍ പ്രതിനിധി സംഘം റഷ്യയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയത്. തങ്ങളുടെ മുന്നേറ്റം റഷ്യയ്‌ക്കോ മേഖലയിലെ റഷ്യന്‍ സഖ്യരാജ്യങ്ങള്‍ക്കോ ഒരു ഭീഷണിയും സൃഷ്ടിക്കില്ലെന്ന ഉറപ്പും താലിബാന്‍ നല്‍കിയിട്ടുണ്ട്.
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications