യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം; നാളെ ദോഹയിൽ ചർച്ച
യുഎസും ഇറാനുള്ള തമ്മിലുള്ള സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം. പരസ്പരമുള്ള പ്രത്യാക്രമണങ്ങൾ നിർത്തിവെക്കാനും തർക്കപരിഹാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ചൊവ്വാഴ്ച ഖത്തറിൻ്റെ
തലസ്ഥാനമായ ദോഹയിൽ വെച്ച് സമാധാന ചർച്ചകൾ പുനരാരംഭിക്കാനും അമേരിക്കയും ഇറാനും ധാരണയിലെത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകളെക്കുറിച്ചുള്ള തർക്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ സൈനിക നീക്കങ്ങൾക്ക് കാരണമായത്. ഇറാൻ വാണിജ്യക്കപ്പലുകൾ ആക്രമിച്ചെന്ന് ആരോപിച്ച് യുഎസ് സൈന്യം ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ഇതോടെ മേഖല വീണ്ടും സംഘർഷഭരിതമായി.

എന്നാൽ നിലവിൽ ഇരുപക്ഷവും ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മതിച്ചതായും സാങ്കേതികതല ചർച്ചകൾ ദോഹയിൽ തുടരുമെന്നും യുഎസ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിൽ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടില്ലെന്ന് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഈ മാസം ആദ്യം ഒപ്പുവെച്ച ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെച്ചൊല്ലിയുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യക്കപ്പലുകളുടെ സുരക്ഷിത യാത്ര ഇറാൻ ഉറപ്പാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പകരമായി ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം നീക്കാൻ അമേരിക്കയും സമ്മതിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം യുഎസ് സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും (ഐആർജിസി) തമ്മിൽ നേരിട്ടുള്ള 'ഹോട്ട്ലൈൻ' സംവിധാനം സ്ഥാപിക്കാൻ ധാരണയായിരുന്നു. എന്നാൽ, കപ്പലുകൾ തങ്ങളുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെ ഈ കമ്മ്യൂണിക്കേഷൻ ചാനൽ യാഥാർത്ഥ്യമായില്ല. ഇതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
അതേസമയം ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന സാങ്കേതിക ചർച്ചകളാണ് നിലവിലെ സാഹചര്യത്തിൽ ദോഹയിലേക്ക് മാറ്റിയത്. അജണ്ട ആണവപദ്ധതിയിൽ നിന്ന് മാറി ഹോർമുസ് കടലിടുക്കിലെ തർക്കപരിഹാരമാക്കുകയും ചെയ്തു.
അതിനിടെ യുഎസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചും മുൻപ് ഒപ്പുവെച്ച ധാരണകളിലെ വ്യവസ്ഥകൾ വാഷിങ്ടൺ പാലിച്ചില്ലെന്നും ആരോപിച്ച് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയിരുന്നു. യുഎസ് മരവിപ്പിച്ച തങ്ങളുടെ ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ പുരോഗതിയുണ്ടാകാത്തതാണ് ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് ഇറാന്റെ പരമോന്നത നേതാവിന്റെ ഓഫീസ് വക്താവ് മെഹ്ദി ഫസേലി ഇറാൻ ഔദ്യോഗിക ടെലിവിഷനോട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദോഹയിൽ നാളെ ചർച്ച തുടരാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിരിക്കുന്നത് പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications