ചൈന-യുഎസ് വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക ശമനം; താരിഫുകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചു
ലണ്ടന്‍: ഏറെ നാളത്തെ വ്യാപാര പ്രതിസന്ധിക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക ശമനം. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. താരിഫുകള്‍ 90 ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തി വയ്ക്കാനും അതിനു ശേഷം താരിഫുകള്‍ കുത്തനെ കുറയ്ക്കാനും തീരുമാനമായതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്വിറ്റ്സര്‍ഡിലെ ജനീവയിലായിരുന്നു മാരത്തണ്‍ ചര്‍ച്ചകള്‍ നടന്നത്.
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴുള്ള കരാര്‍ പ്രകാരം, ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസ് കുറയ്ക്കും. അതേസമയം ചൈന, അമേരിക്കന്‍ ഇറക്കുമതികള്‍ക്കുള്ള തീരുവ 125 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്ന് ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അമേരിക്കയില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാംവട്ടം അധികാരത്തില്‍ കയറിയതിന് പിന്നാലൊണ് യുഎസ്-ചൈന വ്യാപാര യുദ്ധം ആരംഭിച്ചത്.
ട്രംപ് ചൈനീസ് ഇറക്കുമതികള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. അതിനുശേഷം ഇതാദ്യമായാണ് അമേരിക്കയും ചൈനയും തമ്മില്‍ ഉന്നതതല ചര്‍ച്ച നടന്നത്.
ചൈനീസ് വൈസ് പ്രീമിയര്‍ ഹെ ലൈഫെങ് ചൈനയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോള്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ അമേരിക്കയുടെ പ്രതിനിധികളായി പങ്കെടുത്തു. സാമ്പത്തിക, വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരാനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.












Click it and Unblock the Notifications