ഗര്‍ഭിണികളായ വിദ്യാര്‍ഥിനികളെ ഇനി സ്കൂളില്‍ നിന്നും പുറത്താക്കില്ല; പുതിയ നിയമം പാസാക്കി ഈ രാജ്യം
പുതിയ നിയമം അനുസരിച്ച് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഗർഭിണികളായ വിദ്യാർത്ഥികളെ പുറത്താക്കാനോ അവരുടെ ഇഷ്ടമില്ലാതെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനോ അനുവാദമില്ല.

ബാങ്കോക്ക്: വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഗർഭിണികളായ വിദ്യാർത്ഥികളെ മാറ്റുന്നതിനോ പിരിച്ചുവിടുന്നതിനോ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നിയമം തായ്‌ലൻഡ് സർക്കാർ പാസാക്കി.
ശനിയാഴ്ച റോയൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, ഇന്നൊവേഷൻ മന്ത്രി അനെക് ലൗത്തമതാസും വിദ്യാഭ്യാസ മന്ത്രി ട്രീനുച്ച് തിൻതോംഗും സംയുക്തമായി ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഗർഭിണികളായ വിദ്യാർത്ഥികളെ പുറത്താക്കാനോ അവരുടെ ഇഷ്ടമില്ലാതെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനോ അനുവാദമില്ല.
കൂടാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള വിദ്യാർഥികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുനൽകാൻ ഉദ്ദേശിച്ചാണ് നടപടിയെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയുടെ എല്ലാ തലങ്ങളിലും ഈ നിയമം പ്രാബല്യത്തിലായി.
കൗമാരപ്രായത്തിലുള്ള ഗർഭധാരണങ്ങൾ കുറയ്ക്കുന്നതിനുള്ള സർക്കാരിൻറെ ശ്രമങ്ങൾ തുടരും എന്നും വ്യക്തമാക്കുന്നു. 2016-ലെ കൗമാരപ്രായത്തിലുള്ള ഗർഭധാരണം തടയുന്നതിനും പരിഹാരത്തിനുമുള്ള നിയമം നിലവിൽ വന്നതിന് ശേഷം ഗർഭിണികളായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞതായി മന്ത്രാലയ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2016-ൽ 13.7% ഗർഭിണികൾ മാത്രമാണ് ക്ലാസിൽ പങ്കെടുത്തത്, 53.5% വരെ പഠനം ഉപേക്ഷിച്ചവരായിരുന്നുവെന്ന് ഉറവിടം പറയുന്നു.
2021 ൽ, ഗർഭിണിയായതിന് ശേഷം പഠനം തുടർന്ന വിദ്യാർത്ഥികളുടെ അനുപാതം 33.8% ആയി വർദ്ധിച്ചു, അതേസമയം കൊഴിഞ്ഞുപോയവരുടെ അനുപാതം 36.1% ആയി കുറഞ്ഞു.കൗമാരപ്രായക്കാരുടെ ഗർഭധാരണം തടയുന്നതിനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രചാരണം മുൻവർഷത്തെ അപേക്ഷിച്ച് ഈ പ്രായക്കാരിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി ആണ് വിശ്വസിക്കപ്പെടുന്നത്.10-നും 14-നും ഇടയിൽ പ്രായമുള്ളവരുടെ ഗർഭധാരണ നിരക്ക് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു.












Click it and Unblock the Notifications