ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു
വാഷിംഗ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റ്, മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അന്തരിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച് ഡേവിഡ് ബെന്നറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം ജനുവരി ഏഴിനാണ് ഡേവിഡ് ബെന്നറ്റിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായത്.
അവസാനം വരെ പോരാടിയ ധീരനും പോരാളിയുമായ രോഗിയായിരുന്നു ബെന്നറ്റെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്റെ പിതാവിന്റെ ട്രാന്‍സ്പ്ലാന്റ് ''പ്രതീക്ഷയുടെ തുടക്കമാകുമെന്നും അവസാനമല്ല'' എന്നും താന്‍ പ്രതീക്ഷിക്കുന്നതായി ബെന്നറ്റിന്റെ മകന്‍ ഡേവിഡ് ജൂനിയര്‍ പറഞ്ഞു. ഈ ചരിത്രപരമായ പരിശ്രമത്തിലേക്ക് കടന്നുപോയ ഓരോ നൂതന നിമിഷത്തിനും, ഓരോ ഭ്രാന്തന്‍ സ്വപ്നത്തിനും, ഉറക്കമില്ലാത്ത ഓരോ രാത്രിക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക മെഡിക്കല്‍ രംഗത്ത് വന്‍ നേട്ടമായിരുന്നുൂ ഡേവിഡ് ബെന്നറ്റിന്റെ ശസ്ത്രക്രിയ. ഹൃദ്രോഗിയായിരുന്നു ഡേവിഡ് ബെന്നറ്റ്. 'ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ ഈ ട്രാന്‍സ്പ്ലാന്റ് ചെയ്യുക. എനിക്ക് ജീവിക്കണം. ഇത് ഇരുട്ടില്‍ ഒരു വെടിവെക്കുന്നത് പോലെയാണെന്ന് എനിക്കറിയാം എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. തന്റെ അവസാന ഓപ്ഷന്‍ എന്ന നിലയിലാണ് പരീക്ഷണാടിസ്ഥാനത്തിനുള്ള ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി ഹാര്‍ട്ട്-ലംഗ് ബൈപാസ് മെഷീനില്‍ കിടപ്പിലായിരുന്നു ഡേവിഡ് ബെന്നറ്റ്. രോഗം ഭേദമായ ശേഷം താന്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡിസംബര്‍ 31 നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ശസ്ത്രക്രിയയ്ക്ക് അടിയന്തര അനുമതി നല്‍കിയിരുന്നത്. പരമ്പരാഗത അവയവ മാറ്റിവെക്കലിന് അനുയോജ്യമല്ലാത്ത ഒരു രോഗിയുടെ അവസാന ശ്രമമെന്ന നിലയിലായിരുന്നു ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയത്. നാഴികക്കല്ലായേക്കാവുന്ന ശസ്ത്രക്രിയയായിരുന്നു കഴിഞ്ഞതെന്നും അവയവങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള മാര്‍ഗത്തിലേക്ക് തങ്ങളെ ഒരു പടി കൂടി അടുപ്പിക്കുന്നതാണ് ശസ്ത്രക്രിയ വിജയകരമായത് എന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ബാര്‍ട്ട്ലി ഗ്രിഫിത്ത് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പരിശ്രമമായിരുന്നെന്നാണ് സര്‍വ്വകലാശാലയുടെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞിരുന്നത്.

പന്നിയില്‍ നിന്ന് വാലില്ലാ കുരങ്ങിലേക്ക് അടക്കം ഗവേഷണം നടത്തിയ ശേഷമാണ് മനുഷ്യനിലേക്ക് പരീക്ഷണം നടത്തിയത്. പന്നിയുടെ ഹൃദയം ബെന്നറ്റിലേക്ക് വെച്ചുപിടിപ്പിക്കുന്നതിന് പ്രധാനമായും പത്ത് ജീന്‍ എഡിറ്റുകളായിരുന്നു നടത്തിയത്. ബെന്നറ്റിന്റെ ഹൃദയ ദാതാവായ പന്നി ജനിതക എഡിറ്റിംഗ് നടപടിക്രമങ്ങള്‍ക്ക് വിധേയമായ ഒരു കൂട്ടത്തില്‍പ്പെട്ടതായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച പന്നിയെ വിതരണം ചെയ്ത, വിര്‍ജീനിയ ആസ്ഥാനമായുള്ള ബയോടെക് സ്ഥാപനമായ റിവിവികോര്‍ ആണ് ജീന്‍ എഡിറ്റിംഗ് നടത്തിയിരുന്നത്.

ദീര്‍ഘകാലമായി അവയവദാനരംഗത്ത് നേരിടുന്ന ദൗര്‍ലഭ്യം പരിഹരിക്കാനുതകുന്നതാണ് പരീക്ഷണ വിജയം എന്നത് ഗവേഷകര്‍ പറഞ്ഞിരുന്നു. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവെക്കുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 6,000-ത്തിലധികം രോഗികള്‍ അവയവദാനത്തിന്റെ ദൗര്‍ലഭ്യം മൂലം മരിക്കുന്നുമുണ്ട്. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റ മനുഷ്യരിലും ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് പന്നിയെ തെരഞ്ഞെടുക്കാന്‍ കാരണമായത്.












Click it and Unblock the Notifications