ഈ നാല് പേരാണ് കാബൂള്‍ കൊട്ടാരത്തില്‍ കൊടി നാട്ടിയത്!! താലിബാന്റെ ആര്‍ക്കുമറിയാത്ത നേതാക്കള്‍
കാബൂള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. ജൂണിലാണ് അഫ്ഗാന്റെ അതിര്‍ത്തികള്‍ ഇളകാന്‍ തുടങ്ങിയത്. പതിയെ അവര്‍ സംഘടിച്ചു. ഗ്രാമങ്ങള്‍ പിടിച്ചടക്കാന്‍ തുടങ്ങി. പട്ടണങ്ങളിലേക്ക് കടന്നു. കാണ്ഡഹാറും ഹെറാത്തും മസാറെ ശെരീഫുമെല്ലാം പിടിച്ചക്കിയ സംഘം ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളും നിയന്ത്രണത്തിലാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് താലിബാന്‍കാര്‍ എത്തിയതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി താജിക്കിസ്താനിലേക്ക് കടന്നു. ഭരണം പൂര്‍ണമായി താലിബാന്‍ പിടിക്കുകയും ചെയ്തു.
Recommended Video
ഇപ്പോള്‍ അധികാര കൈമാറ്റ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഈ വേളയില്‍ എല്ലാവര്‍ക്കും അറിയേണ്ടത്, ആരാണ് താലിബാനെ നയിക്കുന്നത് എന്നാണ്. നാല് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒരുകൂട്ടം ആളുകളാണ് താലിബാന്റെ നേതൃത്വത്തിലുള്ളത്. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനമുള്ളത് നാലുപേര്‍ക്കാണ്. ഇവരെ കുറിച്ച് പുറംലോകത്തിന് അത്ര പരിചയമില്ല. താലിബാന്‍ നേതാക്കളില്‍ മിക്കവരും വലിയ ജനക്കൂട്ടത്തിന് മുമ്പില്‍ എത്തിയ ഫോട്ടോകള്‍ കുറവാണ്. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച വേളയിലും അങ്ങനെതന്നെ.

ഹൈബത്തുല്ല അഖുന്തസാദ എന്ന വ്യക്തിയാണ് താലിബാന്റെ ഏറ്റവും മുതിര്‍ന്ന നേതാവ്. സുപ്രീം ലീഡര്‍ എന്നാണ് മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 2016ല്‍ അന്നത്തെ നേതാവ് മുല്ല മന്‍സൂര്‍ അക്തര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഹൈബത്തുല്ലയെ തിരഞ്ഞെടുത്തത്. അതുവരെ പൊതുരംഗത്ത് തീരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നേതാവായിരുന്നു ഹൈബത്തുല്ല.

മത നേതാവാണ് ഹൈബത്തുല്ല. സൈനിക കാര്യങ്ങളില്‍ അദ്ദേഹം നേരത്തെ കാര്യമായി ഇടപെട്ടില്ലായിരുന്നുവത്രെ. താലിബാന്റെ നേതാവ് മുല്ല ഉമര്‍ മരിച്ചു എന്നറിഞ്ഞതോടെ അനുയായികള്‍ക്കിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉമര്‍ മരിച്ചുവെന്ന വിവരം താലിബാന്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇത് പുറത്തറിഞ്ഞതോടെ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഈ അവസ്ഥയ്ക്ക് മാറ്റം വന്നത് ഹൈബത്തുല്ല നേതാവായതോടെയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

താലിബാന്‍ നേതാക്കള്‍ പൊതുവെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്താറില്ല. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ ചില പ്രസ്താവനകള്‍ പുറത്തുവരാറുണ്ട്. അതില്‍ കവിഞ്ഞ് ഇവരുടെ ദൗത്യങ്ങളോ ചുമതലകളോ എല്ലാം അവ്യക്തമാണ്. ഇപ്പോള്‍ അഫ്ഗാനിസ്താന്റെ ഭരണം വീണ്ടും താലിബാന്‍ പിടിച്ചപ്പോഴാണ് സംഘടനയുടെ നേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

താലിബാന്റെ മറ്റൊരു പ്രധാന നേതാവാണ് അബ്ദുല്‍ ഗനി ബറാദര്‍. താലിബാന്റെ സ്ഥാപകരില്‍ ഒരാളാണ് ഇദ്ദേഹം. താലിബാന്റെ ശക്തി കേന്ദ്രമായ കാണ്ഡഹാര്‍ ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. 1970കളിലെ സോവിയറ്റ് അധിനിവേശ കാലത്താണ് ബറാദര്‍ ആയുധമെടുത്തത്. അഫ്ഗാനിലെ മിക്ക നേതാക്കളും ഇക്കാലത്ത് തന്നെയാണ് യുദ്ധമുഖത്തേക്ക് ഇറങ്ങുന്നത്. അതില്‍ പ്രമുഖനാണ് ബറാദര്‍.
നിറവയറുമായി നടി ഭാമ; അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണി... നടിയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ വലംകൈ ആയിരുന്നു ബറാദര്‍. സോവിയറ്റ് സൈന്യം പിന്‍മാറിയതോടെ അഫ്ഗാന്‍ പൂര്‍ണമായും ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയ 1990കളില്‍ ഇരുവരും ചേര്‍ന്നാണ് താലിബാന്‍ രൂപീകരിച്ചത്. 1996ല്‍ ഇവര്‍ അഫ്ഗാന്റെ ഭരണം നിയന്ത്രണത്തിലാക്കി. 2001ല്‍ അമേരിക്കന്‍ സൈന്യം അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ ഭരണം അവസാനിച്ചു. ഇവര്‍ വീണ്ടും യുദ്ധത്തിലേക്ക് തിരിഞ്ഞു.

താലിബാന്‍ ഭരണം വീണ ശേഷം ഹാമിദ് കര്‍സായി അഫ്ഗാന്റെ ഇടക്കാല പ്രസിഡന്റായി. ഈ വേളയില്‍ കര്‍സായിയുമായി ചര്‍ച്ച നടത്തിയ താലിബാന്‍ നേതാക്കളുടെ സംഘത്തില്‍ ബറാദറുമുണ്ടായിരുന്നു. പിന്നീട് അമേരിക്കയുമായുള്ള ഏറ്റുമുട്ടലിലേക്ക് തിരഞ്ഞ ബറാദറിനെ 2010ല്‍ പാകിസ്താനില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. എട്ട് വര്‍ഷം തടവിലിട്ട ശേഷം വിട്ടയച്ചു. ശേഷം ഖത്തര്‍ കേന്ദ്രമായിട്ടാണ് ബറാദര്‍ പ്രവര്‍ത്തിച്ചിരുന്നത്.

താലിബാന്റെ രാഷ്ട്രീയകാര്യ ഓഫീസ് ഖത്തറിലെ ദോഹയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയുമായി ചര്‍ച്ചകള്‍ നടന്നത് ഖത്തറില്‍ വച്ചായിരുന്നു. ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബറാദറും സംഘവുമാണ്. അമേരിക്കയുമായി കരാറുണ്ടാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പുറത്താക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ബറാദര്‍ കാബൂളിലെത്തിയതും താലിബാന്‍ പതാക കൊട്ടാരത്തില്‍ നാട്ടിയതും.

സിറാജുദ്ദീന്‍ ഹഖാനിയാണ് താലിബാന്റെ മറ്റൊരു പ്രധാന നേതാവ്. ഇദ്ദേഹം ഹഖാനി ശൃംഖല എന്ന സംഘത്തിന്റെയും നേതാവാണ്. അമേരിക്കന്‍ സൈന്യത്തിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയത് സിറാജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. അമേരിക്ക ഭീകര പട്ടികയില്‍ പെടുത്തിയ സംഘമാണ് ഹഖാനി ശൃംഖല. സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം നയിച്ച ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍.

അമേരിക്കന്‍ സൈനികര്‍ക്കെതിരെയും അഫ്ഗാന്റെ സൈനികര്‍ക്കെതിരെയും ആക്രമണം നടത്തുകയായിരുന്നു ഹഖാനി വിഭാഗത്തിന്റെ പതിവ്. ഇവരുടെ ആക്രമണത്തില്‍ നിരവധി പേര്‍കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടലും ഇവരുടെ തന്ത്രമായിരുന്നു. ഇവര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ സൈനികന്‍ ബോവി ബെര്‍ദലിനെ 2014ലാണ് വിട്ടയച്ചത്.

താലിബാന്റെ മറ്റൊരു നേതാവാണ് മുല്ല യാക്കൂബ്. താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ മകനാണ് ഇദ്ദേഹം. സൈനിക കമ്മീഷന്റെ നേതാവാണ്. സൈനിക വിഭാഗത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കമ്മീഷന്റെ ജോലി. സൈനികമായ ചുമതലകള്‍ വീതംവയ്ക്കലും മുല്ലാ യാക്കൂബിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ്. അമേരിക്കന്‍ സൈന്യത്തിനെതിരായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മുല്ലാ യാക്കൂബിന് മുഖ്യപങ്കുണ്ടായിരുന്നു.

ഈ നാല് നേതാക്കള്‍ക്ക് കീഴിലാണ് താലിബാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും അഫ്ഗാന്റെ ഭരണം തിരിച്ചുപിടിച്ചതും. ഇതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താജിക്കിസ്താനിലേക്ക് പോയ അദ്ദേഹത്തിന് അവിടെ ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് ഒമാനിലേക്ക് യാത്ര തിരിച്ചു. ഒമാനിലെത്തിയ അഷ്‌റഫ് ഗനി അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം. അഫ്ഗാന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹിബും അദ്ദേഹത്തോടൊപ്പമുണ്ട്.












Click it and Unblock the Notifications