'തീ കൊണ്ട് കളിച്ചാൽ കത്തിച്ചാമ്പലാകും', അമേരിക്കയോട് ചൈന, നാന്‍സി പെലോസി തായ്വാനിലെത്തിയതിന് പിന്നാലെ
ബെയ്ജിംഗ്: ചൈനയുടെ കടുത്ത മുന്നറിയിപ്പ് വകവെയ്ക്കാതെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ കാല്‍ കുത്തിയിരിക്കുകയാണ്. അമേരിക്കയുടെ ഈ നടപടി പ്രകോപിതരായ ചൈന തായ്വാന്‍ അതിര്‍ത്തിയില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അത്യന്തം അപകടകരം എന്നാണ് നാന്‍സി പെലോസി തായ്വാനില്‍ വിമാനമിറങ്ങിയതിന് തൊട്ട് പിന്നാലെ ചൈന നടത്തിയ പ്രതികരണം.
ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അമേരിക്കയ്ക്ക് എതിരെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിരന്തരം ശ്രമിക്കുന്നത് ഏക ചൈന എന്നുളള തങ്ങളുടെ ആശയത്തെ നിരന്തരം വളച്ചൊടിക്കാനും പൊള്ളയാക്കി കാട്ടാനുമാണ്. തീ കൊണ്ട് കളിക്കുന്ന ഇത്തരം നീക്കങ്ങള്‍ അത്യന്തം അപകടകരമാണ്. തീ കൊണ്ട് കളിക്കുന്നവര്‍ കത്തിച്ചാമ്പലാകും, എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

നാന്‍സി പെലോസി തായ്വാനില്‍ എത്തുന്നതിന് മുന്‍പും അമേരിക്കയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും എന്നായിരുന്നു ചൈനയുടെ പ്രതികരണം. തീ കൊണ്ടാണ് അമേരിക്ക കളിക്കുന്നത് എന്ന് അടുത്തിടെ ചൈനീസ് പ്രസിഡണ്ട് ഷി ജീന്‍ പിംഗും പ്രതികരിച്ചിരുന്നു. തായ്വാന്‍ തങ്ങളുടെ ഭാഗമായാണ് ചൈന അവകാശപ്പെടുന്നത്. ഇവിടേക്കുളള അമേരിക്കയുടെ വരവ് ചൈനയെ വലിയ തരത്തിലാണ് പ്രകോപിപ്പിച്ചിരിക്കുന്നത്.
മിസൈല്‍ പരീക്ഷണങ്ങളിലേക്കും സൈനിക അഭ്യാസങ്ങളിലേക്കും ചൈന കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. നാന്‍സി പെലോസി വിമാനമിറങ്ങിയതിന് പിന്നാലെ തങ്ങളുടെ വ്യോമ പരിധിക്കുളളില്‍ ചൈനയുടെ 20 സൈനിക വിമാനങ്ങള്‍ കടന്നതായി തായ്വാന്‍ ആരോപിക്കുന്നു. പെലോസിയുടെ വരവ് അമേരിക്ക തങ്ങള്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് എന്നും തായ്വാന്‍ പ്രതികരിക്കുന്നു. അമേരിക്കന്‍ ഉന്നത പദവിയിലുളള ഒരാള്‍ 25 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് തായ്വാന്‍ സന്ദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് മത്സരത്തിലേക്കുളള നേതാക്കളുടെ നിരയില്‍ രണ്ടാമതുളള വ്യക്തിയാണ് നാന്‍സി പെലോസി.












Click it and Unblock the Notifications