'ആദ്യം സ്വയം പരിശോധിക്കൂ'; ട്രെയിന്‍ റാഞ്ചലില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ച പാകിസ്ഥാന് ചുട്ടമറുപടി
ഡല്‍ഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ ആരോപണം ഉന്നയിച്ച പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ. ട്രെയിന്‍ റാഞ്ചലിന് ഇന്ത്യയ്ക്കു പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം പാകിസ്ഥാന്‍ സ്വയം ആത്മപരിശോധന നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന കാര്യം ലോകത്തിന് മുഴുവന്‍ അറിയാമെന്നും ഇന്ത്യ വിമര്‍ശിച്ചു.
ട്രെയിന്‍ റാഞ്ചല്‍ സംഭവത്തെതുടര്‍ന്ന് ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

'പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റു രാജ്യങ്ങളുടെ ചുമലില്‍ ചാരുന്നതിന് പകരം പാകിസ്ഥാന്‍ സ്വയം പരിശോധിക്കണം' - വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പ്രവര്‍ത്തകരാണ് ജാഫര്‍ എക്‌സ്പ്രസ് തട്ടിയെടുത്ത് മുന്നൂറിലേറെ യാത്രക്കാരെ ബന്ദികളാക്കിയത്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ജയിലിലുള്ള ബലൂച് രാഷ്ട്രീയ തടവുകാരെയും സൈന്യം തട്ടിക്കൊണ്ടുപോയ ആക്റ്റിവിസ്റ്റുകളെയും വിട്ടയയ്ക്കണമെന്നായിരുന്നു ബിഎല്‍എ ആവശ്യപ്പെട്ടിരുന്നത്. 30 മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ സര്‍ക്കാരും സൈന്യവും ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. ബലൂചിസ്ഥാനിലെ വിഘടനവാദം പാകിസ്ഥാന് വലിയ തലവേദനയായി വളരുകയാണ്. ഇത് അംഗീകരിക്കാതെയാണ് പാകിസ്ഥാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.












Click it and Unblock the Notifications