ക്രിമിയ വിട്ടുകൊടുക്കണം, നാറ്റോയിൽ ചേരില്ലെന്ന് സമ്മതിക്കുകയും വേണം; സെലൻസ്‌കിയോട് ട്രംപിന്റെ നിർദ്ദേശം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണായക ചർച്ചകൾക്കായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി വാഷിംഗ്‌ടണിൽ എത്തി. യൂറോപ്യൻ നേതാക്കളുടെ പിന്തുണയോടെ യുക്രൈന് സുരക്ഷാ ഉറപ്പ് ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ട്രംപ് യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് മുൻപായി, ഓവൽ ഓഫീസിൽ വെച്ച് ട്രംപുമായി സെലൻസ്‌കി ഉഭയകക്ഷി ചർച്ചകൾ നടത്തും.
കൂടിക്കാഴ്‌ചകൾക്ക് മുന്നോടിയായി, ട്രംപ് ഒരു സാമൂഹിക മാധ്യമ സന്ദേശവും പങ്കുവെച്ചിരുന്നു. 'യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്‌കി റഷ്യയുടെ ചില വ്യവസ്ഥകൾ അംഗീകരിക്കണം' എന്ന് സന്ദർശകരോട് പറയാൻ പോവുകയാണെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം സെലാൻസ്‌കി അംഗീകരിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

'യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കിൽ യുദ്ധം തുടരാം. ഇത് എങ്ങനെ ആരംഭിച്ചുവെന്ന് ഓർക്കുക. ഒബാമയ്ക്ക് ക്രിമിയയെ തിരിച്ചെടുക്കാൻ കഴിഞ്ഞില്ല (12 വർഷം മുമ്പ്, ഒരു വെടിയുണ്ട പോലും ഉതിർക്കാതെ), യുക്രൈൻ നാറ്റോയിൽ ചേരരുത്. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല!!!' എന്നാണ് ട്രംപ് കുറിച്ചത്.
ട്രംപ് സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ സെലൻസ്‌കി ഇന്ന് നേരിടേണ്ടി വരുന്ന സമ്മർദ്ദമാണ് ഈ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. റഷ്യ 2014-ൽ നിയമവിരുദ്ധമായി പിടിച്ചെടുത്ത ക്രിമിയ യുക്രൈൻ വിട്ടുകൊടുക്കുക, നാറ്റോയിൽ ചേരില്ലെന്ന് സമ്മതിക്കുക എന്നീ രണ്ട് വ്യവസ്ഥകളാണ് പുടിൻ യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ട് വെച്ചവയിൽ പ്രധാനപ്പെട്ടവ.
ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും സെലൻസ്‌കിയെ അനുഗമിച്ച് ട്രംപിനെ കാണാൻ വാഷിംഗ്‌ടണിൽ എത്തിച്ചേരും. ട്രംപുമായുള്ള ചർച്ചകൾക്ക് ഒരു ദിവസം മുമ്പ്, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്‌റ്റാർമർ എന്നിവർ സെലൻസ്‌കിയുടെ നിലപാട് ഉറപ്പിക്കാനായി സഖ്യകക്ഷികളുടെ യോഗത്തിന് ആതിഥേയത്വം വഹിച്ചു.
അലാസ്‌കയിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഒരു കരാറിൽ എത്താൻ ട്രംപ് സെലൻസ്‌കിയെ കാര്യമായി പ്രേരിപ്പിക്കുന്നുണ്ട്. യുക്രൈന്റെ കിഴക്കൻ ഭാഗത്തുള്ള കോട്ട കെട്ടിയ പ്രദേശത്തിന്റെ ഒരു ഭാഗം വിട്ടുകൊടുക്കുന്നതിനും മറ്റ് ഭാഗങ്ങളിലെ അതിർത്തികൾ മരവിപ്പിക്കുന്നതിനും പകരമായി റഷ്യ പിടിച്ചടക്കിയ യുക്രൈന്റെ ചെറിയ ഭാഗങ്ങൾ വിട്ടുകൊടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യുഎസ്, റഷ്യൻ നേതാക്കൾ ചർച്ച ചെയ്‌തതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
പുടിന്റെ ചില ആവശ്യങ്ങൾ യുക്രൈന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. എങ്കിലും ഫെബ്രുവരിയിൽ നടന്ന അവസാന ഓവൽ ഓഫീസ് മീറ്റിംഗിന്റെ ആവർത്തനം ഇക്കുറി ഒഴിവാക്കാനാണ് സെലൻസ്‌കിയെ സഹായിക്കാൻ യൂറോപ്യൻ സഖ്യകക്ഷികൾ ആഗ്രഹിക്കുന്നു. ഇതിൽ ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാൻസും യുക്രൈൻ നേതാവിനെ പരസ്യമായി ശകാരിക്കുകയും നന്ദികെട്ടവനെന്നും അനാദരവുള്ളവനെന്നും കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്‌റ്റബ്ബും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും വാഷിംഗ്‌ടണിലേക്ക് യാത്ര ചെയ്യും. മെലോണി ട്രംപിന്റെ പല നയങ്ങളെയും പ്രശംസിക്കുന്നയാളാണ്. അതിനാൽ ഈ ചർച്ചയിൽ അതിന് അനുസരിച്ചുള്ള നിലപാടാവും സ്വീകരിക്കുക.
അലാസ്‌കയിലെ ചർച്ചകളെക്കുറിച്ച് പുടിൻ തന്റെ അടുത്ത സഖ്യകക്ഷിയായ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയെ ധരിപ്പിക്കുകയും കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ശനിയാഴ്‌ച തുർക്കി, ഹംഗേറിയൻ സഹപ്രവർത്തകരുമായും ഫോണിൽ സംസാരിച്ചിരുന്നു.












Click it and Unblock the Notifications