ട്രംപിന്റെ തീരുവ പ്രഹരമേറ്റ് 70ഓളം രാജ്യങ്ങൾ; എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു, കാനഡയ്ക്ക് 35 ശതമാനം
ന്യൂയോർക്ക്: വ്യാപാര രീതികളിൽ നിലനിൽക്കുന്ന ദീർഘകാല അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി 70-ലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41 ശതമാനം വരെ മറുതീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഇന്ത്യൻ ഇറക്കുമതികൾക്ക് 25 തീരുവയാണ് ഏർപ്പെടുത്തേണ്ടി വരിക. മാത്രമല്ല കാനഡയുടെ തീരുവ 25 ശതമാനത്തിൽ നിന്നും 35 ശതമാനം ആയി ഉയർത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിക്ക് വാഷിംഗ്‌ടൺ ഏർപ്പെടുത്തുന്ന നികുതികളുടെ വിപുലമായ പട്ടികയാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. വ്യാപാര കമ്മി കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ട്രംപ് അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ തീരുവകൾ നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങൾക്കനുസരിച്ച് ഈ നിരക്കുകളിൽ വ്യത്യാസങ്ങളുണ്ട്.

അഫ്‌ഗാനിസ്ഥാൻ, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. സിറിയക്ക് 41 ശതമാനം വരെ തീരുവ ബാധകമാകും. യൂറോപ്യൻ യൂണിയൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്‌ഡം എന്നിവയ്ക്കും വ്യത്യസ്‌ത നിരക്കുകൾ ബാധകമാണ്. ഓഗസ്‌റ്റ് 1-ന് മുന്നോടിയായി വ്യാപാര കരാർ ചർച്ചകൾക്ക് സമയപരിധി നിശ്ചയിച്ചിരുന്നു..
ഇതിന് മുമ്പായി യുഎസ് ഇറക്കുമതിക്കാർക്കുള്ള താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ബ്രസീൽ പോലുള്ള ചില രാജ്യങ്ങൾക്ക് നിലവിലുള്ള താരിഫുകൾക്ക് പുറമെ അധിക നികുതികളും ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. ഏകദേശം 70 രാജ്യങ്ങൾക്കുള്ള തീരുവ നിരക്കുകൾ 'റെസിപ്രോക്കൽ താരിഫ് റേറ്റ്സ്' എന്ന എക്‌സിക്യൂട്ടീവ് ഓർഡറിലൂടെയാണ് യുഎസ് പ്രഖ്യാപിച്ചത്.
ലാഓസ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാഖ്, സെർബിയ എന്നിവയ്ക്ക് 35 ശതമാനം തീരുവയും ലിബിയ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് 30 ശതമാനം താരിഫും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിന് 39 ശതമാനം താരിഫും സിറിയക്ക് ഏറ്റവും ഉയർന്ന നിരക്കായ 41 ശതമാനം താരിഫും ബാധകമാണ്. യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം മുതൽ 15 ശതമാനം വരെയും യുണൈറ്റഡ് കിംഗ്‌ഡം ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താരിഫും ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തി. ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവയ്ക്ക് 19 ശതമാനം താരിഫ് ബാധകമാണ്. നികരാഗ്വയ്ക്ക് 18 ശതമാനം താരിഫും ശ്രീലങ്കയ്ക്ക് 20 ശതമാനം താരിഫും ഏർപ്പെടുത്തിയിട്ടുണ്ട്. സാംബിയ, സിംബാബ്‌വേ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനം താരിഫ് നിലനിർത്തും.
ഈ നടപടികളിലൂടെ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ചട്ടങ്ങൾ പുനർനിശ്ചയിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന കൂടുതൽ സന്തുലിതമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാവും പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടാവുക.
അതിനിടെ ചൈനയുമായി ഒരു വ്യാപാര കരാറിനുള്ള സാധ്യത യുഎസ് കാണുന്നുണ്ടെങ്കിലും, കരാർ പൂർണ്ണമായും പൂർത്തിയായിട്ടില്ലെന്നും പ്രസിഡന്റ് ട്രംപിന്റെ അംഗീകാരം ഇനിയും ആവശ്യമാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അടുത്തിടെ പ്രസ്‌താവന നടത്തിയിരുന്നു. ഇന്ത്യയുമായുള്ള കരാർ ഇപ്പോഴും വിവിധ വിഷയങ്ങളിൽ തട്ടി നിൽക്കുകയാണ്.












Click it and Unblock the Notifications