ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തിന് പിന്നാലെ വിമാനത്തില്‍ തീപ്പിടിച്ചു. തുടര്‍ന്ന് ഇവ റണ്‍വേയിലൂടെ നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജാപ്പനീസ് കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ അഞ്ച് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ വിമാനത്തിലെ ക്രൂ അംഗങ്ങളാണ്. ക്യാപ്റ്റന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ ഇപ്പോഴും വിമാനത്തിലുണ്ടെന്നും, ഇവരെ പുറത്തെത്തിച്ചില്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ വിമാനത്തിന്റെ അടിയില്‍ നിന്നൊരു ശക്തമായ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സംഭവത്തില്‍ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചെന്നാണ്. ടോക്കിയോ ഹനേദ വിമാനത്താവളത്തിലാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ തീയണക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം 400 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും, ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം കോസ്റ്റുഗാര്‍ഡ് തങ്ങളുടെ വിമാനവുമായിട്ടാണോ കൂട്ടിയിടിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്. അവര്‍ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഹനേഡ വിമാനത്താവളം ജപ്പാനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം കൂടിയാണ്. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചോ എന്നറിയില്ല, പക്ഷേ അപകടത്തില്‍പ്പെട്ടതില്‍ കോസ്റ്റുഗാര്‍ഡ് വിമാനവുമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ഹൊക്കൈഡോയിലെ ഷിന്‍-ചിറ്റോസെ വിമാനത്താവളത്തില്‍ നിന്നാണ് ഈ വിമാനം പുറപ്പെട്ടത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. 367 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നതെന്ന് വിവിധ ജപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ജപ്പാന്‍ സമീപകാലത്തൊന്നും വിമാനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറ്റവും വലിയ ദുരന്തമുണ്ടായത് 1985ലാണ്. അന്ന് 520 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications