'യുഎഇ ദിർഹം തന്നാലും മതി': പെട്രോളിയം, വ്യാപാര ഇടപാടില്‍ ഇന്ത്യയോട് റഷ്യ: രൂപ പ്രശ്നക്കാരന്‍
ഇന്ത്യക്കും റഷ്യക്കും ഇടയിലെ ഇന്ധന വ്യാപാരത്തിന് യുഎഇ കറന്‍സിയായ ദിർഹവും പരിഗണിക്കാനുള്ള സാധ്യത തുറക്കുന്നു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വെർച്വൽ ഉച്ചകോടിയിൽ ഇന്ത്യൻ-റഷ്യൻ വിദഗ്ധരുടെ ചർച്ചയ്ക്കിടെ മുതിർന്ന റഷ്യന്‍ സാമ്പത്തിക വിദഗ്ധനായ സെർജി ലുസിയാനിനാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യൻ രൂപയുടെ മൂല്യം "അസ്ഥിര"മാണെന്ന വിലയിരുത്തല്‍ ഉള്ളതിനാലാണ് റഷ്യ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഇന്ധന കയറ്റുമതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകള്‍ റഷ്യയ്ക്ക് ചൈനീസ് യുവാനിലൂടെ സ്വീകരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ രൂപ അസ്ഥിരമായതിനാലാണെന്നും സെർജി ലുസിയാന്‍സ് പറഞ്ഞു. 'സമീപകാല ഇടപാടുകള്‍ക്ക്, പേയ്‌മെന്റുകൾ തീർക്കുന്നതിനുള്ള മൂന്നാമത്തെ കറൻസിയായി യുവാൻ കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യൻ രൂപയെ അസ്ഥിരമായി കാണുകയും അതുകൊണ്ടാണ് യുവാനെ മൂന്നാമത്തെ കറൻസിയായി തിരഞ്ഞെടുത്തത്. ഇതിന് പകരമായി യുഎഇയുടെ ദിർഹവും പരിഗണിക്കാം', റഷ്യയുടെ നാഷണൽ റിസർച്ച് യൂണിവേഴ്‌സിറ്റിയിലെ ഹയർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രമുഖ അധ്യാപകന്‍ കൂടിയായ സെർജി ലുസിയാന്‍സ് പറഞ്ഞു.

ഇന്ത്യയിലെ റിഫൈനർമാർ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങിക്കുമ്പോള്‍ ചൈനീസ് യുവാനിൽ പണമടയ്ക്കാൻ തുടങ്ങിയെന്ന വാർത്ത ഈ ആഴ്ച ആദ്യം റോയിട്ടേഴ്സ് പുറത്ത് വിട്ടിരുന്നു. ഉക്രൈനെതിരായ സൈനിധി അധിനിവേശത്തിന്റെ സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഏർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഡോളറിന് പകരം മറ്റ് കറന്‍സികളിലുള്ള ഇടപാടിന് റഷ്യ മുന്‍തൂക്കം നല്‍കിയത്.
റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വളരെ മോശമായിരുന്നെങ്കിലും റഷ്യന്‍ ഇന്ധനം ഏറ്റവും കൂടുതൽ വാങ്ങുന്ന രണ്ട് രാജ്യങ്ങളായി ഇന്ത്യയും ചൈനയും കഴിഞ്ഞ വർഷംകൊണ്ട് മാറി. തുടക്കത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകള്‍ രൂപയില്‍ നടത്താം എന്നതായിരുന്നു ധാരണ. എന്നാല്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യ സ്ഥിരത ഇല്ലാത്തതിനാല്‍ യുവാനിലേക്ക് ഇടപാടുകള്‍ മാറുകയായിരുന്നു.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള വ്യാപാരം നിർത്താനുള്ള പാശ്ചാത്യ സമ്മർദത്തിന് ഇന്ത്യ വഴങ്ങിയിരുന്നില്ല. എന്നാൽ ഉഭയകക്ഷി വ്യാപാരത്തെ അസന്തുലിതാവസ്ഥ നല്ലരീതിയില്‍ തന്നെ ബാധിച്ചു, ഇത് റഷ്യയ്ക്ക് ശതകോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. ഡോളറിന് മൂല്യത്തകർച്ചയുണ്ടാക്കി ദേശീയ കറൻസികളുടെ വ്യാപാരത്തിനും വേണ്ടിയാണ് റഷ്യ വാദിക്കുന്നത്.

അതേസമയം, ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കഴിയുന്നതാണെന്ന് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ച സ്വദേശി ജാഗരൺ മഞ്ചിന്റെ ദേശീയ കോ-കൺവീനർ അശ്വനി മഹാജൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്കുള്ള റഷ്യൻ നിക്ഷേപത്തെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഓഹരി വിപണിയിൽ പ്രവേശിക്കാൻ റഷ്യൻ നിക്ഷേപകർക്കിടയിൽ വലിയ താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പല റഷ്യൻ നിക്ഷേപകരും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നു. പാശ്ചാത്യ ഫണ്ട് മാനേജർമാരിൽ നിന്ന് ഇന്ത്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. റഷ്യൻ നിക്ഷേപകരുടെ കടന്നുവരവ് നമ്മുടെ ഓഹരി വിപണിയിലെ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. നിരവധി ഇന്ത്യൻ പ്രോജക്ടുകൾ അന്താരാഷ്ട്ര നിക്ഷേപകരെ കാത്തിരിക്കുന്നു. ഇവർക്കെല്ലാം ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ട്' ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാനുള്ള സാധ്യതകള്‍ എടുത്തുകാണിച്ചുകൊണ്ട് മഹാജൻ പറഞ്ഞു.












Click it and Unblock the Notifications