റഷ്യൻ സൈന്യത്തിന്റെ ബലാൽസംഗത്തിൽ നിന്ന് രക്ഷനേടാൻ മുടി മുറിച്ച് യുക്രൈൻ സ്ത്രീകൾ, റിപ്പോർട്ട്
കിയെവ്; റഷ്യയുടെ യുക്രൈൻ അധിനിവേശം ഓരോ ദിവസം പിന്നിടുമ്പോഴും ഓരോ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോൾ ഇതാ റഷ്യൻ സൈന്യത്തിന്റെ ലൈം ഗീക അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ വേണ്ടി സ്വന്തം മുടി മുറിച്ചു കളഞ്ഞ് ആകർഷണം കുറഞ്ഞവരായി ഇരിക്കാൻ നിർബന്ധിതരായ സ്ത്രീകളുടെ വാർത്തയും പുറത്ത് വന്നിരിക്കുകയാണ്. യുക്രൈൻ തലസ്ഥാനമായ കിയെവിൽ നിന്ന് ഏകദേശം 50 മൈൽ അകലെയുള്ള ഇവാൻകിവിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഥലത്തെ ഡെപ്യൂട്ടി മേയർ മറീന ബെഷാസ്റ്റ്ന ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
ഒരു മാസത്തിലധികം നീണ്ട് നിന്ന റഷ്യൻ സൈന്യത്തിന്റെ അധിനിവേശത്തിന് ശേഷം മാർച്ച് 30 ന് ആണ് ഈ നഗരം മോചിപ്പിക്കപ്പെട്ടത്. "അധിനിവേശ കാലഘട്ടത്തിൽ സ്ത്രീകളെ റഷ്യൻ സൈന്യം വലിയ രീതിയിൽ ഉപദ്രവിച്ചിരുന്നു. ആയതിനാൽ ഇവർ തങ്ങളുടെ ആകർഷണം കുറക്കാനും ബലാൽസംഘത്തിൽ നിന്ന് രക്ഷനേടാനുമായി അവരുടെ തലമുടി ചെറുതാക്കാൻ തുടങ്ങി. ഈ നടപടി ഫലം കണ്ടു." ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡെപ്യൂട്ടി മേയർ മറീന ബെഷാസ്റ്റ്ന പറഞ്ഞു. സ്ഥലത്ത് 15 ഉം 16 ഉം വയസ്സുള്ള രണ്ട് സഹോദരിമാരെ റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു സംഭവവും അവർ വിവരിച്ചു.

ഇവാൻകിവിൽ മാത്രമല്ല യുക്രൈന്റെ നിരവധി സ്ഥലങ്ങളിൽ റഷ്യൻ സൈന്യം സ്ത്രീകളെ ബലാൽസംഘം ചെയ്യുന്നുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒരു സന്ദർഭത്തിൽ തന്റെ ഭർത്താവ് വെടിയേറ്റ് മരിച്ച് നിമിഷങ്ങൾക്കകം റഷ്യൻ പട്ടാളക്കാർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഒരു യുക്രൈനിയൻ സ്ത്രീ പറഞ്ഞു. തന്റെ നാല് വയസുള്ള മകൻ തൊട്ടടുത്ത മുറിയിൽ ഇരുന്നു കരയുകയായിരുന്നു എന്നും ആ സ്ത്രീ കൂട്ടിച്ചേർക്കുന്നു. കൂടാതെ റഷ്യൻ പട്ടാളക്കാർ 10 വയസ്സുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും സ്ത്രീകളെ ദേഹോപദ്രവം ചെയ്തതായും യുക്രൈൻ പാർലമെന്റ് അംഗം ലെസിയ വാസിലെങ്ക് അവകാശപ്പെട്ടു.
മനുഷ്യരെ കശാപ്പുചെയ്യുന്നവരും സ്ത്രീപീഡകരുമാണ് റഷ്യന്‍ പട്ടാളമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സൈലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയാണ് റഷ്യ. പാശ്ചാത്യമാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും വാർത്തകളും എല്ലാം വെറും നാടകമാണെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയം പ്രതികരിച്ചത്.












Click it and Unblock the Notifications