ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും!!
വാഷിംഗ്ടൺ: ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ അമേരിക്കയും ആസ്ട്രേലിയയും സമാന നീക്കത്തിന്. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി വരികയാണ്.
സ്വര്ണ്ണകടത്ത് കേസില് നരേന്ദ്രമോദിക്ക് കത്ത്;'അന്വേഷണം തന്നിലേക്ക് വരുമെന്ന് മുഖ്യമന്ത്രിക്ക് ഭയം'
രാജ്യ സുരക്ഷ കണക്കിലെടുത്ത് ആഴ്ചകൾക്ക് മുമ്പാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ക്ലബ് ഫാക്ടറി, ഷെയ്ൻ, ഷെയർ ഇറ്റ്, എക്സെൻഡർ, ഹലോ എന്നീ ആപ്പുകളും ഇതോടെ ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

നിരോധിക്കാൻ നീക്കം
ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് മുമ്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയത്. ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഗൌരവകരമായി കാണുന്നുവെന്നും പോംപിയോ വ്യക്തമാക്കി. ടിക് ടോക്കിന്റെ പേരന്റ് കമ്പനിയായ ബൈറ്റ് ഡാൻസ് സുരക്ഷാ ഭീഷണിയുയർത്തുന്നുണ്ടെന്ന് കാണിച്ച് യുഎസിലെ രാഷ്ട്രീയ നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിന് അയച്ചുകൊടുക്കുന്നുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്.

ഇടഞ്ഞ് യുഎസും ചൈനയും
കൊറോണ വൈറസ് വ്യാപനത്തിന്റെ വിഷയമുൾപ്പെടെ അമേരിക്കയും ചൈനയും അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് ആപ്പുകൾക്ക് കൂച്ചുവിലങ്ങിടാനുള്ള യുഎസ് നീക്കം. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസിൽ നീക്കം നടക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഡിസംബറിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിനെക്കുറിച്ച് ചൈന മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുന്നില്ലെന്നും തെറ്റായ പ്രചാരണം നടത്തുന്നുവെന്നുമാണ് യുഎസിന്റെ ആരോപണങ്ങളിലൊന്ന്.

സെർവറുകൾ ചൈനയ്ക്ക് പുറത്തോ?
ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളുടെ സെർവറുകൾ ചൈനയ്ക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നതെന്നും ചൈനീസ് നിയമ പ്രകാരമല്ല ഇവ നിയന്ത്രിക്കപ്പെടുന്നതെന്നുമാണ് കമ്പനിയുടെ നിലപാട്. 2017ലെ നാഷണൽ ഇന്റലിജൻസ് ലോ ഓഫ് 2017 പ്രകാരമാണ് ചൈനീസ് ഉടമസ്ഥതയിലുള്ളതോ ചൈനയിൽ പ്രവർത്തിക്കുന്നതോ ആയ എല്ലാ ടെക് കമ്പനികളും പ്രവർത്തിക്കുന്നത്. ആവശ്യപ്പെടുന്ന പക്ഷം എല്ലാത്തരം വിവരങ്ങളും സർക്കാരുമായി പങ്കുവെക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ആസ്ട്രേലിയയും സമാന നീക്കത്തിന്
ടിക് ടോക്കും മറ്റ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളും നിരോധിക്കണമെന്ന ആവശ്യമാണ് ആസ്ട്രേലിയയിലും ഉയരുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ കമ്പനികൾ ചൈനീസ് സർക്കാരിന് കൈമാറുന്നുണ്ടെന്ന ഭയമാണ് ആസ്ട്രേലിയ സർക്കാരിനും ഉള്ളത്. ഇതോടെ ടിക് ടോക്കിനെ സോഷ്യൽ മീഡിയ സെനറ്റിന് മുമ്പാകെ കൊണ്ടുവന്ന് അന്വേഷണം നടത്താനാണ് രാജ്യത്തിന്റെ നീക്കമെന്ന് എംപിയാണ് വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമം നടത്തുന്നുണ്ടെന്നാണ് എംപി ആരോപിക്കുന്നത്.

ആപ്പിന് തിരിച്ചടി
ടിക് ടോക്കിനെ സംബന്ധിച്ച് കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിൽ നടപടികളുമായി മുന്നോട്ടുപോകുന്നത് ഗുണം ചെയ്യില്ല. അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളോടെ ഹോങ്കോങ്ങിൽ ആപ്പിന്റെ പ്രവർത്തനം അവസാവിപ്പിക്കാൻ തീരുമാനിച്ചതായി ടിക് ടോക് വക്താവ് റോയിറ്റേഴ്സിനോട് പ്രതികരിച്ചിരുന്നു. ചൈന അടുത്തിടെ പുതിയ നിയമം പാസാക്കിയതോടെയാണിത്.

ആഗോള പ്രശസ്തി
ലോകത്ത് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ പ്രശസ്തി നേടിക്കഴിഞ്ഞ ടിക് ടോക് ജൂണിൽ മാത്രം 39 മില്യൺ പേരാണ് ആൻഡ്രോയ്ഡ് ഫോണുകളിൽ ഡൌൺലോഡ് ചെയ്തിട്ടുള്ളത്. 14 മില്യൺ പേർ ഐഫോണിലും ഡൌൺലോഡ് ചെയ്തിട്ടുണ്ട്. 2020ന്റെ ആദ്യ പകുതിയോടെ 2 ബില്യൺ ഡൌൺലോഡാണ് ആഗോളതലത്തിൽ ടിക് ടോകിന് ഉണ്ടായിട്ടുള്ളത്. ആൻഡ്രോയിഡിലും ഐഒഎസിലും മാത്രമുള്ള കണക്കാണിത്.