ഹമാസിന്റെ മറുപടിക്കായി കാത്തിരിക്കുന്നു എന്ന് ട്രംപ്; 4 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കില്‍ നടപടി
വാഷിങ്ടണ്‍: ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാല് ദിവസത്തിനകം കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, അമേരിക്ക നടത്തുന്ന സമാധാന നീക്കങ്ങളെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.
20-ഇന നിര്‍ദേശങ്ങളാണ് ട്രംപ് കഴിഞ്ഞ ദിവസം സമാധാന പദ്ധതിയുടെ ഭാഗമായി മുന്നോട്ട് വച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. ഇനി ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.

അമേരിക്കയും ഇസ്രായേലും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഹമാസ് പഠിക്കുകയാണ്. ബുധനാഴ്ച അവര്‍ പ്രതികരിക്കുമെന്നാണ് വിവരം. ഖത്തര്‍, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളെ ഹമാസ് പ്രതികരണം അറിയിക്കും. ഹമാസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്. ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണമായി പിന്മാറണം എന്നാണ് ഹമാസിന്റെ ആദ്യ ആവശ്യം.
തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശം ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. എല്ലാ അറബ് രാജ്യങ്ങളും അംഗീകരിച്ചു, മുസ്ലിം രാജ്യങ്ങളും അംഗീകരിച്ചു, ഇസ്രായേല്‍ അംഗീകരിച്ചു. ഹമാസിന്റെ നിലപാട് അറിയാനാണ് കാത്തിരിക്കുന്നത്. ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ മോശം അന്ത്യമാകും ഉണ്ടാകുക- ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നാല് ദിവസത്തിനകം ഹമാസ് പ്രതികരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ അവരുടെ ഇഷ്ടംപോലെ ചെയ്യുമെന്നാണ് ട്രംപ് പറയുന്നത്. ഹമാസ് എല്ലാം അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. യുഎസ് സൈനിക ഓഫീസര്‍മാരോട് ട്രംപ് ഇക്കാര്യം പറഞ്ഞിട്ടുണ്ടത്രെ. ട്രംപിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഹമാസ് അറിയിച്ചു. ഹമാസിലെ നേതാക്കളും പലസ്തീനിലെ മറ്റു സംഘടനാ നേതാക്കളും ചര്‍ച്ച നടത്തും.
ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുന്നതിന് പകരം ഹമാസ് ആയുധം വെടിയണം എന്നാണ് ഒരു നിബന്ധന. ഹമാസിന് യാതൊരു പങ്കാളിത്തവുമില്ലാത്ത ഭരണകൂടമായിരിക്കും ഗാസയില്‍ നിലവില്‍ വരിക. അതുകൊണ്ടുതന്നെ ട്രംപിന്റെ നിര്‍ദേശം അതുപോലെ ഹമാസ് അംഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. പലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്ന ഇസ്രായേലിന്റെ നിര്‍ദേശത്തോട് ഹമാസിന് മതിപ്പില്ല. വിട്ടയക്കുന്നതിന്റെ ഇരട്ടി പേരെ ഇസ്രായേല്‍ ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നുണ്ട്.
ട്രംപ് മുന്നോട്ടുവച്ച പദ്ധതിക്ക് ലോകത്തെ പല രാജ്യങ്ങളും പിന്തുണയുമായി രംഗത്തുവന്നു. ഫ്രാന്‍സ്, ഇന്ത്യ, കാനഡ, റഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം പിന്തുണ പ്രഖ്യാപിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബറിന് ശേഷം ഗാസയില്‍ 70000ത്തോളം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.












Click it and Unblock the Notifications