ജോ ബൈഡൻ പോളണ്ടിലെത്തും ; യുക്രൈൻ അതിർത്തിയിൽ നിന്ന് 80 കിലോമീറ്റർ അകലെ
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് പോളണ്ടിലെത്തും. യുക്രൈനിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള നഗരത്തിലേക്കാകും ബൈഡൻ എത്തുക. പോളിഷ് പ്രസിഡന്‍റ്, ജോ ബൈഡനെ സ്വാഗതം ചെയ്യും. റഷ്യ യുക്രൈൻ യുദ്ധ സാഹചര്യത്തിലാണ് ബൈഡന്റെ അടിയന്തര യൂറോപ്പ് സന്ദർശനമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അതേ സമയം പോളണ്ട് സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.
പോളണ്ട് സന്ദർശനവേളയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കണും റസെസോവിൽ എത്തിയിരുന്നു. മാർച്ച് അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. യുക്രൈൻ പൗരന്മാരെ സ്വീകരിക്കുന്ന പോളണ്ടിന്റെ ബ്രീഫിങ്ങും ജോ ബൈഡനുമായുള്ള കൂടിക്കാഴ്‌ചയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം റഷ്യക്ക് സഹായ വാഗ്‌ദാനവുമായി ബ്രിട്ടൻ രംഗത്തെത്തിയിരുന്നു. റഷ്യന്‍ സേനയ്ക്കെതിരെ പോരാടുന്നതിനായി യുക്രൈന് 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്. യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

അതേ സമയം യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശം ഒരു മാസം പിന്നിട്ടു. ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിനെ ആക്രമിച്ചത്. ഒരുമാസം പിന്നിടുമ്പോള്‍ യുക്രൈനില്‍ 12 വീടുകള്‍ ഉള്‍പ്പെടെ 87 വാസസമുച്ചയങ്ങളും 12 സ്‌കൂളുകളും ആറ് നഴ്‌സറി സ്‌കൂളുകളും തകർത്തതായി ദ് കീവ് ഇന്‍ഡിപെന്‍ഡന്റ് വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്‌തു. രണ്ടാം ലോകയുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പോരാട്ടമായി ഇത് മാറിയപ്പോൾ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തവരുടെ എണ്ണവും ലക്ഷങ്ങൾ കടന്നു. കീവിലും മരിയുപോളിലും സുമിയിലും റഷ്യൻ സേനയുടെ ആക്രമണത്തിൽ യുക്രൈൻ വലിയ പ്രതിരോധം തീർത്തിരുന്നു. റഷ്യയുടെ ബോംബാക്രമണത്തിൽ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിയുപോളിൽ ദിവസവും 50 മുതൽ 100 ബോംബാക്രമണങ്ങൾ നടക്കുന്നുവെന്നാണ് നഗരത്തിലെ ഭരണാധികാരികളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Recommended Video

യുക്രൈനിൽ നിന്ന് പലായനം ചെയ്‌ത ലക്ഷക്കണക്കിന് പേരിൽ 18 ലക്ഷം കുട്ടികളാണെന്ന് യുഎൻ കണക്കുകൾ പറയുന്നു. യുക്രൈനിൽ നിന്ന് ഭൂരിഭാഗം പേരും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്. അതേ സമയം ഈ ജനതയെ സ്വീകരിക്കുന്നതിൽ പോളണ്ട് അതിന്റെ പരിധിയിൽ എത്തിയെന്നും ഇനി പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും ജനതയെ സ്വീകരിക്കുന്നതിൽ നിലപാട് എടുക്കേണ്ടിവരുമെന്നും പോളണ്ട് പ്രസിഡന്‍റ് വ്യക്തമാക്കി.












Click it and Unblock the Notifications