ജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകും
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ ലീഡ് ചെയ്യുന്ന ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടത്തും. റിപ്പബ്ലിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപുമായി നേരിയ വോട്ട് വ്യത്യാസം മാത്രമാണ് ജോര്‍ജിയയില്‍ ജോ ബൈഡനുളളത്. ഈ സാഹചര്യത്തിലാണ് റീകൗണ്ടിംഗ് നടത്താനുളള നീക്കം.
16 ഇലക്ടറല്‍ വോട്ടുകള്‍ ആണ് ജോര്‍ജിയയില്‍ ഉളളത്. 2,450,391 വോട്ടുകള്‍ ഈ സംസ്ഥാനത്ത് ജോ ബൈഡന് ലഭിച്ചപ്പോള്‍ 2,448,818 വോട്ടുകള്‍ ഡൊണാള്‍ഡ് ട്രംപിനും ലഭിച്ചു. ജോര്‍ജിയയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ബ്രാഡ് റാഫെന്‍സ്‌പെര്‍ഗര്‍ ആണ് വീണ്ടും വോട്ടെണ്ണല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തളളിയിരുന്നു. വ്യാപകമായ ക്രമക്കേടാണ് തിരഞ്ഞെടുപ്പില്‍ നടക്കുന്നത് എന്നാണ് ട്രംപ് ആരോപിക്കുന്നത്. അതേസമയം ജോര്‍ജിയയില്‍ ഡെമോക്രാറ്റുകളുടേയും റിപ്പബ്ലിക്കന്‍സിന്റെയും നിരീക്ഷകരെ ഒരുപോലെ അനുവദിച്ചിട്ടുണ്ടെന്ന് റാഫെന്‍സ്‌പെര്‍ഗര്‍ വ്യക്തമാക്കി.
എല്ലാ ബാലറ്റുകളും കൃത്യമായി എണ്ണിയെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉറപ്പാക്കും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം തന്നില്‍ നിന്ന് തട്ടിയെടുക്കാനാണ് തിരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നാണ് ട്രംപ് ആരോപിച്ചത്. മാത്രമല്ല ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ നിയന്ത്രിക്കുന്നത് ഡെമോക്രാറ്റുകളാണ് എന്നും ട്രംപ് ആരോപിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ജോര്‍ജിയിലെ പ്രധാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ റിപ്പബ്ലിക്കനാണ്.
സ്വിംഗ് സ്റ്റേറ്റുകളായ നാലിടത്തെ ഫലം വരാത്തതാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ജോര്‍ജിയയിലും പെന്‍സില്‍വാനിയയിലും നെവാഡയിലും അരിസോണയിലും ജോ ബൈഡനാണ് ലീഡ് ചെയ്യുന്നത്. പെന്‍സില്‍വാനിയയില്‍ ബൈഡന്റെ ലീഡ് കുറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിജയത്തിലേക്ക് അടുക്കുന്ന ജോ ബൈഡന്‍ ഉടനെ രാജ്യത്തെ അഭിസംബോധന ചെയ്ത് വിജയ പ്രഖ്യാപനം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications