വീണ്ടും ട്രംപോ? ആദ്യ ഫലസൂചനകളില്‍ മുന്നില്‍, ജോർജിയയിലും ലീഡ്, പ്രതീക്ഷ കൈവിടാതെ കമല
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫല സൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍. പതിനഞ്ചോളം സംസ്ഥാനങ്ങളിലെ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ 101 ഇലക്ട്രല്‍ കോളേജുകളാണ് ട്രംപ് നേടിയത്. എതിർ സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലഹാരിസിന് 52 ഇലക്ട്രല്‍ വോട്ടുകളും ലഭിച്ചു.
പരമ്പരാഗതമായി തന്നെ റിപബ്ലിക്കന്‍ പാർട്ടിക്ക് അനുകൂലമായ സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നിന്നപ്പോള്‍ കഴിഞ്ഞ തവണ ജോ ബൈഡന് ലീഡ് നല്‍കിയ സംസ്ഥാനങ്ങള്‍ ഇത്തവണ കമലഹാരിസിനും അനുകൂലമായ നിലപാട് സ്വീകരിച്ചു. നിലവിലെ ഫല സൂചനകള്‍ പ്രകാരം ഇതുവരെ യാതൊരു വിധത്തിലുള്ള അട്ടിമറിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണത്തേതിന്റെ സമാനമായ രീതിയിലാണ് ഇതുവരേയുള്ള റിസല്‍ട്ട് മുന്നോട്ട് പോകുന്നത്.

ഫ്ലോറിഡ (30), ഒക്ലഹോമ (7), ഇന്ത്യാന (11), അലബാമ (9), മിസിസിപ്പി (6), അരക്കാനാസ് (6), കെന്റഗി (8), ടെന്നസി (11), വെസ്റ്റ് വെർജീന (4), സൗത്ത് കരോലിന (9) തുടങ്ങിയ സംസ്ഥാനങ്ങളാണ് ട്രംപിനൊപ്പം നിന്നത്. ഇല്ലിനോസ് (19), മേരിലാന്‍ഡ് (10), ന്യൂ ജഴ്സി (14), കണക്ടികട്ട് (7), മസാച്യുസെറ്റ്സ് (11), വെർമോണ്ട് (3) എന്നിങ്ങനെയാണ് കമലഹാരിസ് പിടിച്ച സംസ്ഥാനങ്ങള്‍.
നിർണ്ണായക മത്സരം നടക്കുന്ന പെൻസിൽവാനിയയില്‍ കമല ഹാരിസ് ലീഡ് നേടുന്നു എന്നതാണ് ശ്രദ്ധേയം. 20 ഇലക്ട്രല്‍ വോട്ടുകളുള്ള സംസ്ഥാനം പിടിക്കാനായി ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും വലിയ പ്രചരണമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോലും പെൻസിൽവാനിയ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം. പെൻസിൽവാനിയയിലെ പ്രധാന പട്ടണമാണ ഫിലാഡല്‍ഫിയ വോട്ടിങ് വലിയ രീതിയില്‍ ഉയർന്നതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വരികയായിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തി കേന്ദ്രമാണ് ഫിലാഡല്‍ഫിയ.
കഴിഞ്ഞ തവണ ജോ ബൈഡനൊപ്പമായിരുന്നു പെൻസിൽവാനിയ. 13 ശതമാനം വോട്ട് മാത്രമാണ് ഇതുവരെ പെൻസിൽവാനിയയില്‍ എണ്ണിയിരിക്കുന്നത്. ഇതുവരെ 66 ശതമാനം വോട്ട് കമലഹാരിസിന് ലഭിച്ചപ്പോള്‍ ട്രംപ് നേടിയത് 33 ശതമാനം വോട്ടാണ്. 2020 ല്‍ ജോ ബൈഡനും ട്രംപും തമ്മിലെ വോട്ട് വിഹിതത്തിലെ വ്യത്യാസം 1.2 ശതമാനത്തിന്റേത് മാത്രമായിരുന്നു.
വാശിയേറിയ പോരാട്ടം നടക്കുന്ന ജോർജിയയില്‍ ട്രംപിന് ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളത് റിപ്പബ്ലിക്കുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. 67 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ട്രംപിന് 52 ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചത്. കമലയ്ക്ക് 47 ശതമാനം വോട്ടും സ്വന്തമാക്കാനായി. 16 ഇലക്ട്രല്‍ വോട്ടുകളുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ വിജയം സ്വന്തമാക്കിയത് ജോ ബൈഡനായിരുന്നു.












Click it and Unblock the Notifications