ട്രംപും കമലയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; നിർണായകമാവുക കടുത്ത മത്സരം നടക്കുന്ന ഈ സംസ്ഥാനങ്ങൾ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് നാൾ ശേഷിക്കെ കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ വന്ന സർവേകൾ പലതും ട്രംപിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതിനിടയിൽ രാജ്യത്തെ നിർണായകമായ നാല് സംസ്ഥാനങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ് നിലാവിലെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുഎസ് തിരഞ്ഞെടുപ്പുകളുടെ കഴിഞ്ഞകാല ചരിത്രമെടുത്താൽ 'സ്വിങ് സ്‌റ്റേറ്റുകൾ' എന്ന് വിളിക്കപ്പെടുന്ന ചില സംസ്ഥാനങ്ങളാണ് ഫലത്തെ സ്വാധീനിക്കാറുള്ളത്. ഒന്നും രണ്ടും സംസ്ഥാനങ്ങളല്ല അവയൊന്നും ഓർക്കണം. ഏഴോളം നിർണായക സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെയാണ് കമലയും ട്രംപും ഒരുപോലെ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വലിയ രീതിയിൽ പ്രചാരണം നടത്തിയത്.

നിർണായക സംസ്ഥാനങ്ങൾ ഇവയൊക്കെ
ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ നിന്ന് യുഎസിനെ വ്യത്യസ്‌തമാക്കുന്ന ഒട്ടേറെ ഘടകകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വോട്ടർമാർക്ക് നേരത്തെ തന്നെ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവകാശം.നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയ വോട്ടിംഗ് കേന്ദ്രങ്ങളിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നുണ്ട്.
അത്തരമൊരു ഘട്ടത്തിൽ പ്രചാരണം വലിയ രീതിയിൽ അവരെ സ്വാധീനിക്കും. അതിൽ തന്നെ ഇരു സ്ഥാനാർത്ഥികൾക്കും ഈ ഏഴ് സംസ്ഥാനങ്ങൾ ഏറെ നിർണായകമാണ്. ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ, നെവാഡ, അരിസോണ എന്നിങ്ങനെയാണ് ഈ നിർണായക സംസ്ഥാനങ്ങൾ.
ഇതിൽ പല സംസ്ഥാനങ്ങളിലെയും സർവേ ഫലങ്ങൾ പുറത്തുവന്നപ്പോൾ രണ്ട് പേർക്കും ഒരുപോലെ ആശ്വസിക്കാനും ആശങ്കയ്ക്കും വകയുണ്ട്. ജോർജിയയിൽ നിലവിൽ ട്രംപിനാണ് മേൽക്കൈ എന്നാണ് ചില സർവേകൾ പ്രവചിക്കുന്നത്. ചില സർവേകൾ ഒപ്പത്തിനൊപ്പം മത്സരമാണെന്നും പറയുന്നുണ്ട്. മറ്റൊരു നിർണായക മണ്ഡലമായ നോർത്ത് കരോലിനയിലും ട്രംപിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.
ബൈഡനോട് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തവണ മികച്ച പോരാട്ടം നടത്തിയ പെൻസിൽവാനിയയിൽ ഇക്കുറി പക്ഷേ കമല ഹാരിസും ട്രംപും ഒപ്പത്തിനൊപ്പമാണ്. എന്നാൽ മിഷിഗണിലെ ഒട്ടുമിക്ക സർവേകളും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിനാണ് മുൻതൂക്കം, അതും വ്യക്തമായ ലീഡ് നിലയോട് കൂടി പ്രവചിക്കുന്നുണ്ട്.
ശേഷിക്കുന്നവയിൽ വിസ്കോൺസിൻ ട്രംപിനൊപ്പമാണെന്നും നെവാഡയിൽ ഇരു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമാണെന്നും സർവേകൾ ചൂണ്ടിക്കാണിക്കുന്നു. അരിസോണയിലും ഏതാണ്ട് ഇതേ അവസ്ഥയാണ് സർവേകൾ സൂചിപ്പിക്കുന്നത്. അതായത് നാലോളം സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടം നടക്കുന്നുവെന്ന് ചുരുക്കം.
സ്ഥാനാർത്ഥികൾ ആത്മവിശ്വാസത്തിൽ
നവംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥികൾ രണ്ടു പേരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ട്രംപിനെ സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കമല ഹാരിസ് തന്റെ അവസാന പ്രസംഗത്തിൽ സംസാരിച്ചത്. ട്രംപും വിജയ പ്രതീക്ഷയിൽ തന്നെയാണ്. അവസാന നിമിഷത്തെ കുതിപ്പിലൂടെ ജയം കൈപ്പിടിയിൽ ഒതുക്കാമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.












Click it and Unblock the Notifications