അലറി വിളിച്ചും കുഴഞ്ഞ് വീണും മനുഷ്യര്‍, അമേരിക്കയെ ഭീതിയിലാഴ്ത്തി 'സോംബി മനുഷ്യര്‍'; ഞെട്ടല്‍
അമിത ഉപയോഗമുണ്ടായാല്‍ പിന്നെ ഒരിക്കലും രക്ഷപ്പെടുത്താനാകില്ല എന്നതാണ് ഈ മരുന്നിന്റെ അപകടം. ശരീരത്തിലാകമാനം മുറിവുകളും ഈ മരുന്നുണ്ടാക്കും

ന്യൂയോര്‍ക്ക്: 2016 ല്‍ ദക്ഷിണ കൊറിയയില്‍ പുറത്തിറങ്ങിയ ട്രെയിന്‍ ടു ബുസാന്‍ എന്ന ചിത്രം ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. ഒരു ട്രെയിന്‍ യാത്രക്കിടെയിലെ സോംബി ആക്രമണവും അതില്‍ നിന്നുള്ള അതിജീവനവുമാണ് സിനിമ പറയുന്നത്. സമാനമായ ഒരു അവസ്ഥയ്ക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. മാരകമായ ഒരു മരുന്ന് അമേരിക്കന്‍ തെരുവുകളില്‍ നേരെ നില്‍ക്കാന്‍ സാധിക്കാതിരിക്കുന്ന ആളുകളുടെ എണ്ണം കൂട്ടുകയാണ്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള ആളുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്ന് ഇത് സോംബി വൈറസ് ആക്രമണമാണ് എന്ന തരത്തില്‍ പല അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം സോംബി ഡ്രഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മയക്കുമരുന്നാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തെരുവുകളില്‍ കുഴഞ്ഞിരിക്കുന്ന ആളുകളുടേയും അലറി വിളിക്കുന്നവരുടേയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സൈലാസൈന്‍ എന്ന മരുന്നാണ് അമേരിക്കയിലെ 'സോംബി മനുഷ്യരെ' സൃഷ്ടിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കുതിരകള്‍, കന്നുകാലികള്‍, മറ്റ് മനുഷ്യേതര സസ്തനികള്‍ എന്നിവയില്‍ മയക്കം, അനസ്‌തേഷ്യ, വേദനസംഹാരികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഒരു ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നാണ് സൈലാസൈന്‍. എന്നാല്‍ ഇത് മനുഷ്യര്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് കണ്ടെത്തല്‍.
ഫിലാഡല്‍ഫിയയിലെ തെരുവുകളില്‍ ആണ് ഇത് ആദ്യം വിറ്റ് തുടങ്ങിയത്. പിന്നീട് ഇത് സന്‍ഫ്രാന്‍സിസ്‌കോ അടക്കമുള്ള നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പൊതുജനാരോഗ്യ വിദഗ്ധര്‍ അതിന്റെ വ്യാപനത്തില്‍ ആശങ്കയിലാണ്. ഒമ്പത് മാസം മുമ്പ് വരെ തന്റെ ശരീരത്തില്‍ മുറിവുകളില്ലായിരരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ തന്റെ കാലുകളിലും കൈകളിലും ദ്വാരങ്ങളും മുറിവുകളും ഉണ്ട് എന്ന് സാം എന്ന 28 കാരനായ യുവാവ് സ്‌കൈ ന്യൂസിനോട് പറഞ്ഞു.

തീവ്രമായ ഉറക്കം, ശ്വസനത്തിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മനുഷ്യരില്‍ ഇതുണ്ടാക്കുന്ന ആദ്യഫലം. എന്നാല്‍ ഇതിന് സോംബി ഫലങ്ങളും നല്‍കാന്‍ സാധിക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ മരുന്ന് ഉപയോഗിക്കുന്നവരുടെ തൊലിയില്‍ ദ്വാരങ്ങളുള്ള മുറിവുകളുണ്ടാക്കും. അതിനാലാണ് ഇതിനെ സോംബി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. തുടര്‍ച്ചയായി ഈ മരുന്ന് ഉപയോഗിക്കുന്നത് വഴി മുറിവ് വ്യാപിക്കുകയും ക്യാന്‍സറിന് സമാനമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.
അങ്ങനെ വന്നാല്‍ ശരീരത്തിലെ പ്രസ്തുത ഭാഗം മുറിച്ച് കളയേണ്ടി വരും. സോംബി ഡ്രഗ് അമിതമായി ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് ഒരു അതിജീവനത്തിനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് മറ്റൊരു അപകടം. ഇതിനുള്ള റിവേഴ്‌സല്‍ ചികിത്സയായ നലോക്‌സോണ്‍ അഥവാ നാര്‍ക്കനോട് പോലും രോഗം ബാധിച്ച ആളുകള്‍ക്ക് പ്രതികരിക്കാനാകില്ല എന്നത് ഭീതിയുടെ ആഴം കൂട്ടുന്നു.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍, വെറ്റിനറി ഉപയോഗത്തിനായി ഒപിയോയിഡ് അല്ലാത്ത സൈലാസൈന്‍ അംഗീകരിച്ചിട്ടുണ്ട് എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നത്. എന്നാല്‍ ഇത് മനുഷ്യരില്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് 2021-ല്‍ 2668 പേര്‍ ഓവര്‍ഡോസ് മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സൈലാസൈന്‍ ഉപയോഗിച്ച് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍, സൈക്കോ ആക്റ്റീവ് ഇഫക്റ്റുകള്‍ വര്‍ദ്ധിക്കുകയും മയക്കുമരുന്ന് ഉപയോഗത്തിന്റെ ആസ്വാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ഈ ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തുന്നത് വരെ യുഎസിലെ തെരുവുകളില്‍ സോംബികളെപ്പോലെയുള്ള ആളുകളെ കാണുന്നത് സാധാരണ കാഴ്ചയായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.












Click it and Unblock the Notifications