വെനിസ്വേലന്‍ പ്രസിഡന്റും ഭാര്യയും ജയിലില്‍ തുടരും; കോടതിയില്‍ കുറ്റങ്ങള്‍ നിഷേധിച്ചു: അടുത്ത വാദം മാര്‍ച്ചില്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈന്യം വെനിസ്വേലയില്‍ നിന്ന് പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും കോടതിയില്‍ ഹാജരാക്കി. ഇരുവരും തങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിഷേധിച്ചു. അതിശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്ക് കോടതിയില്‍ എത്തിച്ചത്. ജയിലിലെ നീല വസ്ത്രം ധരിപ്പിച്ചാണ് രാഷ്ട്രത്തലവനായ മഡൂറോയെ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റീന് മുന്നില്‍ ഹാജരാക്കിയത്.
അതീവ രഹസ്യമായ ഓപ്പറേഷനിലൂടെയാണ് വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നിന്ന് അമേരിക്കന്‍ സൈന്യം വെനിസ്വേലന്‍ പ്രസിഡന്റായ മഡുറോയെ പിടികൂടിയത്. യുഎസിലേക്ക് കൊക്കെയ്ന്‍ കടത്താന്‍ ഗൂഢാലോചന നടത്തി, ഭീകരവാദത്തിന് കൂട്ടുനില്‍ക്കല്‍, അഴിമതി, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് അമേരിക്ക തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മഡൂറോ വാദിച്ചു.

'ഞാന്‍ മാന്യനായ വ്യക്തിയാണ്. എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്. എന്നെ തട്ടിക്കൊണ്ടുപോയതാണ്. ഞാന്‍ നിരപരാധിയാണ്' - ഇതായിരുന്നു മഡൂറോ പറഞ്ഞത്. തനിക്കെതിരെയുള്ള മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. മഡൂറോയുടെ ഭാര്യയും വെനിസ്വേലയിലെ പ്രഥമ വനിതയുമായ സീലിയ ഫ്‌ളോറസും താന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് സ്പാനിഷ് ഭാഷയില്‍ കോടതിയെ അറിയിച്ചു. കേസിലെ അടുത്ത വിചാരണ മാര്‍ച്ച് 17-ലേക്ക് കോടതി മാറ്റി. അതുവരെ ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
വര്‍ഷങ്ങളായി നിക്കോളാസ് മഡൂറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വെനിസ്വേലയില്‍ ജനാധിപത്യം അട്ടിമറിച്ചതായും മയക്കുമരുന്ന് മാഫിയകളുമായി ചേര്‍ന്ന് അമേരിക്കയിലേക്കു ടണ്‍ കണക്കിന് ലഹരിവസ്തുക്കള്‍ എത്തിക്കാന്‍ സഹായിച്ചതായും ചൂണ്ടിക്കാട്ടിയാണ് മഡൂറോയെ പിടികൂടിയത്. കാരക്കാസിലെ മഡുറോയുടെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ എലൈറ്റ് വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് അദ്ദേഹത്തെ പിടികൂടിയതെന്നാണ് പുറത്തു വരുന്ന വിവരം.
ഈ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. മഡൂറോയ്ക്ക് പിന്തുണയുമായി റഷ്യ, ചൈന അടക്കമുള്ള ലോക രാജ്യങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ മറ്റൊരു രാജ്യം സൈനിക ബലം ഉപയോഗിച്ച് പിടികൂടിയത് ശരിയല്ലെന്ന് ചില രാജ്യങ്ങള്‍ വാദിക്കുന്നു. എന്നാല്‍ ലാറ്റിന്‍ അമേരിക്കയിലെ സമാധാനം തകര്‍ക്കുന്ന മയക്കുമരുന്ന് ശൃംഖലയെ ഇല്ലാതാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. വരും ദിവസങ്ങളില്‍ കേസിന്റെ കൂടുതല്‍ വിചാരണ നടപടികള്‍ ന്യൂയോര്‍ക്കിലെ കോടതിയില്‍ തുടരും. ഇനിയും ജയിലില്‍ കഴിയേണ്ടി വരുന്ന മഡൂറോയുടെയും ഭാര്യയുടെയും ഭാവി എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം.












Click it and Unblock the Notifications