യുക്രൈന് സമാധാനം കിട്ടുമെങ്കില്‍ പ്രസിഡന്റ് പദവി ഒഴിയാനും തയ്യാർ; പക്ഷെ നാറ്റോ അംഗത്വം വേണം: സെലെൻസ്കി
കീവ്: യുക്രൈന് സമാധാനം കിട്ടുമെങ്കില്‍ രാജ്യത്തിന്റെ പ്രസിഡന്റ് പദവി ഒഴിയാന്‍ തയ്യാറാണെന്ന് വൊളോഡിമിർ സെലെൻസ്കി. എന്നാല്‍ താന്‍ രാജിവെക്കാന്‍ യുക്രെയ്ന് നാറ്റോ അംഗത്വം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'യുക്രൈനെ നാറ്റോ സൈനിക സഖ്യത്തിൽ പ്രവേശിപ്പിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഞാന്‍ തയ്യാറാണ്', സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെയാണ് സെലെൻസ്‌കിയുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 2019ൽ 5 വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സെലെൻസ്‌കി, രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം 'സ്വേച്ഛാധിപതി' ആണെന്നുമായിരുന്നു ട്രംപിന്റെ ആരോപണം. റഷ്യ നിരന്തരം ആക്രമിക്കുകയും അഞ്ചിലൊന്നു പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തതിനാൽ യുദ്ധം അവസാനിച്ചതിന് ശേഷം മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ഉക്രൈന്‍ വ്യക്തമാക്കുന്നത്.

ട്രംപിന്റെ അഭിപ്രായങ്ങളിൽ താൻ "അസ്വസ്ഥനല്ല" എന്നും ഉക്രെയ്‌നിൽ പട്ടാള നിയമം അവസാനിച്ചുകഴിഞ്ഞാൽ തിരഞ്ഞെടുപ്പിലൂടെ തന്റെ ജനപ്രീതി പരീക്ഷിക്കാൻ തയ്യാറാണെന്നും സെലെൻസ്‌കി പറഞ്ഞു. മൂന്ന് വർഷത്തിനു ശേഷമുള്ള ആദ്യത്തെ ഉന്നതതല ചർച്ചകൾക്കായി കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ യുഎസ്, റഷ്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതുമുതൽ സെലെൻസ്‌കിയും ട്രംപും തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നുണ്ട്. ഈ മാസം റഷ്യയുമായുള്ള സമാധാന ചർച്ചകൾ ട്രംപ് തുടങ്ങിയിരുന്നു. സൗദി അറേബ്യ കേന്ദ്രീകരിച്ചാണ് ചർച്ച നടക്കുന്നത്.
വെടിനിർത്തല്‍ കരാർ നടപ്പിലാകുകയാണെങ്കില്‍ ഉടന്‍ തന്നെ യുക്രൈന്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. തിരഞ്ഞെടുപ്പ് നടന്നാലും സെലെൻസ്‌കിക്ക് ഭയപ്പെടാനൊന്നുമില്ല. ഫെബ്രുവരിയില്‍ നടത്തിയ ഒരു സർവേ പ്രകാരം രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും സെലെൻസ്‌കി അധികാരത്തിൽ തുടരണമെന്നാണ് 69% യുക്രെയ്ൻകാരും കരുതുന്നത്.
അതേസമയം, ഫെബ്രുവരി 24 ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂന്ന് വർഷം പൂർത്തീകരിക്കുകയാണ്. മൂന്നാം വാർഷികത്തില്‍ റഷ്യ യുക്രൈനെതിരെ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളുള്‍പ്പെടെ 13 സ്ഥലത്താണ് റഷ്യ ഒരേ സമയം ആക്രമണം ശക്തമാക്കിയത്. യുക്രൈനില്‍ ഇതുവരെ നടന്നതിലെ ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 267 ഡ്രോണുകളാണ് ഈ പ്രദേശങ്ങളിലേക്ക് പറന്നെത്തിയത്. ഇതില്‍ 138 എണ്ണത്തിനെ വെടിവെച്ചിടാനായെന്നും യുക്രൈന്‍ സേന പറയുന്നു.












Click it and Unblock the Notifications