ലോക ജനസംഖ്യയെ 800 കോടിയിലെത്തിച്ച ആ കുഞ്ഞാരാണ്? പേരും നാടും എന്താണ്?
ലോക ജനസംഖ്യ 800 കോടിയിൽ തൊട്ടിരിക്കുകയാണ്. ഈ ഒരു നിമിഷത്തിൽ ലോകം മുഴുവൻ കാത്തിരിക്കുന്നത് 800 കോടി എന്ന അക്കത്തിൽ ലോക ജനസംഖ്യയെ എത്തിച്ച ആ കുഞ്ഞ് ആരാണെന്നറിയാനാണ്.
സോഷ്യൽമീഡിയയിലെ താരമാണ് ആ കുഞ്ഞ്. ലോക ജനസംഖ്യ 800 കോടിയിൽ എത്തിച്ചത് ഒരു പെൺകുഞ്ഞാണ്. ആരാണ് ആ കുഞ്ഞെന്നും പേരെന്താണെന്നും ഏത് നാട്ടിലാണെന്നും അറിയാം...

ലോക ജനസംഖ്യ 800 കോടി തൊട്ടത് ഫിലിപ്പീൻസിലെ മനിലയിൽ ആണ്. മനിലയിലെ ടോണ്ടോയിൽ ജനിച്ച പെൺകുഞ്ഞാണ് 800 കോടി എന്ന അക്കത്തിലേക്ക് ലോക ജനസംഖ്യ തികച്ചത്. ഡോ ജോസ് ഫാബെല്ല മെമ്മോറിയൽ ഹോസ്പിറ്റലിൽ പുലർച്ചെ 1:29 ന് (പ്രാദേശിക സമയം) ബേബി വിനീസ് മബൻസാഗ് ജനിച്ചു. ഇതോടെയാണ് ലോക ജനസംഖ്യ 800 കോടിയിലെത്തിയതായി കണക്കാക്കിയത്.കുട്ടിയുടേയും അമ്മയുടേയും ചിത്രങ്ങൾ ഫിലിപ്പീൻസ് കമ്മീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്പമെന്റ് ഔദ്യോഗിക ഫെസ്ബുക്ക് പേജിൽ പങ്കുവെച്ചു. ലോക ജനസംഖ്യ 800 കോടി എന്ന നാഴികക്കല്ലിൽ എത്തിയതായും ടോണ്ടോയിൽ ജനിച്ച പെൺകുഞ്ഞിനെ 800 കോടിയിലെ പിറവിയായി സ്വാഗതം ചെയ്യുന്നതായും ആണ് ചിത്രത്തിനൊപ്പം ഉള്ള കുറിപ്പ്...

ഭാവിയിൽ വിനീസ് വികസനത്തിന്റെ പ്രതീകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മീഷൻ ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (പോപ്‌കോം) ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലിനത്ത് തെരേസ് മൊൺസാൽവെ പറഞ്ഞു. "ആരോഗ്യം, വിദ്യാഭ്യാസം, പിന്നെ അവർ വളർന്നുവരുമ്പോൾ പാർപ്പിടം എന്നീ കാര്യങ്ങളിൽ ഈ കുഞ്ഞുങ്ങൾക്കും വരാനിരിക്കുന്ന മറ്റ് കുഞ്ഞുങ്ങൾക്കും വേണ്ടി അവർ നൽകേണ്ട സാധ്യമായ ഇടപെടലുകൾക്കായി ഞങ്ങൾ പ്രത്യേകിച്ച് പ്രാദേശിക സർക്കാർ യൂണിറ്റുകളെ നോക്കുകയാണ്," അവർ പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോകജനസംഖ്യ ഇന്നാണ് 800 കോടിയിൽ തൊട്ട ദിവസം. 700 കോടി പിന്നിട്ട് 11 വർഷം പിന്നിടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്. 2022ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്.

ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനസംഖ്യാ വളർച്ചയുടെ വർധനവ് പ്രതിവർഷം ഒരു ശതമാനത്തിൽ താഴെയാണ്. 2030ൽ ലോകജനസംഖ്യ 850 കോടിയും 2050ൽ 970 കോടിയും എത്തിയേക്കാം. 2080കളിൽ ഏറ്റവും ഉയർന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. ജനനനിരക്കിൽ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളർച്ചയുടെ കാരണം.

2050 വരെയുള്ള ജനസംഖ്യാവളർച്ചാ അനുമാനത്തിൽ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ എട്ടു രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനാൽ ലോകത്ത് മരണനിരക്കും വളരെ കുറവാണ് എന്നാണ് വിവരം..












Click it and Unblock the Notifications