40000 പാകിസ്താനികളെ സൗദി അറേബ്യ നാടുകടത്തിയത് ഇന്ത്യക്ക് വേണ്ടി; കൂടെ ട്രംപും, കുവൈത്തിനുമുണ്ട്...

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ പാകിസ്താന്‍കാരെ കൂട്ടത്തോടെ നാടുകടത്തുന്നത് ഇന്ത്യയോടുള്ള മമത മൂലം. ഇന്ത്യയുമായി ബന്ധം ശക്തമാക്കാനാണ് സൗദിയുടെ ശ്രമമെന്നാണ് റിപോര്‍ട്ട്. ഇരുരാഷ്ട്രങ്ങളും പാരമ്പര്യമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരാണെങ്കിലും ഇന്ത്യയോടുള്ള സ്‌നേഹം കൂടുതലായി പ്രകടിപ്പിക്കുകയാണ് സൗദി.

നാല് മാസത്തിനിടെ സൗദിയില്‍ നിന്ന് 39000 ലധികം പാകിസ്താനികളെയാണ് നാടുകടത്തിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് നടപടിയെടുത്തതെന്ന് സൗദിയിലെ പ്രമുഖ പത്രമായ സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയിലേയും അമേരിക്കയിലേയും സര്‍ക്കാരുകളുടെ പ്രീതി പിടിച്ചുപറ്റുകയായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് റിപോര്‍ട്ട്.

സൗദിയുടെ നടപടി ആദ്യം, കുവൈത്തിലും നിരോധനം

ആദ്യമായാണ് സൗദി അറേബ്യ ഇത്രയും പാകിസ്താന്‍കാരെ നാടുകടത്തുന്നത്. സൗദിയുടെ നടപടിയുടെ തുടര്‍ച്ചയെന്നോണം ജിസിസി രാജ്യമായ കുവൈത്തും പാകിസ്താന്‍ പൗരന്‍മാരെക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. അഞ്ചു മുസ്ലിം രാജ്യങ്ങള്‍ക്ക് അവര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പാകിസ്താനും ഉള്‍പ്പെടും.

യുഎഇക്ക് ശേഷം സൗദി

ഗള്‍ഫില്‍ യുഎഇക്ക് ശേഷം ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളുമായി കൂടുതല്‍ സഹകരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദിയില്‍ നിരവധി തീവ്രവാദ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് വേണ്ടിയുള്ള പണം ഒഴുകുകയോ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.

സൗദി രാജാവ് ഈ വര്‍ഷം ഇന്ത്യയില്‍

സൗദി രാജാവ് സല്‍മാന്‍ ഈ വര്‍ഷം ഇന്ത്യയിലെത്തുന്നുണ്ട്. എണ്ണ സമ്പന്നമായ സൗദി, ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധം ശക്തമാക്കാനാണ് സൗദിയുടെ തീരുമാനം. അതിന് മുന്നോടിയായാണ് സൗദി ഭീകരവിരുദ്ധ നടപടികള്‍ ത്വരിതപ്പെടുത്തിയത്.

ഭീകരരുമായി ബന്ധം

ഐസിസുമായും മറ്റു ഭീകര സംഘടനകളുമായും ബന്ധമുള്ള പാകിസ്താന്‍ പൗരന്‍മാരെയാണ് നാടുകടത്തിയതെന്നാണ് സൗദി ഗസറ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയത്. സൗദി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. കൂടാതെ കുറ്റകൃത്യങ്ങള്‍ ചെയ്യുക, മയക്കുമരുന്ന് കടത്ത്, മോഷണം, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ കേസില്‍പ്പെട്ട പാകിസ്താന്‍കാരെയും നാട് കടത്തിയിട്ടുണ്ട്.

ഇന്ത്യക്കാര്‍ പ്രിയപ്പെട്ടവര്‍

എന്നാല്‍ ഇന്ത്യക്കാരുടെ അവസ്ഥ സൗദിയിലും മറ്റു ജിസിസി രാജ്യങ്ങളിലും നേരെ തിരിച്ചാണ്. ജിസിസി രാജ്യങ്ങളില്‍ ഏറെ പ്രിയങ്കരായ തൊഴിലാളികള്‍ ഇന്ത്യക്കാരാണെന്ന് ഇക്കണോമിക് ടൈംസ് റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞാഴ്ച സൗദി നാടുകടത്തിയ 153 പാകിസ്താനികള്‍ പ്രത്യേക വിമാനത്തില്‍ ലാഹോറിലെത്തിയിരുന്നു. അഞ്ച് സ്ത്രീകളും ഇതില്‍പ്പെടും.

 സൗദിയുടെ തകര്‍ച്ചയാണ് യഥാര്‍ഥ കാരണം?

അതേസമയം, നാടുകടത്തലിന് പിന്നില്‍ മറ്റു കാരണങ്ങളും പറയുന്നുണ്ട്. എണ്ണ വില തകര്‍ച്ചയിലുണ്ടായ ഇടിവും അതുമൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും ശമ്പളം നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളുമാണ് ഇത്രവേഗം 40000 പേരെ പുറത്താക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഇനി സൗദിയിലേക്ക് ജോലിക്കെത്തുന്നവരെ നിയന്ത്രിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ ഒരുതരം മറയാണെന്ന് വേണം കരുതാന്‍.

താലിബാന്‍ ബന്ധവും സൗദി ഭയക്കുന്നു

പാകിസ്താനികള്‍ സൗദിയിലെത്തുന്നതിന് മുമ്പ് കര്‍ശനമായ പരിശോധന വേണമെന്ന് സൗദി അറേബ്യന്‍ ശൂറാ കൗണ്‍സിലിന്റെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ ചെയര്‍മാന്‍ അബ്ദുല്ലാ അല്‍ സദൗന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ ജനതയുമായുള്ള പാകിസ്താനികളുടെ ബന്ധമാണ് സൗദിക്ക് ഇത്തരം സംശയത്തിന് ഇടയാക്കുന്നത്. നിരവധി താലിബാന്‍ നേതാക്കള്‍ക്ക് പാകിസ്താനില്‍ നല്ല സ്വാധീനവുമുണ്ടെന്നും അബ്ദുല്ല പറയുന്നു.

താലിബാനെ ആദ്യം അംഗീകരിച്ചവരില്‍ സൗദിയും

താലിബാന് പാകിസ്താന്റെ പിന്തുണയുണ്ടെന്ന് സൗദി അറേബ്യ ആദ്യമായാണ് തുറന്നുപറയുന്നത്. 1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങളിലൊന്നാണ് സൗദി. എന്നാല്‍ ഇന്ന് അവര്‍ക്ക് താലിബാനോടുള്ള നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. അതിന് കാരണമായി പറയുന്നത് ഇന്ത്യയിലേയും അമേരിക്കയിലേും ഭരണമാറ്റങ്ങളാണ്.

82 പാകിസ്താനികള്‍ ഇപ്പോഴും രഹസ്യതടവില്‍

ഭീകവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് അറസ്റ്റിലായ 82 പാകിസ്താനികള്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജയിലുകളിലാണെന്ന് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്യുന്നു. ജിദ്ദയിലെ അല്‍ ഹസ്രത്തിലും അല്‍ നസീമിലുമുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തത്. ഈ 15 പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും.

പാകിസ്താനികളെ സംശയിക്കാന്‍ കാരണം

ജിദ്ദയിലെ അല്‍ ജൗഹറ സ്റ്റേഡിയത്തിനടുത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമണശ്രമം സൗദി പോലിസ് തകര്‍ത്തിരുന്നു. രണ്ട് പാകിസ്താനികളായിരുന്നു സംഭവത്തില്‍ അറസ്റ്റിലായത്. സൗദി-യുഎഇ ദേശീയ ടീമുകളുടെ ഫുട്‌ബോള്‍ മല്‍സരം കാണാന്‍ 60000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്.

English summary
Saudi Arabia has deported almost 40,000 Pakistanis in the last four months on grounds of security, reflecting hardening stance towards its traditional ally. A leading Saudi paper, Saudi Gazette, reported last week that over 39,000 Pakistanis have been deported from Saudi Arabia during the period. This is the first time that Riyadh has taken such a step in dealing with a section of Pakistani nationals it claims could be involved in acts of terror.
Please Wait while comments are loading...