ശ്രീലങ്കൻ പ്രസിഡന്റിനെ തള്ളി പ്രതിപക്ഷം, കൂടെ നിന്നില്ലെങ്കിലും രാജി വെക്കില്ലെന്ന് രജപക്‌സെ
കൊളംബോ: ശ്രീലങ്കയിൽ പ്രധാനമന്ത്രി ഒഴികെ മറ്റ് മന്ത്രിമാരെല്ലാം രാജി വെച്ച സാഹചര്യത്തിൽ ഐക്യ സർക്കാരിൽ ചേരാനുള്ള പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ക്ഷണം നിരസിച്ച് പ്രതിപക്ഷ പാർട്ടികൾ. പ്രസിഡന്റിന്റെ ക്ഷണം കപടമാണെന്നാണ് ശ്രീലങ്കയിലെ പ്രതിപക്ഷ പാർട്ടികൾ പറഞ്ഞത്. എന്നാൽ പ്രതിപക്ഷം ഒപ്പം നിന്നില്ലെങ്കിലും രാജി വെക്കില്ല എന്ന് ഗോതബായ രാജപക്‌സെയും പറഞ്ഞു.
ഗവൺമെന്റിൽ ചേരാൻ പറഞ്ഞ പ്രസിഡന്റിന്റെ ആഹ്വാനത്തെ അസംബന്ധം എന്നാണ് പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചത്. രാജ്യത്ത് ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുടെ ദൗർലഭ്യം രൂക്ഷമാണെന്നും രാജപക്‌സെക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അതിനാൽ രാജിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അതേ സമയം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ സമ്മേളനത്തിന് ലങ്കൻ പാർലമെന്റ് ഇന്ന് ചേരും. ഇന്നത്തെ ദിവസം പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഏറെ നിർണായകം ആയിരിക്കും. ഒരു സമ്പൂർണ മന്ത്രിസഭയെ നിയമിക്കുന്നതുവരെ പാർലമെന്റിന്റെ നിയമസാധുതയും സ്ഥിരതയും നിലനിർത്താൻ ലങ്കൻ പ്രസിഡന്റ് നാല് മന്ത്രിമാരെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നും അറിയിച്ചു.

രാജ്യത്ത് മരുന്ന് ക്ഷാമം രൂക്ഷമായതിനാൽ ചൊവ്വാഴ്ച മുതൽ ശ്രീലങ്കയിൽ അടിയന്തര ആരോഗ്യ സാഹചര്യം പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാർ രാജി വെച്ചതിനെ തുടർന്ന് രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഗവർണർ അജിത് കബ്രാലും രാജി വെച്ചിരുന്നു. ഇതോടു കൂടി സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് പുതിയ ഭരണകൂടത്തിന്റെ മാത്രം ചുമതലയായി മാറി. ലങ്കയുടെ പ്രധാന വരുമാന ശ്രോതസായ ടൂറിസം കോവിഡ് പ്രതിസന്ധിയിൽ നിന്ന് പോയത് ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. നേരത്തെ കൊളംബോയിലെ തന്റെ വീട്ടിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന്റെ പിറ്റേന്ന് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. കർഫ്യൂ ലംഘിച്ചതിന് 664 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
അതേ സമയം ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കുന്നതിന്റെ ഭാ ഗമായി 1 ബില്യൺ യുഎസ് ഡോളർ വായ്പ നൽകുമെന്ന് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ലങ്ക കടന്നുപോകുന്നത്. ഭക്ഷണം, ഇന്ധനം, മരുന്ന് മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ദൗർലഭ്യം രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. ഇതിന് പുറമെ പണപ്പെരുപ്പവും പത്ത് മണിക്കൂറിലധികം നീളുന്ന പവർകട്ടുകളും ജനങ്ങളുടെ കഷ്ടപ്പാട് വർധിപ്പിക്കുകയാണ്.












Click it and Unblock the Notifications