സിന്‍വാര്‍ വധം; ഹമാസ് ബന്ദികളാക്കിയവരുടെ ജീവനില്‍ ആശങ്ക; വെടിനിര്‍ത്തലിന് സമയമായെന്ന് യുഎസ്
ജറുസലേം: ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെ ആശങ്കയിലായി ഗസയില്‍ ബന്ദികളാക്കപ്പെട്ടഇസ്രായേലികളുടെ കുടുംബം. നിലവിലെ സാഹചര്യം ഹമാസ് ബന്ദികളാക്കി വെച്ചവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് യഹിയ സിന്‍വാര്‍. തെക്കന്‍ ഗാസയിലെ ദൗത്യത്തിനിടെയാണ് ഇസ്രായേലി സൈന്യം യഹിയയെ വധിച്ചത്.
യഹിയയുടെ കൊലപാതകത്തോടെ തന്റെ മകന്റെ ജീവന്‍ കൂടുതല്‍ അപകടത്തിലായിരിക്കുകയാണ് എന്ന് ഐനവ് സങ്കൗക്കര്‍ എന്ന ഇസ്രായേലി പൗരന്‍ പറഞ്ഞു. ഇയാളുടെ 24 വയസുള്ള മകനെ ഹമാസ് ബന്ദിയാക്കിയിരിക്കുകയാണ്. 'അവരുടെ ജീവന്‍ രക്ഷിക്കുകയും എല്ലാവരേയും തിരികെ കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍ ഇത് യഥാര്‍ത്ഥത്തില്‍ അവസാനിച്ചു എന്ന് പറയാനാകില്ല,' സങ്കൗക്കര്‍ വ്യക്തമാക്കി.

ഗാസയില്‍ നിന്ന് ഇതുവരെ 117 ബന്ദികളാണ് ജീവനോടെ ഇസ്രായേലില്‍ തിരിച്ചെത്തിയത്. യുദ്ധത്തിന്റെ തുടക്കത്തില്‍ മോചിപ്പിച്ച നാല് പേര്‍ ഉള്‍പ്പെടെ 105 സ്ത്രീകളും കുട്ടികളും വിദേശികളും കഴിഞ്ഞ നവംബറില്‍ ഹമാസുമായുള്ള ഹ്രസ്വകാല ഒത്തുതീര്‍പ്പില്‍ തിരിച്ചെത്തിയിരുന്നു. എട്ട് പേരെ സൈന്യം രക്ഷപ്പെടുക്കുകയും ചെയ്തു. 37 പേരുടെ മൃതദേഹമാണ് കൊണ്ടുവന്നത്.
101 ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ അവശേഷിക്കുന്നുണ്ട്, അവരില്‍ പകുതിയോളം പേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേല്‍ അധികൃതരുടെ വിശ്വാസം. ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരിക എന്നത് പ്രധാനമാണ് എന്ന് ഇസ്രായേലി അമേരിക്കന്‍ ബന്ദികളായ ഒമറിന്റെ മാതാപിതാക്കളായ ഓര്‍ണയും റോണന്‍ ന്യൂട്രയും പറഞ്ഞു. ഇത് സംബന്ധിച്ച് ഉടന്‍ കരാറില്‍ എത്തണം എന്നും ഇരുവരും ആവശ്യപ്പെട്ടു.
'വേഗത്തില്‍ പ്രവര്‍ത്തിക്കാനും ബന്ദികളാക്കിയവരുമായി ഒരു കരാറിലെത്താന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്നുമാണ് ഞങ്ങള്‍ക്ക് ഇസ്രായേലി, യുഎസ് സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഒത്തുതീര്‍പ്പ് കരാറിന് വലിയ തടസമായി നിന്നിരുന്ന സിന്‍വാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല,' ഇരുവരും പറഞ്ഞു. അതേസമയം സിന്‍വാറിന്റെ കൊലപാതകത്തോടെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നു എന്ന് അമേരിക്ക പറഞ്ഞു.
തെക്കന്‍ ഇസ്രായേലില്‍ സിന്‍വാര്‍ ഒരു ആക്രമണം നടത്തിയപ്പോള്‍ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇതിനുള്ള മുഖ്യതടസം സിന്‍വാറായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം സിന്‍വാറായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേല്‍ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന ഒരു കരാറിലെത്താന്‍ ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് ചര്‍ച്ചയ്ക്ക് സിന്‍വാര്‍ വിസമ്മതിച്ചു എന്നും മില്ലര്‍ പറഞ്ഞു. എന്നാല്‍ സിന്‍വാറിന് പകരം വരുന്നവര്‍ വെടിനിര്‍ത്തലിന് സമ്മതിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications