സൗദിക്ക് നേരെ ശക്തമായ ആക്രമണം; അബഹയില്‍ 12 പേര്‍ക്ക് പരിക്ക്, യുഎസ് പിന്തുണ
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യമനിലെ ഹൂത്തി വിമതരുടെ ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റു. എല്ലാവരും വിദേശികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ക്ക് പരിക്കുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്ന് അല്‍ അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ സൈന്യം തകര്‍ത്തെങ്കിലും ഇതിന്റെ ഭാഗങ്ങള്‍ തട്ടിയാണ് 12 പേര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അല്‍പ്പ നേരം അബഹ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. പിന്നീട് വിമാന സര്‍വീസുകള്‍ പുരനാരംഭിച്ചു.

ആക്രമണം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് സഖ്യസേന വക്താവ് അറിയിച്ചു. അടുത്തിടെ വടക്കന്‍ യമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ജയില്‍ സൗദി സഖ്യസേന ആക്രമിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഹൂത്തികള്‍ യുഎഇയെ ആക്രമിച്ചു. ശേഷം യുഎഇക്ക് നേരെ ആക്രമണം നടന്നിരുന്നു. ഹൂത്തികള്‍ക്കെതിരായ നീക്കത്തില്‍ സൗദി അറേബ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ജോ ബൈഡന്‍ സൗദി രാജാവ് സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഹൂത്തികളുടെ ആക്രമണത്തില്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സൗദിക്കും യുഎഇക്കും നേരെ ഹൂത്തികള്‍ ആക്രമണം നടത്തുന്നത് ശക്തമായ വേളയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സല്‍മാന്‍ രാജാവുമായി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തത്. ഗള്‍ഫിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് സൗദിയും യുഎഇയും. രണ്ടു രാജ്യങ്ങളും ഭീഷണി നേരിടുമ്പോള്‍ അമേരിക്ക നോക്കി നില്‍ക്കില്ല എന്ന സന്ദേശമാണ് ജോ ബൈഡന്‍ നല്‍കിയത്.
യുഎഇയെ സഹായിക്കാന്‍ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും അയക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ തീരുമാനം. ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും.
യുഎഇക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ.












Click it and Unblock the Notifications