കണ്ണവത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി
കണ്ണുര്‍ :കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കുട്ടികള്‍ക്ക് നേരെ തെരുവുനായയുടെ ആക്രമണം. കണ്ണവംപൊലിസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപറമ്പില്‍ തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ത്ഥിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയ്യാറ്റിലെ കരിയില്‍ കരിപ്പായി ബാബുവിന്റെ മകന്‍ വൈഷ്ണവിനെ തെരുവുനായ ആക്രമിച്ചു. തോലമ്പ്ര യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റത്. രാവിലെ ട്യൂഷന്‍ ക്ളാസിനായി പോകുന്നതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണം. കാലിന് മുറിവേറ്റ വൈഷ്ണവിനെ തൊടീക്കളം പ്രാഥമികാരോഗ്യകേന്ദ്രത്തിലുംപിന്നീട് ഉച്ചയോടെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടിക്ക് അടിയന്തിര പ്രതിരോധകുത്തിവയ്പ്പു നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ട്യൂഷന് പോകാനായി സഹോദരനുമൊന്നിച്ച് കോയ്യാറ്റില്‍ എത്തിയപ്പോഴാണ് തെരുവ് നായ ആക്രമിച്ചത്.കോയ്യാറ്റില്‍, ഇടുമ്പ, തൊടീക്കളം പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടുമാസം മുന്‍പ് മുഴപ്പിലങ്ങാട് കെട്ടിടനകത്ത് ഓട്ടിസം ബാധിച്ച പതിനൊന്നുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. ഇതിനു ശേഷംനിരവധി കുട്ടികള്‍ക്കു നേരെയാണ്ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും കടിയേറ്റത്.
ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ തുടരുന്ന തെരുവ് നായ പ്രശ്നം സംബന്ധിച്ച സുപ്രീം കോടതി കേസിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മുന്നൂറിലേറെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആഗസ്റ്റ്16 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കോടതിക്ക് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.
കേസ് നടത്തിപ്പിനുള്ള ചെലവിന് അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിര്‍വ്വഹണ കലണ്ടര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വാര്‍ഷിക പദ്ധതി പ്രവൃത്തികള്‍ ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതികള്‍ സംബന്ധിച്ച് ഡിവിഷന്‍ തല മോണിറ്ററിംഗ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിലെ ആറ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്കായി 834 മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. കല്യാശ്ശേരി കെ പി ആര്‍ ജി എച്ച് എസ് എസ് (173) , പാലയാട് ജി എച്ച് എസ് എസ് (132), ചിറ്റാരിപറമ്പ് ജി എച്ച് എസ് എസ്(128), ചുഴലി ജി എച്ച് എസ് എസ് (90), പാല ജി എച്ച് എസ് എസ് (140) മാടായി ജി എച്ച് എസ് എസ് ഗേള്‍സ് (178) എന്നിവിടങ്ങളിലാണ് കപ്പുകള്‍ വിതരണം ചെയ്യുക
ജില്ലാ പഞ്ചായത്തിന് കീഴിലെ ഫാമുകളില്‍ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം എര്‍പ്പെടുത്താനും യോഗം അനുമതി നല്‍കി.ജില്ലാ പഞ്ചായത്തിന് കീഴിലെ 38 സ്‌കൂളുകളില്‍ പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാര്‍ ടോയിലറ്റ് സ്ഥാപിക്കുന്നതിന് പ്രൊജകറ്റ് മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സിക്കായുള്ള ടെണ്ടറില്‍ സില്‍ക്കിന്റെ ടെണ്ടര്‍ അംഗീകരിച്ചു.
കല്യാശ്ശേരി സിവില്‍ സര്‍വീസ് അക്കാദമിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ.കെ കെ രത്നകുമാരി, യുപി ശോഭ, അഡ്വ.ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications