ചക്കരക്കല്ലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു
ചക്കരക്കല്‍: ചക്കരക്കല്‍ മുതുകുറ്റി ആശാരിമൊട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിനായി നിര്‍മിച്ച കെട്ടിടത്തിനു നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ചക്കരക്കല്‍ പൊലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി
മന്ദിരവുമായി പ്രവര്‍ത്തിക്കുന്നതിന് നിര്‍മിച്ച കെട്ടിടത്തിനു നേരെയാണ് ബോംബെറ് നടന്നത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബെറിയുകയായിരുന്നു.

രണ്ടുബോംബുകള്‍ എറിഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ബോംബെറിന് പിന്നില്‍ സി.പി. എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അടുത്തകാലത്തായി ഇതിനു സമീപത്ത് രാജീവ് ഭവനു നേരെയും അക്രമമുണ്ടായിരുന്നു. ഇതിലെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പൊലിസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് അക്രമം വീണ്ടും ഉണ്ടാകാന്‍ കാരണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി എം.കെ മോഹനന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനു ശേഷം ചക്കരക്കല്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരെയുംഅക്രമം നടന്നിരുന്നു. ബോബേറില്‍ തകര്‍ന്ന ഓഫീസ് കെട്ടിടം ഡി.സി.സി പ്രസി. മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ എം.കെ മോഹനന്‍, എം.സുധാകരന്‍, വി.കെ പ്രജിത്ത്, വി.കെ ഷാജിത്ത്, എം.കെ സനൂപ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന അത്യുജ്ജ്വല സ്വീകരണങ്ങളും യ്വീകരണവഴികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരേയും ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ക്കെതിരേയും സിപിഎം നടത്തുന്ന അക്രമം തികഞ്ഞ അസഹിഷ്ണുതയാണ്.
ചെമ്പിലോട് മുതുകുറ്റി ആശാരിമെട്ടയില്‍ പുതുതായി നിര്‍മ്മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിനു നേരെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞു കെട്ടിടത്തിന് നാശനഷ്ടം വരുത്തി. ഇതേ പ്രദേശത്ത് രാജിവ് മന്ദിരത്തിനു നേരെ നടന്ന അക്രമത്തിലെ പ്രതികളെ പോലീസിനു പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോലീസ് കാവല്‍ നില്‍കുമ്പോഴാണ് മുതുകുറ്റിയിലെ രാജീവ് മന്ദിരത്തിനു നേരെ സിപിഎം ക്രിമിനലുകള്‍ ആക്രമണം നടത്തിയതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ചുകൊണ്ടു മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.കെ പി സി സി മെമ്പര്‍മാരായ കെ സി മുഹമ്മദ് ഫൈസല്‍, എന്‍ പി ശ്രീധരന്‍,ഡിസിസി ജനറല്‍ സെക്രട്ടറി എം കെ മോഹനന്‍,കെ കെ ജയരാജന്‍ ,എം സുധാകരന്‍,കെ ഒ സുരേന്ദ്രന്‍,വി കെ രവീന്ദ്രന്‍,വി കെ ഷാജിത്ത്, പ്രജിത്ത്, കെ പവിത്രന്‍,ഷൈമ,അനില്‍ ബാബു തുടങ്ങിയവരും ബോംബേറില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചു.












Click it and Unblock the Notifications