പിപി ദിവ്യയ്ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ശക്തം; കളക്ടറുടെ മൊഴി നിര്‍ണായകമാകും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ നിരവധിയെന്ന് പോലീസ്. പിപി ദിവ്യയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതിയാക്കി പോലീസ് മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
പിപി ദിവ്യക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുമെന്നാണ് പോലീസ് വാദം. ഇതിന് ചുവട്പിടിച്ചു കൊണ്ടാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചത്.

ദിവ്യയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. യാത്രയയപ്പ് നടക്കുന്നതിന് മുന്‍പ് ദിവ്യ തന്റെ ഫോണില്‍ നിന്നും കണ്ണൂര്‍ ജില്ലാ കലക്ടറെയും കണ്ണൂര്‍ വിഷന്‍ ബ്യുറോ ചീഫ് മനോജ് മയ്യിലിനെയും വിളിച്ചതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ വിഷന്‍ ചിത്രീകരിച്ച യാത്രയയപ്പ് സമ്മേളനത്തില്‍ താന്‍ എഡിഎമ്മിനെതിരെ നടത്തിയ അപകീര്‍ത്തികരമായ പ്രസംഗവും അഴിമതി ആരോപണവും അടങ്ങുന്ന ദൃശ്യങ്ങള്‍ ദിവ്യ തന്നെ മറ്റു പ്രമുഖ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ചു കൊടുത്തതായും തെളിഞ്ഞിട്ടുണ്ട്.
ചോദിച്ചു വാങ്ങിയാണ് നവീന്‍ ബാബുവിനെതിരെയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ എന്നിവരുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളും ദിവ്യയ് ക്കെതിരെയുള്ള തെളിവുകളായി മാറും. മാത്രമല്ല കണ്ണൂര്‍ വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ദിവ്യ തന്നെ മറ്റു വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ 29ന് കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. ഹരജി കോടതി തള്ളുകയാണെങ്കില്‍ അറസ്റ്റു നടക്കുകയോ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങുകയോ ചെയ്യാം. പത്തുവര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായതിനാല്‍ മൊഴി നല്‍കാന്‍ ദിവ്യയെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതമാകും. ഈ നിയമോപദേശം ലഭിച്ചതുകൊണ്ടാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാത്തതെന്നാണ് സൂചന.
ഏഴുവര്‍ഷം വരെ ലഭിക്കുന്ന കുറ്റമാണെങ്കില്‍ ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാം. എന്നാല്‍ അതിന് മുകളിലുള്ള കുറ്റമാണെങ്കില്‍ ജാമ്യമില്ലാത്ത കേസായി മാറി ഇന്ത്യന്‍ നീതിന്യായ സംഹിത പ്രകാരം അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യണം. അരിയില്‍ ഷുക്കൂര്‍ വധകേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് ശേഷം തലശേരി കോടതി കണ്ട ഏറ്റവും വലിയ വാദമാണ് കഴിഞ്ഞ ദിവസം കണ്ടത്. മൂന്ന് മണിക്കൂര്‍ പത്തുമിനുട്ടാണ് വാദപ്രതിവാദങ്ങള്‍ നീണ്ടുനിന്നത്.
പി.ജയരാജന് വേണ്ടി ഹാജരായ അഡ്വ. കെ വിശ്വന്‍ തന്നെയാണ് ദിവ്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ രാഷ്ട്രീയ നിയമനമായിട്ടു കൂടി പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ കെ അജികുമാര്‍ സിപിഎം നേതാവായ ദിവ്യയുടെ ജാമ്യഹര്‍ജി കോടതിയില്‍ എതിര്‍ത്തത് ശ്രദ്ധേയമായി. സിപിഎം അഭിഭാഷകനായ കെ.വിശ്വന്‍ രണ്ടു മണിക്കൂര്‍ പത്തുമിനുട്ട് പി.പി ദിവ്യ നിരപരാധിയാണെന്ന് വാദിച്ച് സമര്‍ത്ഥിച്ചപ്പോള്‍ പബ്‌ളിക്ക് പ്രൊസിക്യൂട്ടര്‍ കെ.അജി കുമാറും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി ഹാജരായ ജോണ്‍ എസ് റാല്‍ഫും ചേര്‍ന്ന് ഒന്നര മണിക്കൂറാണ് വാദിച്ചത്.












Click it and Unblock the Notifications