പാർട്ടി വിരുദ്ധ പ്രവർത്തനം; കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിടി സജിത്തിനെ പുറത്താക്കി
തലശേരി: കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ സിടി സജിത്തിനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പാർട്ടി സ്ഥാനത്ത് നിന്നും നീക്കം ചെയ്‌തതായി ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് വാർത്താ കുറിപ്പിൽ അറിയിച്ചു. തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ സജിത്ത് പ്രവർത്തിച്ചുവെന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ ആശുപത്രി പ്രസിഡന്റായ കെ.പി സാജു സഹകരണ നിയമ ചട്ട ലംഘനം നടത്തിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് രാജി വെച്ചിരുന്നു. ഈ വിഷയം ഉയർത്തി കൊണ്ടുവരികയും സഹകരണ റജിസ്ട്രാർക്ക് പരാതി നൽകുകയു ചെയ്‌തത് സജിത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണെന്നാണ് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് നടപടി. തലശേരിയിലെ സുധാകരൻ വിഭാഗം നേതാവായ സജിത്ത് മുൻ നഗരസഭ കൗൺസിലറും പ്രമുഖ അഭിഭാഷകനുമാണ്. തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രി ഭരണത്തിലെ അധികാര തർക്കമാണ് കോൺഗ്രസ് നേതാവിൻ്റെ സ്ഥാനചലനത്തിന് കാരണമായത്.

പാർട്ടി നിയന്ത്രണ സ്ഥാപനത്തിന്റെ ഭരണം പ്രതിസന്ധിയിലാക്കുന്നതിന് രാഷ്ട്രീയ എതിരാളികളുമായി അഡ്വ. സജിത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗം ഗുഡാലോചന നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് മറ്റൊരു നേതാവിനെ കൂടി ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. ഡിസിസി സെക്രട്ടറി സത്യൻ നരവൂരിനെയാണ് പുറത്താക്കിയത്. നേരത്തെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റായിരുന്ന മമ്പറം ദിവാകരനെയും കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി ആശുപത്രി ഭരണം ഔദ്യോഗിക പക്ഷം തെരഞ്ഞെടുപ്പിലൂടെ കരസ്ഥമാക്കിയിരുന്നു.
പാനൂരിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ നേരിട്ട് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നാണ് കെപി സാജുവിനെ ആശുപത്രി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും സഹകരണ വകുപ്പ് അയോഗ്യനാക്കിയത്. ഇതിനു പിന്നിൽ അഡ്വ. സി. ടി സജിത്ത് നൽകിയ പരാതിയാണെന്നായിരുന്നു എതിർവിഭാഗത്തിൻ്റെ ആരോപണം. ഇതോടെ തലശേരിയിലെ കോൺഗ്രസ് ഗ്രൂപ്പു പോരിൽ ആടിയുലയുകയാണ്, കൂടുതൽ പേർക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് ജില്ലാ നേതൃത്വം.












Click it and Unblock the Notifications