കേരളം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണായി മാറി: സി. കൃഷ്ണ കുമാർ
കണ്ണൂര്‍: മത ഭീകരതയ്ക്ക് കേരളം കീഴടങ്ങില്ലെന്ന സന്ദേശവുമായി ബിജെപി ലീഗല്‍ സെല്ലിന്റെ നേതൃത്വത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ അനുസ്മരിച്ചു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തില്‍ ഭീതി പരത്താനുളള ഇസ്ലാമിക മത തീവ്രവാദികളുടെ ആസൂത്രിത ശ്രമത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.
ആഗോളതലത്തില്‍ മതഭീകരവാദികളുടെ രീതിയാണ് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും. കേരളം എങ്ങോട്ടു പോകുന്നു എന്നതിന്റെ വ്യക്തമായ അടയാളമാണ് രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകം. സര്‍വ്വരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു രണ്‍ജിത്തിന്റേത്. രാജ്യത്ത് മത തീവ്രവാദികള്‍ നടത്തുന്ന എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആളും അര്‍ത്ഥവും നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പോലീസില്‍, രഹസ്യാന്വേഷണ വിഭാഗത്തില്‍ തുടങ്ങി സമസ്ത മേഖലകളിലും മതതീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നു.

ഇവര്‍ക്ക് വേണ്ട് ഒത്താശ ചെയ്യുകയാണ് സംസ്ഥാന ഭരണകൂടം. ഇന്റലിജന്റ്സ് സംവിധാനം മുഴുവനായും മതതീവ്രവാദികളുടെ കൈകളിലാണ്. തെരഞ്ഞെടുപ്പ് അജണ്ട പോലും ഇത്തരം ശക്തികള്‍ തീരുമാനിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കേരളത്തില്‍. ഇതിനെതിരെ ശബ്ദിക്കാന്‍ ബിജെപി ഇതര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭയമാണ്. വോട്ട് ബാങ്ക് ലക്ഷ്യംവെച്ചാണ് ഇടത്-വലത് മുന്നണികള്‍ ഭീകരവാദത്തിനെതിരെ ശബ്ദിക്കാന്‍ തയ്യാറാവാത്തത്. തീവ്രവാദ കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ പോലും പോലീസ് തയ്യാറാവുന്നില്ല.
പ്രതികള്‍ അന്യസംസ്ഥാനത്തേക്ക് രക്ഷപ്പെടുകയാണ്. റെയ്ഡ് നടത്താന്‍ പോലും പോലീസിനേയും കേന്ദ്ര ഏജന്‍സികളേയും അനുവദിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകുമ്പോഴും സംസ്ഥാന ഭരണകൂടം ഭയപ്പെടുകയാണ്. ഭീകരവാദികള്‍ സര്‍വ്വ സൈന്യാധിപന്റെ മരണത്തെ പോലും ആഘോഷമാക്കി മാറ്റി.തങ്ങളുടെ കൂട്ടത്തിലൊരാളുടെ മരണം ആഹ്ലാദിക്കാനുളളതാണെന്ന് പ്രഖ്യാപിക്കുന്നു. മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുളള മണ്ണായി മാറിയ കേരളത്തില്‍ നിന്നും ഇവരെ ഇല്ലായ്മ ചെയ്യാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുളള പ്രതിഞ്ജയെടുക്കുകയെന്നതാണ് രണ്‍ജിത് ശ്രീനിവാസിന്റെ ശ്രദ്ധാഞ്ജലി ദിനത്തില്‍ ചെയ്യാനുളളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഭീകരവാദികള്‍ ആര്‍എസ്എസിനും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നാളെ സമൂഹത്തിനാകെ ആപത്തായി മാറാനിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും ഭീകരവാദ സംഘടനകള്‍ എതിരാകും. സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കപ്പെടേണ്ടതാണ് മതതീവ്രവാദം. രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിക്കുന്ന ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്, അഡ്വ. വി. രത്‌നാകരന്‍, അഡ്വ. കെ.പി. സുരേഷ്, അഡ്വ. എം. വിനോദ്കുമാര്‍, അഡ്വ. ജിതിന്‍ രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. ശ്രദ്ധാരാഘവന്‍ സ്വാഗതവും അഡ്വ.വി.വി ഷൈമ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications