ത്രിശങ്കുവിലായി ബിജെപി നേതൃത്വം: തലശ്ശേരിയിൽ ആരെ പിന്തുണയ്ക്കും? തീരുമാനം ഇന്നുണ്ടായേക്കും
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റത്. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക തള്ളിതോടെ രണ്ട് മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളില്ലാത്ത സ്ഥിതിയായിട്ടുണ്ട്. ഈ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ബിജെപിക്കുള്ളിൽ ധാരണയായിട്ടില്ല. എന്നാൽ ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

പിന്തുണ ആർക്ക്
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് തലശ്ശേരി. എന്നാൽ നാമനിർദേശ പത്രിക സമർപ്പിച്ചതിലെ പിഴവ് മൂലം പത്രിക തള്ളിയത് പാർട്ടിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതോടെ തലശ്ശേരിയിൽ ആരെ പിന്തുണയ്ക്കണമെന്നത് ബിജെപിയെ സംബന്ധിച്ച് പ്രതിസന്ധിയായിത്തീർന്നിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന നേതൃത്വം പറയുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം സ്വീകരിക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യാൻ രഹസ്യമായോ പരസ്യമായോ ആഹ്വാനം ചെയ്യാൻ ബിജെപിക്ക് സാധിക്കില്ല. എന്നാൽ ആർക്കും വോട്ട് ചെയ്യരുതെന്ന നിർദേശം നൽകാനും സാധിക്കില്ല.

ഹൈക്കോടതി കയ്യൊഴിഞ്ഞു
ബിജെപിക്ക് ഇരുപതിനായിരത്തിലധികം വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ബിജെപിയ്ക്ക് വിജയപ്രതീക്ഷയുള്ള ഈ മണ്ഡലത്തിൽ അവസാന നിമിഷമാണ് തിരിച്ചടിയേറ്റത്. പത്രിക തള്ളിയ വിഷയത്തിൽ ബിജെപി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തലശ്ശേരി നഗരസഭയിൽ പാർട്ടിക്ക് ഏഴ് അംഗങ്ങളാണ് നിലവിലുള്ളത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പത്ത് വാർഡുകളിൽ ബിജെപി രണ്ടാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. ബിജെപി ഒഴികെ മൂന്ന് സ്ഥാനാർത്ഥികളാണ് ഇത്തവണ തലശ്ശേരിയിൽ മത്സരിക്കുന്നത്. ഇതിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾക്ക് പുറമേ വെൽഫെയർ പാർട്ടിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

സിഒടി നസീറിനോ?
വെൽഫെയർ പാർട്ടിയെയും പരസ്യമായി പിന്തുണയ്ക്കാൻ ബിജെപിക്ക് സാധിക്കില്ല. സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീറും ഇത്തവണ തലശ്ശേരിയിൽ നിന്ന് ജനവിധി തേടുന്നുണ്ട്. അക്രമ രാഷ്ട്രീയത്തിനെതിരെ ആര് പിന്തുണ നൽകിയാലും സ്വീകരിക്കുമെന്ന നിലപാടിലാണ് സിഒടി നസീർ. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ അപരന്മാരും മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. എന്നാൽ സിഒടി നസീറിന് വോട്ട് ചെയ്യുന്നതിൽ പാർട്ടി പ്രവർത്തകർ എതിർപ്പുമായെത്തിയാൽ നോട്ടയ്ക്ക് വോട്ട് ചെയ്യാൻ നിർദേശം നൽകാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങളാണ് ബിജെപി ആലോചിച്ച് വരുന്നത്.
Recommended Video

ഒപ്പ് ചതിച്ചു
തലശ്ശേരി മണ്ഡലത്തിൽ നിന്ന് എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയാണ് വരണാധികാരി തള്ളിയത്. ബിജെപി ജില്ലാ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന നേതാവ് കൂടിയാണ് ഹരിദാസ്. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ഫോമിൽ സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഇതോടെ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായിട്ടുണ്ട്. ബിജെപിക്ക് ഏറ്റവും അധികം വോട്ടുകളുള്ള മണ്ഡലമാണ് തലശ്ശേരി എന്നിരിക്കെ പത്രിക തള്ളിയത് പാർട്ടിയ്ക്ക് തിരിച്ചടിയാവും.












Click it and Unblock the Notifications