• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരിവെള്ളൂരിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടാക്രമിച്ച സംഭവം: എട്ട് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂര്‍: യുഡിഎഫ് സ്വതന്ത്ര വനിത സ്ഥാനാര്‍ഥിയുടെയും അവരുടെ ബൂത്ത് ഏജന്റിന്റെയും വീടിനുനേരെ അക്രമം നടത്തിയ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ആണൂരിലെ ഷീബ മുരളിയുടെയും ബൂത്ത് ഏജന്റ് കരിവെള്ളൂര്‍ നിടുവിപ്പുറത്തെ സിപി ഹൗസില്‍ ബിന്ദു പ്രശാന്തിന്റെയും പരാതിയിലാണ് കേസെടുത്ത്.

മുന്നണികൾക്ക് കേവല ഭൂരിപക്ഷമില്ല: കണ്ണൂരിലെ നാല് ഗ്രാമപഞ്ചായത്തുകളിലെ ഭരണം ത്രിശങ്കുവിൽ

ഷീബയുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ വീത്കുന്നിലെ ബൈജു, ആണൂരിലെ പ്രദീപന്‍, കരിവെള്ളൂര്‍ കുതിരുമ്മലിലെ സജിത്, കൊടക്കാട് വെള്ളച്ചാലിലെ സുബിന്‍ എന്നിവര്‍ക്കെതിരേയും ബിന്ദു പ്രശാന്തിന്റെ പരാതിയില്‍ പ്രദീപന്‍, സജിത്, സുബിന്‍, സുമേഷ് എന്നിവര്‍ക്കെതിരേയുമാണ് കേസെടുത്തത്. 16ന് രാത്രി 7.45 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. രണ്ടു ബൈക്കുകളിലും മൂന്നു സ്‌കൂട്ടറുകളിലുമായി എത്തിയ സംഘം ഗേറ്റ് തുറന്ന് വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

മാസ്‌ക് ധരിക്കാതിരുന്നതിനാലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും സംഘത്തില്‍ എട്ടുപേര്‍ കൂടിയുണ്ടായിരുന്നതായും പരാതിയിലുണ്ട്. ഭര്‍ത്താവ് വീട്ടിലില്ലായിരുന്നുവെന്നും അക്രമത്തില്‍ 20,000 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിലുണ്ട്. ബിന്ദു പ്രശാന്തിന്റെ വീട്ടിലെത്തിയ അക്രമികള്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കുകയും തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയില്‍ പറയുന്നു ഇതിനിടെ ഇരിട്ടിയിലെ

ഉളിക്കല്‍ അറബിയില്‍ യുഡിഎഫിന്റെ വിജയാഘോഷ പ്രകടനത്തിനിടെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടറിന്റെ ഭര്‍ത്താവ് അലക്‌സാണ്ടര്‍ സി ജോര്‍ജ്ജ് ചക്കാലക്കല്‍, ഷിന്റോ കൊച്ചുവീട്ടില്‍, റെഞ്ചി ചക്കാലക്കല്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഫിനോ വര്‍ഗ്ഗീസിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്ത് വരികയാണ്. സി.പി.എം ഏകപക്ഷീയമായാണ് യു.ഡി.എഫ് പ്രകടനത്തിനു നേരെ അക്രമം അഴിച്ചുവിട്ടതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് നേതാക്കളായ സോണി സെബാസ്റ്റ്യന്‍, സജീവ് ജോസഫ്, ചാക്കോ പാലക്കലോടി, പി.സി ഷാജി, ബേബി തോലാനി, എന്നിവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ തളിപ്പറമ്പ് പോലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ഒമ്പതോടെയാണ് സംഭവം. കീഴാറ്റൂരിലെ ട്രാന്‍സ്‌ഫോമറിന് സമീപം സുരേഷ് കീഴാറ്റൂരിനെ വഴിതടഞ്ഞു നിര്‍ത്തി അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു. ഇരുമ്പുദണ്ഡു കൊണ്ട് അടിയേറ്റ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍.ഡി.എഫിനെതിരേ സുരേഷിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. സി.പി. എം സ്ഥാനാര്‍ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. വത്സല 376 വോട്ട് നേടി.

തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ ഇവിടെ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു. പക്ഷെ കഴിഞ്ഞ തവണ 85 ശതമാനത്തിലേറെ വോട്ടും നേടി വിജയിച്ച സി.പി.എം വയല്‍ക്കിളികളെ എതിരാളിയായി പോലും കണ്ടിരുന്നില്ല. എങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി വത്സലയുടെ പ്രചാരണത്തിനായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചിരുന്നു.

English summary
Case against CPM activists on UDF candidate's house attacked after election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X