കോൾഡ്മില്ലിങിലൂടെ നിർമാണം പൂർത്തിയാക്കി ദേശീയ പാത: കണ്ണൂരിലെ പരീക്ഷണവും വിജയകരം
കണ്ണൂർ: യാത്രാ ക്ലേശത്തിന് പരിഹാരമായി കണ്ണൂർ - തലശേരി ദേശീയപാതയിൽ റോഡ് നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച കാലമായി കണ്ണൂർ - തലശേരി ദേശീയപാതയിൽ അത്യാധുനിക രീതിയിൽ റോഡ് പുനർനിർമ്മാണം നടന്നു വരികയായിരുന്നു. ഇതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ടതു കാരണം ഗതാഗതക്കുരുക്കു കാരണം കണ്ണൂർ നഗരത്തിലെത്തേണ്ട യാത്രക്കാർ ശരിക്കും വെള്ളം കുടിച്ചു. ബുധനാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ ഗതാഗത നിയന്ത്രണം പൂർണമായും നീക്കിയിരുന്നു. കോൾഡ്‌മില്ലിങ് പുനരുപയോഗ സാങ്കേതിക വിദ്യ ഉപയൊഗിച്ചുള്ള റോഡ് ടാറിങാണ് കണ്ണൂർ നഗരത്തിൽ നടന്നത്.
പ്രവാസികൾക്ക് 5000 രൂപയുടെ ധനസഹായം, 25 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന്
ചേമ്പർ ഓഫ് കോമേഴ്‌സുമുതൽ താഴെ ചൊവ്വ റെയിൽവേഗേറ്റുവരെയുള്ള ഭാഗം ഡിസംബർ 28ന് രാവിലെയാണ് ടാറിങ് തുടങ്ങിയത്. 12ന് തീർക്കുമെന്നായിരുന്നു ദേശീയപാത പൊതുമരാമത്ത് വിഭാഗം അറിയിച്ചതെങ്കിലും കനത്ത മഴ കാരണം ഒരു ദിവസം കൂടി വൈകി. ഗതാഗതക്രമീകരണം ഏർപ്പെടുത്തിയായിരുന്നു ടാറിങ്.
തലശേരി കൊടുവള്ളി ജങ്‌ഷൻമുതൽ നടാൽ റെയിൽവേഗേറ്റുവരെയുള്ള ഭാഗത്താണ് കോൾഡ്‌മില്ലിങ്ങിൽ ആദ്യം ടാർ ചെയ്‌തത്. ഡിസംബർ 18ന് ആരംഭിച്ച് 26ന് അവസാനിച്ചു. രണ്ടുഘട്ടമായി പത്തുകിലോമീറ്റർ പാതയാണ് ജർമൻ സാങ്കേതികവിദ്യയിൽ ടാർ ചെയ്‌തത്. യന്ത്ര സാമഗ്രികൾ വാടകക്കെടുത്ത് പേരാവൂരിലെ കെ കെ ബിൽഡേഴ്‌സാണ് പ്രവൃത്തി നിർവഹിച്ചത്.
കോൾഡ്‌മില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടാറിങ്ങിൽ നേട്ടങ്ങളേറെ. 85 ശതമാനം ജെല്ലി ലാഭിച്ചതായി ദേശീയപാത പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ടി പ്രശാന്ത് പറഞ്ഞു. നിലവിലെ റോഡിലെ ജെല്ലി പുനരുപയോഗിച്ചതിനാൽ 15 ശതമാനം മെറ്റലേ വേണ്ടിവന്നുള്ളൂ. സാമ്പത്തിക ലാഭത്തിനൊപ്പം പരിസ്ഥിതിക്കും നേട്ടമാണിത്. ബിറ്റുമിൻ (ടാർ) ഉപയോഗത്തിലും കുറവുണ്ടായി. സാധാരണ ആവശ്യമായതിന്റെ 25–-30 ശതമാനം ടാർ ലാഭിച്ചു. ടാറും മെറ്റലും ചൂടാക്കുമ്പോഴുള്ള ഇന്ധനച്ചെലവും കുറഞ്ഞു.
30 ശതമാനമെങ്കിലും സാമ്പത്തിക നേട്ടമുണ്ടായതായാണ് കണക്കാക്കുന്നത്. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പ്രവൃത്തി അതിവേഗം ഗുണമേന്മയോടെ നിർവഹിച്ചു.
ആലപ്പുഴയിലാണ് സംസ്ഥാനത്താദ്യമായി കോൾഡ്‌മില്ലിങ് സാങ്കേതികവിദ്യയിൽ ടാറിങ് നടത്തിയത്. ഇപ്പോൾ കണ്ണൂരിലും ഈ രീതി വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. എന്നാൽ പുത്തൻ ടാറിങ്ങോടെ റോഡിന്റെ ഉപരിതലം കൂടുതൽ ഉയർന്നിട്ടുണ്ട്. ഇതു കാരണം അരികുക.ളുടെ കട്ടിങ്ങിൽ ഇരുചക്രവാഹനങ്ങൾ വീഴുമോയെന്ന ആശങ്കയുണ്ട്.