അൻവറിന് വീണ്ടും തിരിച്ചടി: മാനനഷ്ട കേസിൽ ഡിസംബർ മൂന്നിന് ഹാജരാകണമെന്ന് കോടതി
കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിനൽകിയ മാനനഷ്ട കേസിൽ ഡിസംബർ മൂന്നിന് നിലമ്പൂർ എംഎൽഎ പിവി അൻവർ നേരിട്ട് ഹാജരാകണമെന്ന് കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി. ഉപതെരഞ്ഞെടുപ്പ് യോഗങ്ങളിൽ പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് കേസ് ഫയൽ ചെയ്തിരുന്നത്. പി ശശി തന്നെ നൽകിയ മറ്റൊരു മാനനഷ്‌ടകേസിൽ പി വി അൻവർ എംഎൽഎക്കെതിരെ തലശേരി കോടതിയും അദ്ദേഹത്തോട് ഡിസംബർ 20ന് ഹാജരാകാൻ തലശരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
അപകീർത്തികരവും അടിസ്ഥാന രഹിതവുമായ ആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ അഡ്വ കെ വിശ്വൻ മുഖേന പി ശശി ഫയൽ ചെയ്‌ത കേസിലാണ് നടപടി. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.

പാലക്കാട് ഒക്‌ടോബർ 17ന് നടത്തിയ പത്ര സമ്മേളനത്തിലും പി ശശിക്കെതിരെ ദുരാരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസ് നൽകിയത്. രാഷ്ട്രീയ വൈരാഗ്യം കാരണമാണ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാൽ അൻവർ മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെന്നും പി. ശശി ആരോപിച്ചിരുന്നു.
എന്നാൽ കണ്ണൂർ ജില്ല ഇന്ത്യയിലാണെന്നും കോടതിയിൽ ഹാജരാകുന്നത് പ്രശ്നമല്ലെന്നുമായിരുന്നു പി.വി അൻവറിൻ്റെ പ്രതികരണം. പി.ശശിയുമായുള്ള അഭിപ്രായ ഭിന്നതയും എഡിജിപി എംആർ അജിത്ത് കുമാറിനെ ആരോപണമുയർന്നതിൻ്റെ പശ്ചാത്തലത്തിൽ ഒഴിവാക്കാത്തതിൻ്റെ പ്രതിഷേധവുമായാണ് അൻവർ ഇടതുപക്ഷവുമായി അകലുന്നത്.












Click it and Unblock the Notifications