തിരഞ്ഞെടുപ്പിലെ പരാജയം: ഞെട്ടല്‍ മാറാതെ കണ്ണൂരിലെ സിപിഎം: മുറിവ് ആഴത്തിലുള്ളതെന്ന് വിലയിരുത്തല്‍!
കണ്ണൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം പാര്‍ട്ടിക്കേറ്റ തിരിച്ചടി പരിശോധിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി അവൈയ്‌ലബര്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു സ്ഥിതി ഗതികള്‍ വിലയിരുത്തി. കണ്ണൂരില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ പി കെ ശ്രീമതിക്കേറ്റ കനത്തപരാജയമാണ് അടിയന്തിര സെക്രട്ടറിയേറ്റു യോഗം ചേര്‍ന്നു പാര്‍ട്ടി ചര്‍ച്ച ചെയ്തത്.
സിഒടി നസീര്‍ വധശ്രമം: സിപിഎം പിടിച്ച പുലിവാല്, അറസ്റ്റ് പൊളിച്ചത് സിപിഎം നേതാക്കളുടെ വാദം!!
പാര്‍ട്ടികോട്ടകളായ മട്ടന്നൂര്‍, തളിപ്പറമ്പ്, ധര്‍മടം, അഴീക്കോട് എന്നിവടങ്ങളില്‍ വോട്ടു ചോര്‍ന്നതാണ് പരിശോധിക്കുന്നത്. ഇവിടങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തലുകളും അടിയന്തിരമായി ജില്ലാനേതൃത്വത്തെ അറിയിക്കാന്‍ അതാതിടങ്ങളിലെ ഏരിയാ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെറിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് വിശകലനത്തിലേക്ക് നീങ്ങും.

പാര്‍ട്ടി കോട്ടകള്‍ തകര്‍ന്നു!!
പാര്‍ട്ടി കോട്ടയെന്നു പുറംലോകമെങ്ങും പുകഴ്പ്പെറ്റ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കേറ്റ തിരിച്ചടി സിപിഎമ്മിനെ ചരിത്രത്തിലില്ലാത്തവിധം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നാലു റൗണ്ടിന് ശേഷം അവസാനം വരെ പാര്‍ട്ടി കോട്ടകളായ ധര്‍മടത്തും മട്ടന്നൂരിലും തളിപ്പറമ്പിലുമെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ മുന്നിട്ടുനിന്നതു സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ സംഘടനാ ശേഷിയുള്ള ജില്ലാ നേതൃത്വത്തെ ഇരുത്തിചിന്തിപ്പിക്കുന്നുണ്ട്. ശബരിമല വിവാദം ഉണ്ടായപ്പോള്‍ ആചാര സംരക്ഷണത്തിനു മുന്നിട്ടിറങ്ങിയതും ന്യൂനപക്ഷ വോട്ട് ഏകീകരണവുമാണു പാര്‍ട്ടിക്കു ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളില്‍ പോലും കെ സുധാകരന് അനുകൂലമാക്കിയതെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. ജില്ലയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും വടകരയില്‍ പി ജയരാജനായി പ്രവര്‍ത്തനത്തിനിറങ്ങിയതും തിരിച്ചടിയായി. ന്യൂനപക്ഷ ഏകീകരണമാണു സിപിഎം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും ശബരിമല വിഷയത്തിലെ സുധാകരന്റെ ഇടപെടലാണു സിപിഎം വോട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍.

വോട്ടില്‍ ആധിപത്യം
ധര്‍മടം മണ്ഡലത്തിലെ ആദ്യറൗണ്ട് ഫലം പുറത്തുവന്നപ്പോള്‍ കെ സുധാകരനായിരുന്നു മേല്‍ക്കൈ. പേരാവൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്കു ശക്തമായ വേരോട്ടമുള്ള പായം പഞ്ചായത്തിലെയും കണ്ണൂര്‍ കോര്‍പറേഷനിലെ ചോലോറ ഡിവിഷനിലെയും ആദ്യ റൗണ്ട് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫ് മുന്നിലെത്തിയിരുന്നു. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ച തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ 725 വോട്ട് അധികം നേടി യുഡിഎഫിനാണു ഭൂരിപക്ഷം. ജയിംസ് മാത്യു പ്രതിനിധീകരിക്കുന്ന തളിപ്പറമ്പില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40617 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫിന്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14219 വോട്ടിന്റെ മേല്‍ക്കൈയും.

ധര്‍മ്മടത്ത് സംഭവിച്ചത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് 36905 ഭൂരിപക്ഷം നല്‍കിയ ധര്‍മടത്ത് ലോക്‌സഭാ ഫലം വന്നപ്പോള്‍ 4099 വോട്ടായി ഭൂരിപക്ഷം ചുരുങ്ങി. ധര്‍മടത്തെ മൂന്നാംറൗണ്ട് വോട്ടെണ്ണിയപ്പോള്‍ 2452 വോട്ടിന്റെ ഭൂരിപക്ഷം നേടിയ കെ. സുധാകരന്‍ നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3067 വോട്ടായി ഭൂരിപക്ഷം ഉയര്‍ത്തിയിരുന്നു. അഞ്ചാംറൗണ്ടില്‍ എത്തിയപ്പോള്‍ 2018 വോട്ടായും ആറാം റൗണ്ടില്‍ 1325 വോട്ടായും സുധാകരന്റെ ഭൂരിപക്ഷം താഴ്ത്തി. ഏഴാം റൗണ്ടില്‍ പെരളശ്ശേരി പഞ്ചായത്തിലെ 85 മുതല്‍ 93 വരെയുള്ള ബൂത്തിലെ വോട്ട് എണ്ണിയപ്പോള്‍ സുധാകരനെതിരേ വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്ക്. എട്ടാം റൗണ്ടില്‍ 2913 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുധാകരന്‍ മേല്‍ക്കൈ തിരിച്ചുപിടിച്ചു. ഒന്‍പതാംറൗണ്ടില്‍ ഭൂരിപക്ഷം നിലനിര്‍ത്തിയ യുഡിഎഫ് 10, 11 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോഴും മുന്നിലെത്തിയെങ്കിലും 12ാം റൗണ്ടിലാണ് എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചത്.

മട്ടന്നൂരും കയ്യൊഴിഞ്ഞു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ പി ജയരാജന്‍ 43381 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മട്ടന്നൂരില്‍ ഇക്കുറി എല്‍ഡിഎഫ് ലീഡ് 7488 വോട്ടായി ലീഡ് ചുരുങ്ങിയിരുന്നു. 2014ല്‍ പി കെ ശ്രീമതിക്കു 20733 വോട്ടിന്റെ ഭൂരിപക്ഷമാണു മട്ടന്നൂര്‍ നല്‍കിയത്. ആദ്യറൗണ്ട് വോട്ടെണ്ണിയപ്പോള്‍ മട്ടന്നൂരില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. നാലാംറൗണ്ടില്‍ മട്ടന്നൂര്‍ നഗരസഭയിലെ 43 മുതല്‍ 56 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യു.ഡി.എഫ് 1224 വോട്ട് ഭൂരിപക്ഷം നേടി. അഞ്ച്, ആറ് റൗണ്ടുകളിലും ലീഡ് നിലനിര്‍ത്തിയ യുഡിഎഫില്‍ നിന്ന് ഏഴാം റൗണ്ടില്‍ എത്തിയപ്പോഴാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്.