കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മും കോണ്‍ഗ്രസും രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു: കൃഷ്ണദാസ്

ബിബിസി ഡോക്യുമെന്ററി പ്രദർശനം നടത്തുന്നതിനെതിരെ വലിയ വിമർശനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്

Google Oneindia Malayalam News
 bjp

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂർ മാരാർ ജി ഭവനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിത്. അന്താരാഷ്ട്രതലത്തില്‍ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവിയിലടക്കം എത്തി രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ ഭാരതത്തെ തകര്‍ക്കാനുളള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഡോക്യുമെന്ററി.

ഡോക്യുമെന്ററിയെ പിന്താങ്ങുന്ന കോണ്‍ഗ്രസും സിപിഎമ്മും സാമൃജ്യത്വ ശക്തികളുടെ ദാസന്മാരായി അധപതിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും സാമ്രാജ്യത്യ ശക്തികളോടുള്ള വിധേയത്വം അവസാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ഇത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുക വഴി രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് കേരള ഗവണ്‍മെന്റ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ വിരുദ്ധതയും മോദി വിരുദ്ധതയും മാത്രമാണ് ഇരുകക്ഷികളും ഡോക്യുമെന്ററിയെ അനുകൂലിക്കാന്‍ കാരണം. പരമോന്നത നീതി പീഠവും വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എല്ലാം തന്നെ സംഭവത്തില്‍ നരേന്ദ്ര മോദിയുടെയും മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുജറാത്ത് ഭരണകൂടത്തിന്റെയും പങ്ക് നിരാകരിച്ചതാണ്.

സുപ്രീം കോടതി വിധിയെ അവിശ്വസിക്കുകയും സാമൃാജ്യത്വ ശക്തികളുടെ പ്രചരണത്തെ ഏറ്റുപാടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും ബ്രിട്ടീഷുകാരുടേയും ബിബിസിയുടേയും ചാരന്മാരാണ്. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ വിളനിലമായി കേരളം മാറിക്കഴിഞ്ഞുവെന്നും പി.കെ. കുഷ്ണദാസ് പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ കെ. ആന്റണിയുടെ ദേശ സ്‌നേഹ നിലപാട് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി എന്നിവരും പങ്കെടുത്തു.


കണ്ണൂരിലെ റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പ്രേരിതവും വികസന വിരുദ്ധവുമായ നിലപാടാണെന്നെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധതയാണ് രണ്ട് കൂട്ടരുടേയും മുഖ്യ അജണ്ട.

റെയില്‍വേ മേഖലയില്‍ രാജ്യത്താകമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ രാജ്യം മുഴുവന്‍ ~ഓടിക്കാന്‍ നടപടികളെടുത്ത് വരുന്നു, റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങള്‍ക്ക് തുല്യമായി വികസിപ്പിക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു, അമൃത് ഭാരത് എന്ന പേരില്‍ വിവിധ സ്‌റ്റേഷനുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യത്താകമാനം റെയില്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള സാമ്പത്തിക സ്രോതസ്സാണ് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കിയതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കര്‍ ഭൂമി 25 കേടിയോളം രൂപയ്ക്കാണ് പാട്ടകരാര്‍. മാത്രമല്ല ഓരോ 3വര്‍ഷം കൂടുമ്പോഴും 15 ശതമാനം വര്‍ദ്ധന റെയില്‍വേയ്ക്ക് ലഭിക്കും.

കിഴക്ക് ഭാഗത്ത് 2.26 ഏക്കര്‍ ഭൂമി റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിച്ച് നല്‍കാനാണ് പാട്ടത്തിന് നല്‍കുന്നത്. നടപടി ക്രമങ്ങള്‍ പാലിച്ച് സുതാര്യമായാണ് റെയില്‍വേ ഭൂമി പാട്ടത്തിന് നല്‍കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വികസനത്തിനായി വലിയ പ്രപ്പോസല്‍ റെയില്‍വേയുടെ മുന്നിലുണ്ട്. സ്റ്റേഷന്റെ പടിഞ്ഞാറെ കവാടത്തിലെ ഭൂമിയാണ് പാട്ടത്തിന് നല്‍കുന്നത്. പുതുതായി 4,5 ഫ്‌ളാറ്റു ഫോമുകള്‍ക്കായി വികസനം നടക്കേണ്ടത് കിഴക്കെ കവാടത്തിലാണ്. ഇവിടെ ആവശ്യത്തിന് ഭൂമി നിലവിലുണ്ട്. തലശ്ശേരി, പയ്യന്നൂര്‍ ഭാഗങ്ങളില്‍ രണ്ട് മിനിഫ്‌ളാറ്റ് ഫോമുകള്‍ നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്. ബിപിസിഎല്ലിന്റെ ഡിപ്പോവാണ് കണ്ണൂര്‍ സ്റ്റേഷന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത്. ഡിപ്പോ മാറ്റുന്നതുമായി ബന്ധപ്പെട്ടടകം ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തു തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും കൃഷ്ണദാസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്റെ മുഖ്യ കവാടത്തില്‍ കിഴക്ക് ഭാഗത്ത് കണ്ണായ സ്ഥലത്ത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭൂമി വിട്ട് നല്‍കിയതാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം മുഴുവന്‍ മുടക്കിയത്. അശാസ്ത്രീയമായി വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി വിട്ട് നല്‍കി പാര്‍ക്കിംഗ് അവതാളത്തിലാക്കിയത്. പ്രസ്തുത ഭൂമിയിലെ കെട്ടിട വാടക പോലും കാലങ്ങളായ കിട്ടാത്ത സ്ഥിതിയായിരുന്നു. ഇത് നിലവില്‍ വാസൂലാക്കാനുളള നടപടിക്രമങ്ങള്‍ റെയില്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ്.

യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് നടത്തിയ ഇടപാട് സമയത്ത് സിപിഎം-കോണ്‍ഗ്രസ് നേതാക്കളും കെപിസിസി പ്രസിഡണ്ടും എവിടെയായിരുന്നുവെന്ന് കൃഷ്ണദാസ് ചോദിച്ചു. നമ്മളറിയാതെ ഒരു തുണ്ട് റെയില്‍വേ ഭൂമിയും ആര്‍ക്കും കൊടുക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന കണ്ണൂര്‍ എംപിക്ക് പുതിയ കരാര്‍ സംബന്ധിച്ച് അറിയാത്തതാണോ പ്രശ്‌നമെന്നും അന്നത്തെ കൈമാറ്റത്തിന് പിന്നില്‍ സുധാകരനടക്കം പങ്കുണ്ടെന്നല്ലെ ഇത് വ്യക്തമാക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു. പാലക്കാട് ഡിവിഷനില്‍ 15 റെയില്‍വെ സ്റ്റേഷനുകള്‍ അമൃത് ഭാരത് പദ്ധതിയില്‍ വികസിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി പ്രതിഫലം പോലും ഇല്ലാതെ കൈവശപ്പെടുത്തി ബഹുനില കെട്ടിടങ്ങള്‍ കെട്ടിപൊക്കി മാസാമാസം യാതൊരു ജാള്യതയുമില്ലാതെ വാടക വാങ്ങുന്ന സിപിഎമ്മിനും കോണ്‍ഗ്രസിനും സിപിഐയ്ക്കും മുസ്ലീംലീഗിനും സുതാര്യമായി നടന്ന റെയില്‍വേയുടെ ഭൂമിപാട്ടം സംബന്ധിച്ച് പ്രതിഷേധിക്കാന്‍ എന്ത് അവകാശമാണുളളതെന്ന് കൃഷ്ണദാസ് ചോദിച്ചു. കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും പലയിടങ്ങളിലായി ഇടത്-വലത് പാര്‍ട്ടിക്കാര്‍ എത്രയിടങ്ങളിലാണ് പാര്‍ട്ടി ഓഫീസുകളും സ്മാരകങ്ങളും കെട്ടിപൊക്കിയിട്ടുളളത്.

മുകള്‍നിലകളില്‍ ഓഫീസും സ്മാരകങ്ങളും താഴെ തകൃതിയായി കച്ചവടം നടക്കുന്ന ബെയ്ക്കറികളടക്കമുളള വ്യാപാര സ്ഥാപനങ്ങളും കാണാവുന്നതാണ്. സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടത്തിന്റെ പൊതുഖജനാവിലേക്ക് ലഭിക്കേണ്ട പണമാണ് യാതൊരു ഉളുപ്പുമില്ലാതെ പാര്‍ട്ടിക്കാര്‍ അടിച്ച് മാറ്റുന്നത്. റെയില്‍വേ ഭൂമി സുതാര്യമായി വികസനത്തിന് വേണ്ടി വിട്ടു നല്‍കിയത് വിവാദമാക്കുന്ന ഇക്കൂട്ടര്‍ ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ സമരവുമായി ഇറങ്ങി തിരിച്ചിരിക്കുന്നത് കേവലം ബിജെപി വിരുദ്ധതയും വികസന വിരുദ്ധതയും കൊണ്ടാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി എന്നിവരും പങ്കെടുത്തു.

English summary
CPM, Congress challenge country's sovereignty: Krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X