• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലെ ഉത്സവ പറമ്പുകളിൽ ജയരാജ സംഗീതം മുഴങ്ങുന്നു: അന്തം വിട്ട് സിപിഎം നേതൃത്യം

  • By Desk

തലശേരി: അണികളുടെ ആവേശമായ പി ജയരാജൻ പാർട്ടി ഗ്രാമങ്ങളിലെ ഉത്സവാഘോഷങ്ങളിൽ നിറഞ്ഞു. കണ്ണൂരിൻതാരകമല്ലേ എന്നു തുടങ്ങുന്ന ജയരാജനെ പുകഴ്ത്തിപ്പാടുന്ന സംഗീതമാണ് കണ്ണൂരിലെ തെയ്യ പറമ്പുകളിൽ വ്യാപകമായി ഉയരുന്നത്. ദിവസങ്ങൾ നീളുന്ന തെയ്യം കളിയാട്ട മഹോത്സവങ്ങളിൽ കാഴ്ചവരവിറ്റ ഭാഗമായാണ് ജയരാജനെ വാഴ്ത്തി പാടുന്ന ആൽബത്തിലെ വരികൾ ഉച്ചഭാഷിണിയിലൂടെ മുഴക്കി അണികൾ ആനന്ദലഹരിയിലാറാടുന്നത്.

വെളളക്കാരുടെ കാല് നക്കാൻ ടിപ്പു പോയിട്ടില്ല, മരിച്ച് മണ്ണടിഞ്ഞിട്ടും ''അവർക്ക്'' ഭയമാണ്, കുറിപ്പ്!

പാര്‍ട്ടി സംസ്ഥാനനേതൃത്വം വിലക്കിയ ജയരാജസ്തുതി ഗീതം പാര്‍ട്ടി ഗ്രാമത്തിലെ ക്ഷേത്രോത്സവങ്ങളിലെ കാഴ്ചവരവില്‍ ആഘോഷമാക്കുന്ന അണികളുടെ നടപടി നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്.

വ്യക്ത്യാരാധനയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യണമെന്ന അടിസ്ഥാന തത്വം പാലിക്കാന്‍ നിര്‍ദേശിച്ച് സിപിഎം നേതൃത്വം അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയ പി ജയരാജനെ പുകഴ്ത്തുന്ന കണ്ണൂരിന്‍ താരകമല്ലേ ജയരാജന്‍ ധീര സഖാവ്... എന്ന ഗാനത്തിന്റെ ഈണം ക്ഷേത്രോത്സവ ഘോഷയാത്ര കാഴ്ചവരവില്‍ ഉള്‍പ്പെടുത്തി അണികള്‍ നൃത്തച്ചുവടൊരുക്കിയത് സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.

പി ജയരാജന്റെ മകന്‍ അടക്കം പങ്കുവച്ച ദൃശ്യങ്ങള്‍ പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകള്‍ ഏറ്റെടത്തിരിക്കുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന വരും നാളുകളിലെ ഉത്സവ ചടങ്ങുകളിലേും കാഴ്ചവരവില്‍ ഇത് അവതരിപ്പിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂത്തുപറമ്പ് പഴയനിരത്ത് കൊണ്ടോട്ടുകാവിലെ കാഴ്ചവരിലാണ് വയലില്‍ ഫ്യൂഷനില്‍ ജയരാജ സ്തുതി അവതരിപ്പിച്ചത്. 'ജയരാജന് പിന്നിലണിയാന്‍ നവകേരളമൊറ്റ മനസ്സായ്' എന്നിങ്ങനെയുള്ള വരികളാണ് പാര്‍ട്ടി നേതൃത്വം വിയോജിപ്പ് രേഖപ്പെടുത്തിയ സംഗീത ആല്‍ബത്തിലുള്ളത്.

പാര്‍ട്ടിയുമായി ബന്ധപ്പെടുന്ന ഒരു മയ്യിലിലെഗ്രാമീണ കലാസമിതിയിലെ സഖാക്കളാണ് ഈ ആല്‍ബം തയ്യാറാക്കിയത്. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തികേന്ദ്രീകൃത വളര്‍ച്ചയ്ക്ക് ശ്രമിച്ചുവെന്ന ആരോപണത്തിനൊപ്പം ചില ബിംബങ്ങളെ ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്ന കടുത്ത പരാമര്‍ശം വ്യക്തിപൂജയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വം കഴിഞ്ഞ കണ്ണൂർ ജില്ലാ സമ്മേളന കാലത്ത് ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം രീതികളില്‍ നിന്ന് മാറി നില്‍ക്കാന്‍ തന്റെ ആരാധകരായ യുവഖാക്കളോട് പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

പി ജെ എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന സൈബര്‍ ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്നുപോലും പിജെ ആര്‍മി അടക്കമുള്ള ഗ്രൂപ്പുകളോട് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. നേതാക്കള്‍ക്കു മുന്‍പില്‍ അനഭിമതനായി തുടരുമ്പോഴും അണികള്‍ക്ക് ചെഞ്ചോര പൊന്‍കതിരായി പി. ജയരാജന്‍ വീര പുരുഷനാണെന്നതിന്റെ തെളിവാണ് ഉത്സവാഘോഷങ്ങള്‍ക്കിടയിലെ സ്തുതി ഗീതം വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ.

നേരത്തേ ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നു വിലയിരുത്തുകയും പാര്‍ട്ടി ശാസിക്കുകയും ചെയ്തതിനു പിന്നാലെയും പാര്‍ട്ടി വിലക്ക് മറികടന്നും അണികള്‍ ജയരാജന്റെ ചിത്രങ്ങളോടുകൂടിയ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. പി. ജയരാജന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയടിച്ച് എന്നും പൂര്‍ണ്ണ പിന്തുണയുമായി അണിനിരന്ന സൈബര്‍സഖാക്കള്‍ പാര്‍ട്ടി വിമര്‍ശനത്തില്‍ കടുത്ത അതൃപ്തി നേരത്തേയും പരസ്യമാക്കിയിരുന്നു. ക്ഷേത്രങ്ങളിലെ ആരാധാന ചടങ്ങുകളിലേക്കു പാര്‍ട്ടികളുടെ കടന്നുകയറ്റങ്ങള്‍ പല രീതിയില്‍ കണ്ണൂരില്‍ തുടര്‍ന്നുവരികയാണ്.

സിപിഎമ്മും ബിജെപിയും പാര്‍ട്ടി കലശങ്ങളുമായി ക്ഷേത്രോത്സവങ്ങളില്‍ പങ്കുകൊള്ളാറുണ്ട്. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം എത്തുമ്പോള്‍, ബി.ജെ.പി തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ് കലശമായി സമര്‍പ്പിക്കുന്നത്. ഈ കലശം നാടിന്റെ പല ഭാഗങ്ങളില്‍ നിന്നു ചെറിയ സംഘങ്ങള്‍ ആര്‍പ്പുവിളികളോടെ ക്ഷേത്രത്തിലെത്തിക്കുന്നതാണു കലശംവരവ് ചടങ്ങ്. സിപിഎമ്മും ബിജെപിയും ഇതു ശക്തി പ്രകടനത്തിന്റെ വേദിയാക്കിയിരിക്കുകയാണ് പല ക്ഷേത്രങ്ങളിലും.

പാര്‍ട്ടി വേദികളില്‍ മുന്‍കാലങ്ങളിലെ പോലെ പ്രാതിനിധ്യം ലഭിക്കാത്ത പി. ജയരാജന്‍ തന്റെ നിയന്ത്രണത്തിലുളള ഐആര്‍പിസി കാരുണ്യ കൂട്ടായ്മയുടെ ഭാഗമായി മുഴുവന്‍ സമയം സാന്ത്വന പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് നിലവില്‍. ഐആര്‍പിസിയുടെ തന്നെ നേതൃത്വത്തില്‍, ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യങ്ങളൊരുക്കുന്നതിലും ആര്‍എസ്എസിനെ അവരുടെ ശൈലിയില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന യോഗാപരിശീലനം പോലുള്ള പരിപാടികളിലും മാത്രമാണ് അടുത്ത കാലത്ത് പി. ജയരാജന്റെ കാര്യമായ സാന്നിധ്യം കണ്ടു വരുന്നത്. വടകരയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന പി ജയരാജൻ ഇപ്പോൾ വെറും സംസ്ഥാന സമിതി അംഗം മാത്രമാണ് ഇദ്ദേഹത്തെ സംസ്ഥാന നേതത്വത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും അണികൾക്കിടയിൽ ശക്തമാണ്.

English summary
CPM workers support to P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X