പ്രാദേശിക നേതാവിനെതിരെ കാപ്പചുമത്തി, പ്രതിഷേധ പ്രകടനവുമായി സിപിഎം പ്രവര്‍ത്തകർ തെരുവിലിറങ്ങി
പാനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കീഴിലുളള പൊലിസ് ഭരണകക്ഷിയെന്ന പരിഗണന നല്‍കാതെ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതില്‍ സി.പി. എമ്മിനുളളില്‍ പ്രതിഷേധം ശക്തമാകുന്നു. പാനൂരിലെ സി.പി. എം പ്രാദേശിക നേതാവിനെ കാപ്പചുമത്തി നാടുകടത്തിയതില്‍ പ്രതിഷേധിച്ച് സി.പി. എം പ്രവര്‍ത്തകര്‍ മീത്തലെചമ്പാട് പ്രതിഷേധ പ്രകടനംനടത്തി. ഇതോടെ പൊലിസിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് പ്രാദേശിക സി.പി. എം നേതൃത്വം.
പന്ന്യന്നൂര്‍ കെ.സി.കെ നഗര്‍മുന്‍ബ്രാഞ്ച് സെക്രട്ടറി കണിയാന്‍ങ്കണ്ടി ഹൗസില്‍ രാഗേഷിനെതിരെയാണ് പൊലിസ് കാപ്പചുമത്തി നാടുകടത്തിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മീത്തലെ ചമ്പാടില്‍ സി.പി. എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനംനടത്തിയത്. പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം അന്‍പതിലേറെ പേര്‍ പങ്കെടുത്തു. രാഗേഷിനെതിരെ കാപ്പചുമത്തിയതില്‍ സി.പി. എം പ്രാദേശിക നേതൃത്വത്തിനും അതൃപ്തിയുണ്ട്.

കാപ്പ ബോര്‍ഡില്‍ ഇതിനതിരെ അപ്പീല്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പന്ന്യന്നൂര്‍ സ്വദേശിയായ രാഗേഷിനെതിരെ പാനൂര്‍ പൊലിസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ദോഹോപദ്രവം, സ്‌ഫോടക വസ്തു കൈക്കാര്യം ചെയ്യല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍, ലഹള നടത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെയുളള കുറ്റങ്ങള്‍. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടുപ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജിയാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്താന്‍ ഉത്തരവിട്ടത്. 2023-കാലയളവില്‍ ഇതുവരെയായി 55 പേര്‍ക്കെതിരെയാണ് കാപ്പ ചുമത്താന്‍ ശുപാര്‍ശനല്‍കിയത്.
ഇതില്‍ 14- പേരെ ജില്ലയില്‍ പ്രവേശിക്കുന്നതുവിലക്കികൊണ്ടു പൊലിസ് കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. ബി.ജെ.പി, സി.പി. എംപ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂടുതല്‍ കാപ്പ ചുമത്തിയിട്ടുളളത്.സാമൂഹ്യവിരുദ്ധ തടയല്‍(2007) നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനു വേണ്ടി കണ്ണൂര്‍ ജില്ലാകലക്ടര്‍ക്കും റെയ്ഞ്ച് ഡി. ഐ.ജിക്കുമാണ് കണ്ണൂര്‍ സിറ്റിപൊലിസ് കമ്മിഷണര്‍ റിപ്പോര്‍ട്ടു നല്‍കുന്നത്.












Click it and Unblock the Notifications