ധനകോടി ചിട്ടി തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന്; നിക്ഷേപകര്‍ പെരുവഴിയില്‍
തലശേരി: കണ്ണൂര്‍ ജില്ലയില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ ധനകോടി ചിട്ടിത്തട്ടിപ്പ് കേസുകളുടെ തുടരന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം ഏറ്റെടുത്ത് നടത്തും. നിലവില്‍ ലഭിച്ച പരാതികളില്‍ കേസെടുത്ത ലോക്കല്‍ പൊലീസില്‍ നിന്നും ഫയലുകള്‍ താമസിയാതെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ലോക്കല്‍ പൊലീസില്‍ പൂര്‍ത്തിയായി വരികയാണ്.
ബത്തേരി ആസ്ഥാനമായി നാല് ജില്ലകളിലായുള്ള 22 ബ്രാഞ്ചുകളിലൂടെ സമാഹരിച്ച 25 കോടിയോളം തട്ടിയെടുത്ത് എംഡി ഉള്‍പ്പടെ എട്ടു ഡയറക്ടര്‍മാര്‍ മുങ്ങിയതോടെയാണ് വിഷയം ലോക്കല്‍ പൊലീസിലെത്തിയത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 500 ഓളം നിക്ഷേപകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. പരാതിയില്‍ പൊലീസ് കേസെടുത്തതോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സജി സെബാസ്റ്റ്യന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ബത്തേരി പൊലീസില്‍ കീഴടങ്ങി.

മുന്‍ എംഡിയും നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാന്‍ മറ്റത്തിലിനെ ബത്തേരി പൊലിസ് കര്‍ണാടകയിലെ കോലാറില്‍ നിന്നും പിടികൂടി. മൂവരും ഇപ്പോള്‍ ജയിലിലാണുള്ളത്. മുങ്ങിയ ഡയറക്ടര്‍മാരില്‍ അഞ്ച് പേരെ പറ്റി ഒരു വിവരവുമില്ല. ബത്തേരി, പനമരം, മൂന്നാനക്കുഴി ഭാഗത്തുള്ളവരാണ് ഡയറക്ടര്‍മാര്‍. 2007ലാണ് ഇവര്‍ ധനകോടി ചിറ്റ്സ് എന്ന ചിട്ടിക്കമ്പനി തുടങ്ങിയത്.
സ്ഥാപനം പച്ചപിടിച്ചു വളര്‍ന്നതോടെ 2018 ല്‍ ധനകോടി നിധി എന്ന പേരില്‍ സഹോദര സ്ഥാപനം തുടങ്ങി. കൊവിഡ് വ്യാപന കാലം വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പിന്നീടാണ് സാമ്പത്തിക ക്രമക്കേട് ഉണ്ടായത്. തലശ്ശേരി ടിസി മുക്കില്‍ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രാഞ്ച് അടച്ചിട്ട നിലയിലാണുള്ളത്. വാടിയില്‍ പീടിക, തിരുവങ്ങാട്, ധര്‍മ്മടം, പെരളശ്ശേരി, പെരളശ്ശേരി, പൊന്യം, എരഞ്ഞോളി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള 150 ഓളം പേരാണ് തലശ്ശേരിയിലെ പരാതിക്കാര്‍.
ഇവരില്‍ 55 പേരുടെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ അഭിഭാഷകന്‍ മുഖേന ഉപഭോക്തൃ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരില്‍ കൂടുതലും വിരമിച്ച ഉദ്യോഗസ്ഥരാണ്. മറ്റൊരു ധനകാര്യ സ്ഥാപനവും നല്‍കാത്ത ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവരില്‍ നിന്നും ധന കോടി സ്ഥാപനം സ്ഥിര നിക്ഷേപം സ്വരൂപിച്ചിരുന്നത്.
ഇത്തരക്കാരെ കൂടാതെ ഓട്ടോ ഡ്രൈവര്‍മാരും മറ്റ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരും ഉള്‍പെടെയുള്ള നിത്യ വരുമാനക്കാരും ചിട്ടിയില്‍ ചേര്‍ന്ന് പണം നഷ്ടപ്പെട്ടവരിലുണ്ട്. കേസും അറസ്റ്റും അന്വേഷണവും പുരോഗമിക്കുമെങ്കിലും നഷ്ടപ്പെട്ട പണമെന്ന് തിരിച്ചു കിട്ടുമെന്ന ആശങ്ക എല്ലാവരിലുമുണ്ട്. തട്ടിപ്പ് നടത്തി മുങ്ങിയ ഡയറക്ടര്‍മാരുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നീക്കവുമുണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇതുവരെ നടപടികള്‍ തുടങ്ങിയിട്ടില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.












Click it and Unblock the Notifications