ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തി കൂവക്കര മലയിലെ ക്വാറി, ആക്ഷന്‍ കമ്മിറ്റി സമരം ശക്തമാക്കി
ആലക്കോട്: പെരിങ്ങോം വയക്കര പഞ്ചായത്തിലെ തട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനുളള നീക്കം നടത്തുന്നതിനെതിരെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള പ്രദേശവാസികള്‍ സമരരംഗത്തേക്കെത്തിയത് കണ്ണൂര്‍ ജില്ലയുടെ മലയോരപ്രദേശങ്ങളെ ചൂടുപിടിക്കുന്നു. പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചാണ് സമര രംഗത്തിറങ്ങിയത്.
പെരിങ്ങോം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ഈപ്രദേശം. ക്വാറി തുടങ്ങുന്നതിനായി നിര്‍ദ്ദിഷ്ട കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റുവാനും നീക്കം നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ക്വാറിയോട് ചേര്‍ന്നാണ് 400 കെവി വൈദ്യുത ലൈനും ടവറും വരുന്നത്. ക്വാറിയ്ക്കായി ടവറിന്റെ നിര്‍മ്മാണം താമസിപ്പിക്കുകയാണെന്നും ആരോപണമുയര്‍ന്നു.

ക്വാറിയിലേയ്ക്ക് റോഡിന്റെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. 1948 ല്‍ വലിയ ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലുമുണ്ടായ സ്ഥലമാണിത്. അതിന്റെ തുടര്‍ച്ചയെന്നോണം എല്ലാവര്‍ഷവും ചെറിയ രീതിയില്‍ ഇവിടെ ഉരുള്‍പൊട്ടലുണ്ടാകുന്നുണ്ടെന്നും ഇവിടം പരിസ്ഥിതിലോല പ്രദേശമാണെന്നും നാട്ടുകാര്‍ പറയുന്നു. വയക്കര, പെരിങ്ങോം വില്ലേജുകളില്‍പ്പെട്ടതാണ് നിര്‍ദ്ദിഷ്ട ക്വാറി പ്രദേശം.
എല്ലോറ എന്നപേരില്‍ ക്വാറിയും ക്രഷറും നടത്തുന്നതിന് എക്സ്പ്ലോസീവ് മാഗസിന്‍ സ്ഥാപിക്കുന്നതിന് കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് മുന്‍പാകെ ക്വാറി പാര്‍ട്ട്നര്‍മാരിലൊരാള്‍ അപേക്ഷ സമര്‍പ്പിച്ചതായും വിവരാവകാശ നിയമ പ്രകാരം പ്രദേശവാസികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ക്വാറിയ്ക്കും ക്രഷറിനുമെതിരേ ജനകീയ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
400 കെവി ലൈനിന്റേയും ടവറിന്റേയും പണികള്‍ ഉടന്‍ ആരംഭിക്കണമെന്നും കരിങ്കല്‍ ക്വാറിയ്ക്ക് വേണ്ടി നിര്‍മ്മാണം താമസിപ്പിച്ചാല്‍ ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്നും ജനകീയ കമ്മിറ്റി അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശവാസികള്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ചെയര്‍മാന്‍ ടി.പി. ചന്ദ്രന്‍, കണ്‍വീനര്‍ വി.വി. കണ്ണന്‍, ട്രഷറര്‍ ടി. അഷ്റഫ്, കെ.പി. ഷിബിന്‍, വി.വി. രാമകൃഷ്ണന്‍, ജോസ് പൂച്ചാലില്‍, ജോസ് അമ്പിളികുന്നേല്‍, സ്മിത സതീഷ്, വി.വി. സതീഷ്, ഇസ്മായീല്‍ നെടുംതട്ട്, എ. ജിതിന്‍, സുരേഷ് മാണില്ലത്ത്, ബൈജു കുന്നുമ്പുറത്ത്, പി. രാഹുല്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications