ഇഡി ഇപ്പോള്‍ എവിടെ പോയി? കെ സുരേന്ദ്രൻ്റെ പണമിടപാട് ഇഡി അന്വേഷിക്കണം: ഇ പി ജയരാജൻ
കണ്ണുർ: ബത്തേരിയിൽ എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്ര സർക്കാർ ഏജൻസിയായ ഇ.ഡി അന്വേഷിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പിണറായി സർക്കാരിനെ വേട്ടയാടാൻ ഇവിടെ ഉണ്ടായിരുന്ന ഇഡി ഇപ്പോള്‍ എവിടെ പോയി. കൊടുത്ത പണത്തിന്റെ സ്രോതസും അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. അതേസമയം, കുഴല്‍പ്പണവും വോട്ടുവിറ്റ പണവുമാണ് ബിജെപി നേതാക്കളുടെ കയ്യിലുള്ളതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.. കണ്ണൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും കള്ളപ്പണമെത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ കെ.സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകിയത് തിരുവനന്തപുരത്തെ ഹൊറിസൺ ഹോട്ടലിൽ നിന്നാണെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് വീണ്ടും രംഗത്തെത്തി. കെ.സുരേന്ദ്രൻ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ ജാനുവിന് പത്ത് ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹൊറിസൺ ഹോട്ടലിൽ നിന്നാണെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോടിൻ്റെ വെളിപ്പെടുത്തൽ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത അഴീക്കോട് വീണ്ടും രംഗത്തെത്തിയതോടെ ബി.ജെ.പിയിൽ വീണ്ടും വിവാദങ്ങൾ തീ പിടിച്ചിരിക്കുകയാണ്. അഴീക്കോട്ടെ വീട്ടിൽ നിന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സി കെ ജാനു ബി ജെ പിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. സി കെ ജാനുവിന് പണം കൈമാറിയത് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വച്ചായിരുന്നുവെന്നും അവർ പറഞ്ഞു
സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് സുരേന്ദ്രൻ വിളിച്ചു. ജാനു പത്ത് കോടി ആവശ്യപ്പെട്ട ചർച്ച നടന്നത് കോട്ടയത്ത് വച്ചായിരുന്നുവെന്നും പ്രസീത വ്യക്തമാക്കി.ഇതിനോടൊപ്പം എസ് ടി കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടുവെന്നും പ്രസീത പറഞ്ഞു.നേരത്തെ പണമാവശ്യപ്പെട്ടുകൊണ്ട് പ്രസീത അഴീക്കോടും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി സംസാരിക്കുന്ന ശബ്ദ സന്ദേശവും പുറത്തായിരുന്നു
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ജനാധിപത്യ പാർട്ടിയിൽ നിന്നും നേരത്തെ സി.കെ. ജാനുവിനെ പുറത്താക്കിയിരുന്നു.എന്നാൽ രണ്ടു പേർ തനിക്കെതിരെ ഗുഢാലോചന നടത്തുകയാണെന്നും കെ.സുരേന്ദ്രനിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നുമാണ് സി.കെ ജാനുവിൻ്റെ വിശദീകരണം.സി.കെ ജാനുവിന് പണം കൈമാറിയിട്ടില്ലെന്ന് കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാൽ മുൻ ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ കെ.സുരേന്ദ്രനെതിരെ അതിരൂക്ഷമായ വിമർശനവുമായി രംഗത്തു വന്നിരുന്നു. സി.കെ ജാനുവിന് തെരഞ്ഞെടുപ്പ് വേളയിൽ സുരേന്ദ്രൻ പണം കൈമാറിയത് രാജ്യ ദ്രോഹമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.












Click it and Unblock the Notifications