കർഷകന്റെ ആത്മഹത്യ; കാട്ടാനശല്യത്തില്‍കുടിയിറങ്ങേണ്ടിവന്നതിനാലെന്ന് ബന്ധുക്കൾ
ഇരിട്ടി: അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ മലയോരകര്‍ഷകനായ സുബ്രഹ്മണ്യന് നാടിന്റെ യാത്രാമൊഴി. വ്യാഴാഴ്ച്ച വൈകുന്നേരം മുണ്ടയാംപറമ്പ് പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.
കഠിനാധ്വാനത്തിലൂടെ പൊന്നുവിളിയിച്ച ഭൂമിയും സ്വന്തമായി പണികഴിപ്പിച്ച വീടും ഉപേക്ഷിക്കേണ്ടിവന്ന കര്‍ഷകന്റെ നിസഹായതയാണ് സുബ്രഹ്മണ്യന്റെ ജീവിതം. രണ്ടര ഏക്കര്‍ ഭൂമിയുളളതിനാല്‍ ലൈഫ് പദ്ധതിയിലും പരിഗണിക്കപ്പെടാത്തതിന്റെ സങ്കടം സുബ്രഹ്മണ്യനുണ്ടായിരുന്നു. കാട്ടാനകള്‍ തമ്പടിക്കുന്ന ഭൂമിയാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ സുബ്രഹ്മണ്യന്‍ ഭൂവുടമയായിരുന്നു. കുടുംബത്തിന് കഞ്ഞികുടിച്ചു ജീവിക്കാന്‍ ബി.പി. എല്‍ കാര്‍ഡിന് അപേക്ഷിച്ചുവെങ്കിലും അതും സാങ്കേതികകാരണം പറഞ്ഞു നിരസിക്കപ്പെട്ടു. ഒടുവില്‍ ആകെയുണ്ടായിരുന്ന ആശ്വാസമായ വാര്‍ധക്യകാലപെന്‍ഷനും മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്.രോഗങ്ങളും സങ്കടങ്ങളുമില്ലാത്ത ലോകത്തേക്ക് പോകാന്‍ അയ്യന്‍കുന്ന് കച്ചേരിക്കടവ് മുടിക്കയത്തെ നടുവത്തെ വീട്ടില്‍ സുബ്രഹ്മണ്യനെ പ്രേരിപ്പിച്ചത് ഇതൊക്കെയാണെന്നു ബന്ധുക്കളും നാട്ടുകാരും ആത്മരോഷത്തോടെ പറഞ്ഞു.

1971-ല്‍ മുടിക്കയത്തെ പ്രമുഖ കര്‍ഷകനായ ഇല്ലിക്കുന്നേല്‍ തോമസിന്റെ സഹായിയാണ് സുബ്രഹ്മണ്യന്‍ ബത്തേരിയില്‍ നിന്നും മുടിക്കയത്ത് എത്തുന്നത്. കൃഷി പണിയില്‍ വിദഗ്ദ്ധനായ സുബ്രഹ്മണ്യന്‍ വളരെ പെട്ടെന്നു തന്നെ പ്രദേശവാസികള്‍ക്ക് പ്രീയങ്കരനായി. വിശ്വസ്തനായ ജോലിക്കാരന് തോമസ് തന്റെ പുരയിടത്തില്‍ നിന്നും ഇരുപതു സെന്റ് സ്ഥലം സൗജന്യമായി വാങ്ങി. ഇവിടെ വീടുവെച്ചു താമസം തുടങ്ങിയ സുബ്രഹ്മണ്യന്‍ തന്റെ സ്വന്തം അധ്വാനത്തിലൂടെ രണ്ട് ഏക്കര്‍ സ്ഥലം വേറെയും വാങ്ങി. കൃഷിപണിക്ക് പുറമെ തെങ്ങുകയറ്റവും സുബ്രഹ്മണ്യന് വശമുണ്ടായിരുന്നു. കുന്നിന്‍ പ്രദേശമായിരുന്നുവെങ്കിലും വളക്കൂറുളള മണ്ണില്‍ തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, വാഴ എന്നിവയെല്ലാം നട്ടുപിടിപ്പിച്ചു. ഇവയെല്ലാം നല്ല ആദായവും നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പെണ്‍മക്കളെയും വിവാഹം ചെയ്തു അയപ്പിച്ചു. സന്തോഷത്തോടെ ജീവിച്ചുവരുന്നതിനിടെയാണ് കാട്ടാനകള്‍ കൃഷിയിടത്തിലെ നിത്യസന്ദര്‍ശകരായി മാറിയത്. വീടിനു നേരെ കാട്ടാനയുടെ അക്രമണമുണ്ടായതോടെ ജീവിക്കുന്ന വീട്ടില്‍ നിന്നും സുബ്രഹ്മണ്യനും ഭാര്യ കനകമ്മയ്ക്കും കണ്ണീരോടെ കുടിയിറങ്ങേണ്ടി വന്നു.
കൈപിടിച്ച നാട്ടുകാരും തോമസിന്റെ കുടുംബവും പിന്‍തുണ നല്‍കിയെങ്കിലും വീടുണ്ടായിട്ടും വാടകവീട്ടില്‍ കഴിിയേണ്ട ദയനീയ സാഹചര്യമായിരുന്നു. ഇതിനിടെയില്‍ ബാധിച്ച കാന്‍സര്‍ രോഗം സുബ്രഹ്മണ്യന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. മുടിക്കയം ടൗണില്‍ നിന്നുംരണ്ടുകിലോമീറ്റര്‍ അകലെ മലമുകളില്‍ വീട് ഇപ്പോഴുമുണ്ടെങ്കിലും പകലും കാട്ടാനഭീഷണി നിലനില്‍ക്കുന്നതിനാല്‍ അങ്ങോട്ടുപോകാറില്ല. പ്രദേശവാസികളുടെ എല്ലാകാര്യങ്ങള്‍ക്കും ഓടിയെത്തിയിരുന്നസുബ്രഹ്മണ്യന്‍ നാട്ടുകാരുടെ പ്രീയപ്പെട്ട സുപ്രന്‍ ചേട്ടനായിരുന്നു. കാര്‍ഷികമേഖലയിലെ ജോലികളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നതിനാല്‍ മിക്കവരും സുബ്രഹ്മണ്യന്റെ സേവനം തേടിയിരുന്നു. കാന്‍സര്‍ ചികിത്സയിലും വീടുമാറിയ സന്ദര്‍ഭങ്ങളിലെല്ലാം നാട്ടുകാര്‍ പറ്റാവുന്നതു പോലെ സഹായിക്കുകയും ചെയ്തിരുന്നു.
സ്വന്തം വീടുംപുരയിടവും ഉപേക്ഷിച്ചു മലയിറങ്ങിയ ശേഷം ഭാര്യ കനകമ്മ തൊഴിലുറപ്പിനു പോയി ലഭിക്കുന്ന വേതനവും സുബ്രഹ്മണ്യന് ലഭിച്ചിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുമായിരുന്നു ഉപജീവനമാര്‍ഗം. ആരോഗ്യപ്രശ്‌നങ്ങളുളളതിനാല്‍ സുബ്രഹ്മണ്യന് ജോലി ചെയ്യാന്‍ പറ്റുന്നസാഹചര്യമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുളളതിനാലാണ് എ.പി. എല്‍ കാര്‍ഡ് ബി.പി. എല്ലാക്കാനും ലൈഫില്‍ വീടുലഭിക്കാനുമായി ഓടി നടന്നിരുന്നത്. മൂന്ന് മാസമായി സര്‍ക്കാര്‍ കൊടുത്തിരുന്ന ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതും ഇരുട്ടടിയായി.












Click it and Unblock the Notifications