അജ്മലിന്റെ അറസ്റ്റില്‍ നടുങ്ങി പാനൂര്‍:കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് നോട്ടീസ് നല്‍കി വിളിപ്പിക്കും
പാനൂര്‍: രാമനാട്ടുക്കര സ്വര്‍ണക്കടത്ത് കേസില്‍ പാനൂരില്‍ നിന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. തെക്കെപാനൂര്‍ സ്വദേശി അജ്മല്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ വിളിപ്പിക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.
രാമനാട്ടുക്കര സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ സഹായിച്ചതിനാണ് പാനൂര്‍ സ്വദേശി അജ്മല്‍ അറസ്റ്റിലായത്. ഇയാളുമായി ബന്ധമുളള പ്രവാസിയായ യുവാവിനെ കുറിച്ചും ഡിവൈഎഫ് ഐ ബ്ലോക്ക് നേതാവിനെ കുറിച്ചും വ്യക്തമായ വിവരം പൊലിസിനു ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. വരുന്ന ദിവസം അര്‍ജുനുമായി ബന്ധമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

ഇതിനിടെ താനും അര്‍ജുന്‍ ആയങ്കിയുമായി ഫെയ്‌സ് ബുക്ക് ബന്ധം മാത്രമാണെന്ന് ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്ത അജ്മലുമായുള്ള ബന്ധം തള്ളിപ്പറയാന്‍ ഷാഫി തയ്യാറായിട്ടില്ല. ഇരുവരും തമ്മില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഫോണ്‍ സന്ദേശങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ഒന്‍പതുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റംസ് അജ്മലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ ചോദ്യം ചെയ്തതതിനു ശേഷം ടി.പി ചന്ദ്രശേഖന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെയും സുഹൃത്ത് ആഷിഖിനെയും വിട്ടയച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.
കോഴിക്കോട് വിമാനത്താവളത്തില്‍ 2.33 കിലോഗ്രാം സ്വര്‍ണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ കാരിയര്‍ ഏജന്റിനു പരിചയപ്പെടുത്തിയത് അജ്മലാണെന്നാണ് കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അജ്മലെന്നും കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കണ്ടെത്തിയിരുന്നു. അജ്മലും അര്‍ജുന്‍ ആയങ്കിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് ഷഫീഖുമായും അര്‍ജുന് നേരത്തെ പരിചയമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷഫീഖിനെ അജ്മലിന് പരിചയപ്പെടുത്തിയത് അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.
ഷഫീഖിനെ ദുബായിലെ കാരിയര്‍ ഏജന്റിന് പരിചയപ്പെടുത്തിയതിന് അജ്മല്‍ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നാണ് വിവരം.വെറും 24 വയസുള്ള അജ്മല്‍ ഒരു വര്‍ഷത്തോളം ദുബായിലുണ്ടായിരുന്നു. മാതാവ് സക്കീനയുടെ പേരിലുള്ള മൂന്ന് സിം കാര്‍ഡുകളാണ് ഇടപാടുകള്‍ക്കായി അജ്മല്‍ ഉപയോഗിച്ചത്. മുഹമ്മദ് എന്ന വ്യാജ പേരിലാണ് ആശയവിനിമയങ്ങളില്‍ അജ്മലും ഷഫീഖും ഉപയോഗിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസം അര്‍ജുന്‍ ആയങ്കിയുടെ വിവാഹത്തിനായ അഴീക്കല്‍ കപ്പക്കടവിലെ വീട്ടില്‍ അജ്മല്‍ പങ്കെടുത്തിരുന്നു. വധൂവരന്‍മാരൊടൊപ്പം അജ്മല്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന മൂന്ന് സിംകാര്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അജ്മലിനെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത്. അര്‍ജുന്റെ മാതാവ് സക്കീനയുടെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് ഈ സിംകാര്‍ഡുകളെടുത്തതെന്ന് വ്യ്ക്തമായതോടെയാണ് കഴിഞ്ഞ ദിവസം ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇതിനു ശേഷമാണ് അജ്മലിനെ അറസ്റ്റു ചെയ്തത്. ഇതിനിടെ അര്‍ജുന്‍ ആയങ്കി അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണിയാണെന്ന് കസ്റ്റംസ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇവര്‍ കാരിയര്‍മാരെ കണ്ടെത്തുന്നതെന്നു സംശയിക്കുന്നതായും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications