വളപട്ടണത്ത് കാറില്‍ തട്ടിക്കൊണ്ടു പോയി വ്യാപാരിയായ യുവാവിനെ വധിക്കാന്‍ ശ്രമം
വളപട്ടണം: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിമുറുക്കുന്നു. കണ്ണൂര്‍ കോര്‍പറേഷനടുത്തെ വളപട്ടണത്ത് പട്ടാപ്പകല്‍ വ്യാപാരിയായ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാരകായുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് അക്രമം നടത്തിയത്.
കണ്ണൂര്‍ ഫ്രന്റ്സ് ഫാര്‍മ പാര്‍ട്ണര്‍ കെവി ജാബിറി (36) നെയാണ് ഇവര്‍ വ്യാഴാഴ്ച്ച പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയത്. ബിസിനസ്സ് കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കീരിയാട് വെച്ച് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം ബന്ദിയാക്കി വളപട്ടണം പാലത്തിനു സമീപം വെച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ജാബിറിന്റെ പരാതി.

പാമ്പുരുത്തിയിലെ ജുനൈദ് കൊവ്വപ്പാട്ടില്‍, സൈനു എന്നിവരുടെ നേതൃത്വത്തിലാണ് വധശ്രമമെന്നു ജാബിറിന്റെ പരാതിയില്‍ പറയുന്നു. മാരകായുധങ്ങളുമായാണ് ഇവര്‍ കാറില്‍ പിടിച്ചുകയറ്റി അക്രമിച്ചത്. ഇയാളുടെ തലയിലും കാലിലും കത്തിക്കൊണ്ടു കുത്തിപരുക്കേല്‍പ്പിച്ചിട്ടുണ്ട്. ജാബിറിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മറ്റൊരാള്‍ മുഖേനെ നല്‍കിയ ക്വട്ടേഷനാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണെന്ന പരാതി നഗരവാസികള്‍ക്കും വ്യാപാരികള്‍ക്കുമുണ്ട്. ജാബിറിന്റെ ഇരുകാലുകള്‍ക്കും മാരകമായ പരുക്കേറ്റിട്ടുണ്ട്. രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications