'കോവിഡിന്റെ ദുരിതം കാരണം ചെയ്ത്‌പോയതാണ് മാപ്പാക്കണം'; മോഷ്ടിച്ച മുതല്‍ തിരികെ കൊണ്ടുവച്ച് കള്ളന്‍
കണ്ണൂര്‍: മോഷ്ടിച്ചതിന് ശേഷം മോഷണമുതലുള്‍പ്പെടെ കൊണ്ടുവെക്കുന്ന കള്ളന്മാരെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിരവധിയാണ്. പൊലീസ് അന്വേഷിച്ച് അടുത്തെത്തിയെന്ന് തോന്നുമ്പോഴായിരിക്കും കള്ളന്‍ മോഷണ മുതല്‍ തിരിച്ച് വച്ച് ഒരു കത്തും വച്ച് പോകുക. എന്നാല്‍ ഇങ്ങനെ കൊണ്ടുവെക്കുന്നവരില്‍ പലരും മോഷണം നടത്തിയിട്ടുണ്ടാവുക ബൈക്കുകളും മറ്റുമായിരിക്കും.
അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ പരിയാരത്ത് നടന്നത്. എന്നാല്‍ ഇവിടെ ബൈക്കായിരുന്നില്ല മോഷ്ടിച്ചത് സമീപത്തെ വീടുകളില്‍ നിന്നും മോഷ്ടിച്ച മുതലുകളാണ് ഇവിടെ കള്ളന്‍ കൊണ്ടുവച്ചത്.പരിയാരം പഞ്ചായത്തിലെ വായാട് തിരുവട്ടൂര്‍ അഷ്‌റഫ് കൊട്ടോലയുടെ തറവാടു വീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 3 കവറുകള്‍ കണ്ടെത്തിയത്. തുറന്നുനോക്കിയപ്പോള്‍ പണവും ആഭരണവും ഒരു കത്തുമാണുണ്ടായിരുന്നത്.

1,91,500 രൂപയും നാലര പവന്റെ സ്വര്‍ണമാലയും 630 മില്ലിഗ്രാം സ്വര്‍ണത്തരികളുമാണ് കവറില്‍ നിന്നും കണ്ടെത്തിയത്. കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പുചോദിക്കുന്നുവെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നല്‍കാനുണ്ടെന്നുള്ള വിവരവും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വീട്ടുകാര്‍ ഇവ പരിയാരം പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു. പൊലീസ് ഇത് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.

കുറേ നാളുകളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവായിരുന്നു ഇയാള്‍. തുടര്‍ന്ന് ശല്യം സഹിക്കാന്‍ വയ്യാതെ അഷ്‌റഫ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കൊറോണ കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നു.ഞങ്ങള്‍ ഏഴുപേരും പ്രായാസത്തിലാണ്. ഞങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കണം ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു ഇങ്ങനെയാണ് തിരിച്ച് വച്ച മോഷണ മുതല്‍ കൊണ്ട്വെക്കുന്നതിനൊപ്പംമുണ്ടായ കത്തില്‍ എഴുതിയിരിക്കുന്നത്. കത്തില്‍ പേരുള്ളവര്‍ക്ക് ഇത് തിരിച്ച് നല്‍കണമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷമായി തിരുവട്ടൂര്‍, അരിപ്പാംമ്പ്ര അവുങ്ങംപൊയില്‍ എന്നീ പ്രദേസങ്ങളില്‍ കള്ളനെകൊണ്ട് പൊരുതിമുട്ടിയിരിക്കുകയായിരുന്നു ജനം. പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസിന് കള്ളനെ പിടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ മോഷണം നടന്ന വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്.
Recommended Video

വീട്ടുടമസ്ഥനായ അശ്രഫ് പത്ര ഏജന്റുകൂടിയാണ്. രാവിലെ പത്രം ഇട്ട് കഴിഞ്ഞ് വിട്ടിലെത്തിയപ്പോഴാണ് കവറും കത്തും കണ്ടത്. തുടര്‍ന്ന് പരിയാരം ഇന്‍സ്‌പെക്ടര്‍ കെവി ബാബുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൊണ്ടിമുതലും കത്തും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കുമെന്നും പരിയാരം പൊലീസ് പറഞ്ഞു. മോഷ്ടാവ് കൊണ്ടുവച്ച കത്ത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗണ്‍ നാളുകളില്‍ പ്രദേശത്ത് വ്യാപകമായി അടയ്ക്ക, റബര്‍ തുടങ്ങിയവയും സ്വര്‍ണാഭരണങ്ങളും മോഷണം പോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെയാണു പ്രതി മോഷണ മുതല്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications